
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ വിവിധ പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ച സംഭവത്തിൽ ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്കെതിരെ തിരുവനന്തപുരം കോർപറേഷൻ കർശന നടപടി സ്വീകരിച്ചു. അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കണമെന്ന നിർദേശം അവഗണിച്ചതിനെ തുടർന്നാണ് 20 ലക്ഷം രൂപ പിഴ ചുമത്തി സിറ്റി ജില്ലാ പ്രസിഡന്റിന് നോട്ടിസ് നൽകിയത്.
ബുധനാഴ്ചയും വ്യാഴാഴ്ചയും നഗരത്തിൽ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങളോടു കൂടിയ ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. നടപ്പാതകൾ തടസപ്പെടുന്ന രീതിയിലും റോഡ് ഡിവൈഡറുകളിലും ബോർഡുകൾ സ്ഥാപിച്ചതിനെതിരെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, രണ്ട് മണിക്കൂറിനുള്ളിൽ ബോർഡുകൾ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് കോർപറേഷൻ ഔദ്യോഗികമായി കത്ത് നൽകി.
എന്നാൽ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ചില ബോർഡുകൾ മാത്രം നീക്കിയതൊഴിച്ചാൽ അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങൾ മാറ്റുന്നതിൽ പാർട്ടി ഭാഗത്ത് നിന്നുള്ള ഇടപെടൽ പരിമിതമായിരുന്നു. തുടർന്ന് വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെ ഉള്ള പ്രധാന റോഡുകളിലെ ബോർഡുകളും ബാനറുകളും കോർപറേഷൻ അധികൃതർ എണ്ണിത്തിട്ടപ്പെടുത്തി. ഈ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് കോർപറേഷൻ സെക്രട്ടറി പിഴ നോട്ടിസ് പുറപ്പെടുവിച്ചത്.
നോട്ടിസിന് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കാത്ത പക്ഷം രണ്ടാമത്തെ നോട്ടിസ് നൽകും. തുടർന്ന് രണ്ട് ഘട്ടങ്ങളിലായി ഹിയറിങ് നടത്തുകയും, അതിലും പങ്കെടുത്തില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് നീങ്ങുമെന്നും റവന്യു വിഭാഗം വ്യക്തമാക്കി.










