11:45pm 23 October 2026
NEWS
യഡിയൂരപ്പയെ മുന്നിൽ നിർത്തി കർണാടകത്തിൽ ബിജെപി വീണ്ടും ഉയർത്തെഴുന്നേൽക്കുന്നു.
21/02/2026  10:56 AM IST
വിഷ്ണുമംഗലം കുമാർ
യഡിയൂരപ്പയെ മുന്നിൽ നിർത്തി കർണാടകത്തിൽ ബിജെപി വീണ്ടും ഉയർത്തെഴുന്നേൽക്കുന്നു

കർണാടകം ഭരിക്കുന്ന കോൺഗ്രസ്സിൽ അധികാര തർക്കം ശക്തിപ്പെട്ടതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി സട കുടഞ്ഞെഴുന്നേൽക്കുകയാണ്. കുറേക്കാലമായി ആ പാർട്ടി തളർന്നു കിടക്കുകയായിരുന്നു. ബിജെപിയെ ശക്തിപ്പെടുത്തി  ദക്ഷിണേന്ത്യയിൽ ആദ്യമായി കർണാടകത്തിൽ താമര വിരിയിച്ച ബി എസ്‌ യഡിയൂരപ്പയെ മുന്നിൽ നിർത്തിയാണ് ബിജെപി ദേശീയ നേതൃത്വം പുതിയ അടവുനയം മെനയുന്നത്. പൊതുരംഗത്ത് യഡിയൂരപ്പ അരനൂറ്റാണ്ട് പൂർത്തിയാക്കുന്നത് ആഘോഷമാക്കാൻ ദേശീയ നേതാക്കൾ ബംഗളുരുവിലെത്തിയിരുന്നു. അദ്ദേഹത്തെ സമുചിതമായി ആദരിക്കുകയും ചെയ്തു. കർണാടകത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മോഹൻ ദാസ് അഗർവാൾ, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പ്രഹ്ലാദ് ജോഷി, വി. സോമണ്ണ എന്നിവർ എത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക് തുടങ്ങിയവരും അവരോടൊപ്പം ചേർന്നപ്പോൾ ഭരണം തിരിച്ചുപിടിക്കാൻ ബിജെപി കച്ച മുറുക്കുന്നു എന്ന സന്ദേശമാണ് പ്രചരിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുവർഷമുണ്ട്. ഈ നേതൃത്വം തന്നെയാണ് പാർട്ടിയെ നയിക്കുക എന്ന സൂചനയാണ് രാംമോഹൻദാസ് അഗർവാൾ നൽകിയത്. ബിജെപിയ്ക്ക് തനിച്ച് അധികാരം പിടിക്കാനാ കുമെന്ന് യഡിയൂരപ്പ പ്രഖ്യാപിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്നാം കക്ഷിയായ ജെഡിഎസ്‌ ബിജെപിയുടെ കൂടെയാണ്. ജെഡിഎസ്സിനെ എൻഡിഎയുടെ ഭാഗമാക്കാൻ മുൻകൈ യെടുത്തത് യഡിയൂരപ്പയാണ്. ജെഡിഎസ്‌ നേതാവ് കുമാരസ്വാമി കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാ ട്ടാൻ പ്രധാനമന്ത്രിയും അമിത് ഷായും ആലോചിക്കുന്നതായി വാർത്തയുണ്ടായിരുന്നു. മകന്റെ അവസരം ഇല്ലാതാക്കുന്ന ആ നീക്കം യഡിയൂരപ്പയ്‌ക്ക് രസിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാനാവുക. യഡിയൂരപ്പയെ കാലാവധി പൂർത്തിയാകും മുമ്പ് 2021 ൽ മാറ്റിയതാണ് 2023 ലെ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയാൻ ഇടയാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുവർഷമുണ്ട്. അപ്പോഴേക്കും യഡിയൂരപ്പയ്‌ക്ക് വയസ് 84 കഴിയും. പാർലിമെന്ററി ബോർഡ് അംഗമായ അദ്ദേഹം തന്നെ 2028 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കട്ടെ എന്നാണത്രെ ദേശീയ നേതൃത്വം അന്തിമമായി തീരുമാനിച്ചിട്ടുള്ളത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img