
തിരുവനന്തപുരം: കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പി പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ രണ്ടുദിവസത്തെ ചിന്തൻ ശിബിരത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയത്.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡി.ജി.പി യുമായ ആർ. ശ്രീലേഖ ശിബിരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ബി.ജെ.പി പരിപാടി നടന്നത് പാർട്ടി വൃത്തങ്ങളിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
കെ.പി.സി.സി അധ്യക്ഷൻ ചെയർമാനായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സ്വകാര്യ ചടങ്ങുകൾക്കായി ഹാൾ വാടകയ്ക്ക് നൽകാറുണ്ടെങ്കിലും, മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി അനുവദിക്കുന്ന പതിവില്ലെന്നാണ് വിവരം.
രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്താണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കപ്പെട്ടത്. പിന്നീട് സ്ഥാപനത്തിനുണ്ടായിരുന്ന കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത കെ. സുധാകരൻ അധ്യക്ഷനായിരുന്ന സമയത്താണ് തീർത്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.











