11:03am 02 September 2026
NEWS

ബിജെപി ‘ജെൻസീ സംഗമം’ നടത്താനിരുന്നത് ശ്രീകൃഷ്ണജയന്തി ദിനത്തിൽ; ആർഎസ്എസ് അതൃപ്തിയെ തുടർന്ന് പരിപാടി മാറ്റി

02/09/2026  06:56 AM IST
nila
 ബിജെപി ‘ജെൻസീ സംഗമം’ നടത്താനിരുന്നത് ശ്രീകൃഷ്ണജയന്തി ദിനത്തിൽ; ആർഎസ്എസ് അതൃപ്തിയെ തുടർന്ന് പരിപാടി മാറ്റി

ശ്രീകൃഷ്ണജയന്തി ദിനത്തിൽ നടത്താനിരുന്ന ബിജെപിയുടെ പ്രത്യേക യുവജന ഔട്ട്റീച്ച് പരിപാടി റദ്ദാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുക്കേണ്ടിയിരുന്ന ‘ജെൻസീ സംഗമ’മാണ് സംഘപരിവാർ നേതൃത്വത്തിന്റെ അതൃപ്തിയെ തുടർന്ന് ഒഴിവാക്കിയത്. ഇതോടെ നിതിൻ നബീന്റെ കേരള സന്ദർശനവും റദ്ദാക്കിയതായി റിപ്പോർട്ട്. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ പരിപാടികളും ശോഭായാത്രകളും നടക്കുന്നതിനിടെയാണ് ബിജെപി പരിപാടി തീരുമാനിച്ചത്. ഇതാണ് ആർഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചതെന്നാണ് വിവരം. പരിപാടിയുടെ സമയക്രമം സംബന്ധിച്ച് ആർഎസ്എസ് നേതൃത്വം ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 30ന് നടത്താനിരുന്ന ആലോചനാ യോഗവും മാറ്റിവച്ചു. പരിപാടിക്കായി നേരത്തെ തന്നെ ബിജെപി വിവിധ ഉപസമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ആദ്യം ഓഗസ്റ്റ് 28, 29 തീയതികളിലായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. പിന്നീട് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ നാലിന് കണ്ണൂരിലായിരുന്നു പ്രധാന പരിപാടി. യുവജന സംഗമത്തിനും ബലിദാനികളുടെ കുടുംബസംഗമത്തിനും നിതിൻ നബീൻ പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്.

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രത്യേകം ക്ഷണിച്ചായിരുന്നു പരിപാടി. യുവാക്കളുടെ പ്രതീക്ഷകളും ആശങ്കകളും നേരിട്ട് മനസ്സിലാക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. രാജ്യവ്യാപകമായി ബിജെപി ദേശീയ നേതൃത്വം ആസൂത്രണം ചെയ്ത പരിപാടിയുടെ ഭാഗമായാണ് കണ്ണൂരിലെ സംഗമവും സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ അഞ്ചിന് ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും നിതിൻ നബീൻ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.

അതേസമയം, ശ്രീകൃഷ്ണജയന്തി പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്ന അതൃപ്തി പരിഹരിക്കാൻ ബിജെപി നേതൃത്വം നേരത്തെ നീക്കം നടത്തിയതായും റിപ്പോർട്ടുണ്ട്. സെപ്റ്റംബർ നാലിന് രാവിലെ ജെൻസീ സംഗമം നടത്തിയ ശേഷം ഉച്ചയ്ക്കുശേഷം നിതിൻ നബീനെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ പങ്കെടുപ്പിച്ച് പ്രതിഷേധം ഒഴിവാക്കാനായിരുന്നു ആലോചന. എന്നാൽ ഇതിനിടെയാണ് നിതിൻ നബീന്റെ കേരള സന്ദർശനം തന്നെ റദ്ദാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img