
വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ച ബിജെപി നേതാവ് വിവാദത്തിൽ. ഉത്തരാഖണ്ഡിലെ മുൻ എംഎൽഎയും ബിജെപി നേതാവുമായ സുരേഷ് റാത്തോഡാണ് രണ്ടാം വിവാഹത്തോടെ പുലിവാല് പിടിച്ചിരിക്കുന്നത്. ഏകസിവിൽ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ ബഹുഭാര്യാത്വം നിരോധിച്ചിട്ടുണ്ട് എന്നതാണ് സുരേഷ് റാത്തോഡിന് വിനയാകുന്നത്.
2022 വരെ ജ്വാലാപൂർ എംഎൽഎയായിരുന്നു സുരേഷ് റാത്തോഡ്. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം വാർത്താസമ്മേളനം നടത്തി തന്റെ വിവാഹവിവരം അറിയിച്ചത്. നടി ഊർമിള സനവാറിനെയാണ് സുരേഷ് വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേർപെടുത്താതെയായിരുന്നു മുൻ എംഎൽഎയുടെ രണ്ടാംവിവാഹം. 'ചില കാരണങ്ങൾ മൂലം ഞാൻ ഈ ബന്ധം ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ അവളെ ഭാര്യയായി സ്വീകരിച്ചു. ഇക്കാര്യം ഞാൻ പരസ്യമായി പ്രഖ്യാപിക്കുകയാണ്' എന്നാണ് വാർത്താസമ്മേളനത്തിൽ സുരേഷ് റാത്തോഡ് പറഞ്ഞത്. ഇയാൾ ഏറെക്കാലമായി ഊർമ്മിളയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഈ വർഷം ആദ്യമാണ് ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കിയത്. ഏകഭാര്യാത്വം നിർബന്ധമാക്കുകയും ബഹുഭാര്യാത്വം കുറ്റകരമാക്കുകയും ചെയ്ത സംസ്ഥാനത്ത് ഭരണകക്ഷി നേതാവിന്റെ വിവാഹം വലിയ വിവാദത്തിന് കാരണമായി. ഇതോടെ പ്രതിരോധത്തിലായ ബിജെപി മുഖം സംരക്ഷിക്കാനായി സുരേഷ് റാത്തോഡിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയുടെ സാമൂഹികയും ധാർമ്മികവുമായ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് സംസ്ഥാന ബിജെപി ജനറൽ സെക്രട്ടറി രാജേന്ദ്ര് ബിഷ്ട് നൽകിയ കത്തിലെ വിമർശനം. ഏഴുദിവസത്തിനുളളിൽ രേഖാമൂലം വിശദീകരണം നൽകണമെന്നാണ് ആവശ്യം.











