12:14pm 30 April 2026
NEWS
നിത്യവിമർശകൻ യത് നാളിനെ ബിജെപി പുറത്താക്കി; പ്രാദേശികപാർട്ടി രൂപീകരിച്ചേക്കും
27/03/2025  11:38 AM IST
വിഷ്ണുമംഗലം കുമാർ
നിത്യവിമർശകൻ യത് നാളിനെ ബിജെപി പുറത്താക്കി; പ്രാദേശികപാർട്ടി രൂപീകരിച്ചേക്കും

 കർണാടകത്തിൽ ബിജെപി ദുർബ്ബലമാകുന്നതിന് പ്രധാനകാരണക്കാരനായ മുതിർന്ന നേതാവും എംഎൽ എയുമായ ബസനഗൗഡ പാട്ടീൽ യത് നാളിനെ ബിജെപി നേതൃത്വം ആറുവർഷത്തേക്ക് പുറത്താക്കി. ഒരു കാലത്തും പാർട്ടി അച്ചടക്കം പാലിക്കാൻ കൂട്ടാക്കിയിട്ടില്ലാത്ത യത് നാളിനെതിരെ ഏറെ വൈകിയാണ് തീരുമാനമുണ്ടായത്. എന്തും തുറന്നടിക്കുന്ന യത് നാൽ സമാന്തര ശക്തിയായാണ് കുറേക്കാലമായി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നത്. പറയത്തക്ക ജനസ്വാധീനമൊന്നും ലിങ്കായത്തിലെ പഞ്ചമശാലി ഉപവിഭാഗക്കാരനായ യത് നാ ളിനില്ല. എന്നിട്ടും പ്രമുഖ വിമത നേതാവായി അദ്ദേഹം ബിജെപിയിൽ നിലകൊണ്ടു. സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പെടുത്ത യഡിയൂരപ്പയെ നിരന്തരമായി വിമർശിച്ച് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തുചാടിച്ചത് ഈ നേതാവാണ്. അക്കാര്യത്തിൽ ദേശീയനേതൃത്വത്തിന്റെ പരോക്ഷ പിന്തുണയും പ്രോത്സാഹനവും യത് നാളിന് ഉണ്ടായിരുന്നു. പക്ഷെ യഡിയൂരപ്പയെ കൈവിട്ടതിന് വലിയ വിലയാണ് ബിജെപി കൊടുക്കേണ്ടിവന്നത്. പിന്നീട് പിഴവ് മനസ്സിലാക്കി അമിത് ഷാ തന്നെ മുൻകൈയെടുത്ത് കർണാടകത്തിൽ പാർട്ടിയുടെ ചുമതല യഡിയൂരപ്പയ്ക്ക് നൽകിയെങ്കിലും അപ്പോഴേക്കും രാഷ്ട്രീയ സാഹചര്യം പാടെ മാറുകയും യഡിയൂരപ്പയുടെ പ്രതാപം നഷ്ടപ്പെടുകയും ചെയ്തിരുന്നു. 1994 മുതൽ ബിജെപിയിൽ സജീവമായ, തന്നിഷ്ടം പോലെ പ്രവർത്തിച്ചിരുന്ന യത് നാൽ 2002ൽ വാജ്പേയ് മന്ത്രിസഭയിൽ അംഗമായിരുന്നു. നിലവിൽ ബിജാപ്പൂർ സിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എയാണ്. യഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷനാക്കിയ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ യത് നാൽ ശക്തമായി എതിർത്തു. വിജയേന്ദ്രയുടെ നേതൃത്വം അംഗീകരിക്കാതെ സമാന്തര പ്രവർത്തനമാണ് നടത്തിവന്നത്. പ്രതിപക്ഷ നേതാവിന്റെയോ സംസ്ഥാന അധ്യക്ഷന്റെയോ പദവി വേണമെന്ന വാശിയിലായിരുന്നു തീവ്രഹിന്ദുത്വവാദിയായ യത് നാൽ. 2010ൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഈ നേതാവ് ബിജെപി വിട്ട് ജെഡിഎസ്സിൽ ചേക്കേറിയിരുന്നു. 2013 ലാണ് തിരിച്ചെത്തിയത്. 2015 ൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് ബിജെപിയിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയിരുന്നു. 2018 ൽ തിരിച്ചെത്തി. വൈകാതെ യഡിയൂരപ്പയ്ക്ക് എതിരെ വിമർശനം ആരംഭിച്ചു. വിജയേന്ദ്രയെ അംഗീകരിക്കാതെ വിമതപ്രവർത്തനം തുടർന്നതിന്റെ പേരിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ദേശീയ അച്ചടക്കസമിതി മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു അതിനൊന്നും യത് നാൽ കൃത്യമായ മറുപടി പോലും നൽകിയിരുന്നില്ല.പല വിവാദങ്ങളിലും ഇദ്ദേഹം ചെന്നുപെട്ടിട്ടുണ്ട്; പാർട്ടിക്ക് തലവേദന സൃഷ്ടിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ദിവസം സഹകരണ മന്ത്രി രാജണ്ണ തേൻകെണിയുടെ ഇരയാണെന്ന് നിയമസഭയിൽ വെളിപ്പെടുത്തിയത് യത് നാൽ ആയിരുന്നു. "കുടുംബാധിപത്യം ചോദ്യം ചെയ്തതിനാണ് എന്നെ പുറത്താക്കിയത്. സത്യം വിളിച്ചുപറയുന്നവർക്ക് ബിജെപിയിൽ സ്ഥാനമില്ലാതായി" യത് നാൽ പ്രതികരിച്ചു. 'ക്ഷണിച്ചുവരുത്തിയ ദൗർഭാഗ്യം' എന്നായിരുന്നു വിജയേന്ദ്രയുടെ പ്രതികരണം. മറ്റു നേതാക്കളൊന്നും യത് നാളിനെ പിന്തുണക്കാനിടയില്ല. കോൺഗ്രസ്സിലേക്കോ ജെഡി എസ്സിലേക്കോ യത് നാളിന് പോകാൻ കഴിയില്ല. ഒരുപക്ഷെ അദ്ദേഹം തീവ്ര ഹിന്ദുത്വ വാദത്തിൽ അധിഷ്ഠിതമായ പ്രാദേശിക പാർട്ടി രൂപീകരിച്ചേക്കാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img