
കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ശ്രദ്ധേയമായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കി ബിജെപി. എൻഡിഎ സ്ഥാനാർത്ഥിയായി സെലിബ്രിറ്റിയെ രംഗത്തിറക്കാനുള്ള സാധ്യതയാണ് പാർട്ടി പരിശോധിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോന്റെ പേരാണ് പരിഗണനയിൽ ഉള്ളതെന്നാണ് സൂചന. എന്നാൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ശ്വേത മേനോൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുൻപ് ഈ മണ്ഡലത്തിലേക്ക് ഗായകൻ മധു ബാലകൃഷ്ണനെയും ബിജെപി പരിഗണിച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ നിലവിൽ സംഗീതജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം എടുത്തതെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്നും മധു ബാലകൃഷ്ണൻ വ്യക്തമാക്കിയെന്നാണ് വിവരം.
അതേസമയം, മധു ബാലകൃഷ്ണന്റെ ഭാര്യയുടെ സഹോദരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് നേരത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആരാകും എൻഡിഎയുടെ മുഖം എന്ന കാര്യത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്.











