
ബിജെപി ജില്ലാ പ്രസിഡന്റ് പാർട്ടി ഓഫീസിൽവെച്ച് യുവതിയെ ആലിംഗനം ചെയ്തത് വിവാദമാകുന്നു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലാ പ്രസിഡൻറ് അമർകിഷോർ കശ്യപാണ് പാർട്ടി പ്രവർത്തകയായ യുവതിയെ ആലിംഗനം ചെയ്ത് പുലിവാല് പിടിച്ചിരിക്കുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, നേതാവിനെ ന്യായീകരിച്ച് ദൃശ്യങ്ങളിലുള്ള യുവതി രംഗത്തെത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിക്കുകയും ചെയ്തു.
ഏപ്രിൽ 12 ന് രാത്രി 9.30 മണിയോടെയാണ് സംഭവം. പാർട്ടി പ്രവർത്തകയ്ക്കൊപ്പം ഓഫീസിലെത്തിയ അമർകിഷോർ കശ്യപ് പടിക്കെട്ടിന് സമീപത്തുവച്ച് യുവതിയെ ആലിംഗനം ചെയ്യുകയായിരുന്നു. പാർട്ടി പ്രവർത്തകയായ യുവതിക്കൊപ്പം അമർകിഷോർ സ്വന്തം കാറിൽ വന്നിറങ്ങുന്നതും പടികെട്ട് കയറി പോകുന്നതിന് മുൻപ് പ്രവർത്തകയെ ആലിംഗനം ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. വിഡിയോയിലുള്ള ദൃശ്യങ്ങളിൽ താനാണെന്ന് അമർ കിഷോർ വ്യക്തമാക്കി. എന്നാൽ, സംഭവത്തെ ഒരു വിഭാഗം വളച്ചൊടിക്കുകയാണ് എന്നാണ് അമർ കിഷോർ ആരോപിക്കുന്നത്. പാർട്ടി പ്രവർത്തകയ്ക്ക് തലകറക്കം വന്നതോടെ മാനുഷിക പരിഗണനയുടെ ഭാഗമായി സഹായിച്ചതെന്നും വ്യക്തമാക്കി. പാർട്ടി പ്രസിഡൻറ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ ആഗ്രഹിക്കുന്നവർ ഉണ്ടാക്കിയ തിരക്കഥയാണിതെന്നുമാണ് അമറിൻറെ വാദം.
സംഭവത്തിൽ ബിജെപി പ്രസിഡൻറിനെ സംരക്ഷിച്ച് പാർട്ടി പ്രവർത്തക പൊലീസിൽ പരാതി നൽകി. തന്നെയും ബിജെപി ജില്ലാ പ്രസിഡൻറിനെയും അപകീർത്തിപ്പെടുത്താൻ വീഡിയോ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നു എന്നാണ് യുവതി ഛാപിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. അമർകിഷോർ മുതിർന്ന സഹോദരനെ പോലെയാണെന്നും അദ്ദേഹവുമായി അനുചിതമായ ബന്ധമില്ലെന്നും യുവതി വ്യക്തമാക്കി.
'ലഖ്നൗവിൽ നിന്ന് തിരികെ വരുന്നതിനിടെ തലകറക്കം അനുഭവപ്പെട്ടതോടെ അമർകിഷോറിനെ ബന്ധപ്പെട്ടു. സ്റ്റേഷനിൽ വിളിക്കാനെത്തിയ പാർട്ടി അധ്യക്ഷനൊപ്പം ബിജെപി ഓഫീസിലെത്തി. ഹൈഹീൽ ചെരുപ്പാണ് ധരിച്ചിരുന്നത്. പടി കയറുന്നതിനിടെ ഒരു വശത്തേക്ക് ചരിഞ്ഞെന്നും ഈ സമയത്ത് പിന്നിലുണ്ടായിരുന്ന അമർ വീഴുന്നതിൽ നിന്നും രക്ഷപ്പെടുത്തി' എന്നാണ് യുവതിയുടെ വാദം.











