06:24pm 14 October 2026
NEWS
എറണാകുളം മാർക്കറ്റ് റോഡിലെ കാടവുമ്പാഗം ജൂതപ്പള്ളിനേരെയുള്ള ആക്രമണശ്രമം കേരള സർക്കാറിൻ്റെ പരാജയം ബി.ജെ.പി
13/10/2026  09:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം മാർക്കറ്റ് റോഡിലെ കാടവുമ്പാഗം ജൂതപ്പള്ളിനേരെയുള്ള ആക്രമണശ്രമം കേരള സർക്കാറിൻ്റെ പരാജയം ബി.ജെ.പി
HIGHLIGHTS

എറണാകുളം മാർക്കറ്റ് റോഡ് കടവുമ്പാഗം ജൂത പള്ളിയുടെ തീയിടാൻ ശ്രമിച്ച വാർത്തയെ തുടർന്ന് സിനഗോഗി ലെത്തിയ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ ,  സംസ്ഥാന സമിതി അംഗം സി.ജി രാജഗോപാൽ , സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ. കെ.എസ് ഷൈജു എന്നിവരോട് ജൂതപ്പള്ളി ട്രസ്റ്റി ഏലിയാസ് ജോസഫായ് കാര്യങ്ങൾ വിശദീകരിക്കുന്നു.

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ ചരിത്രപ്രസിദ്ധമായ കാടവുമ്പാഗംജൂതപ്പള്ളിക്കു നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണശ്രമം കേരളത്തിലെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ ആരോപിച്ചു. ഏകദേശം 1200 വർഷം പഴക്കമുള്ള ഈ ചരിത്രസ്മാരകത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കേരള സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ന് രാവിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ, സംസ്ഥാന സമിതിയംഗം സി. ജി. രാജഗോപാൽ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ഷൈജു എന്നിവരടങ്ങിയ സംഘം ജൂതപ്പള്ളി സന്ദർശിച്ചു. മാനേജിംഗ് ട്രസ്റ്റി എലിയാസ് ജോസഫുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും സംഭവത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കുകയും ചെയ്തു.ജൂതപ്പള്ളി ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്രസർക്കാർ ഏകദേശം പതിനഞ്ച് തവണ മുന്നറിയിപ്പ് നൽകിയിട്ടും കേരള സർക്കാർ ആവശ്യമായ ഗൗരവം കാണിച്ചില്ലെന്നാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൊച്ചിയുടെ വാണിജ്യ-വ്യവസായ വളർച്ചയിൽ ജൂതസമൂഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കൊച്ചിയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുനിൽക്കുന്ന ജൂതസമൂഹത്തിന്റെ ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളും സാംസ്കാരിക പൈതൃകകേന്ദ്രങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കൊച്ചിയുടെ വ്യാപാരചരിത്രവുമായി ബന്ധപ്പെട്ട കോടാർ ബിൽഡിങ്ങിലുണ്ടായ തീപിടിത്തവും പൈതൃകകേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന രാഷ്ട്രീയ കക്ഷികൾ അവരുടെ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണശ്രമങ്ങളുണ്ടാകുമ്പോൾ ശക്തമായി പ്രതികരിക്കണം. ജൂതസമൂഹത്തിന്റെ സുരക്ഷയും അവകാശങ്ങളും രാഷ്ട്രീയ പരിഗണനകൾക്കതീതമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള സംഘടനകളുടെയും രാഷ്ട്രീയ സ്വാധീനത്തിന് കേരള സർക്കാർ വഴങ്ങുകയാണെന്ന വിമർശനവും ഡോ. രാധാകൃഷ്ണൻ ഉന്നയിച്ചു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ രാഷ്ട്രീയ സമ്മർദങ്ങളുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ സുപ്രീം കോടതിയെയും രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന പ്രതിപക്ഷത്തിന്റെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ ജനാധിപത്യത്തിന് ഗുണകരമല്ലെന്നും പ്രതിപക്ഷ കക്ഷികൾ രാജ്യത്തിന്റെ ശാപമായും ജനവഞ്ചകരായും മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു.ജൂതസമൂഹത്തിന്റെ ചരിത്രപരമായ സാന്നിധ്യവും അവരുടെ ആരാധനാലയങ്ങളും സാംസ്കാരിക അടയാളങ്ങളും ലോകത്തുനിന്ന് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മട്ടാഞ്ചേരിയിലെയും ഫോർട്ട് കൊച്ചിയിലെയും ജൂതസമൂഹത്തിന്റെ ചരിത്രസ്മാരകങ്ങളും പൈതൃകകേന്ദ്രങ്ങളും കൊച്ചിയുടെ ചരിത്രത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. അവ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്.ഭാരത സർക്കാർ ശക്തമായി തന്നെ ജൂതസമൂഹത്തിന്റെ ചരിത്രചിഹ്നങ്ങളും പൈതൃകവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുക്കും. മതവിദ്വേഷത്തിന്റെയോ തീവ്രവാദത്തിന്റെയോ പേരിൽ ഏതെങ്കിലും സമൂഹത്തിന്റെ ചരിത്രവും അടയാളങ്ങളും ഇല്ലാതാക്കാൻ അനുവദിക്കരുതെന്നും രാജ്യത്തിന്റെ ചരിത്രപൈതൃകവും മതസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.കാവുമ്പാഗം ജൂതപ്പള്ളിക്കു നേരെയുണ്ടായ ആക്രമണശ്രമത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ കർശന നടപടി സ്വീകരിക്കണം. കേന്ദ്ര സർക്കാർ നൽകിയതായി പറയപ്പെടുന്ന മുന്നറിയിപ്പുകൾ കേരള സർക്കാർ എന്തുകൊണ്ട് ഗൗരവമായി പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img