
ഹുബ്ബള്ളിയിൽ നിന്നുള്ള പ്രമുഖ നേതാവാണ് നാല്പത് വർഷത്തോളമായി ബിജെപിയിൽ പ്രവർത്തിക്കുന്ന ലിംഗരാജ പാട്ടീൽ. നല്ല കർമ്മശേഷിയും പെരുമാറ്റമികവുമുള്ള നേതാവ് എന്ന പ്രതിഛായ ഉള്ളതിനാലാണ് 2023 അവസാനം ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര അദ്ദേഹത്തെ അച്ചടക്ക സമിതി തലവനായി നിയമിച്ചത്. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എം എൽ സി സ്ഥാനാർഥിത്വം ലഭിക്കാത്തത്തിലും നിലവിൽ വെസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ എസ് എൻ സങ്കനൂറിനെ മൂന്നാം തവണയും മത്സരിക്കാൻ അവസരം നൽകിയതിലും പ്രതിഷേധിച്ചാണ് ലിംഗരാജ് പാട്ടീൽ അച്ചടക്ക സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചത്. "പാർട്ടിയോട് കൂറുള്ള പ്രവർത്തകനാണ് ഞാൻ. ബിജെപിയെ ഞാൻ ഒരിക്കലും വഞ്ചിച്ചിട്ടില്ല; വഞ്ചിക്കുകയുമില്ല. ഇതിന് മുമ്പ് മൂന്ന് എം എൽ സി തെരഞ്ഞെടുപ്പിലും ഒരിക്കൽ രാജ്യസഭാ തെരഞ്ഞെടുപ്പിലും
അവസാനനിമിഷം എനിക്ക് അവസരം നഷ്ടപ്പെട്ടതാണ്. ഇനി മത്സരിക്കില്ലെന്നാണ് സങ്കനൂർ കഴിഞ്ഞ തവണ പറഞ്ഞത്. അദ്ദേഹം ഇത്തവണയും സ്ഥാനാർത്ഥി ആയിരിക്കുന്നു. സത്യസന്ധതയോടെ പാർട്ടിയെ സേവിച്ച ഞാൻ വീണ്ടും പുറന്തള്ളപ്പെട്ടിരിക്കുന്നു" രാജിക്കത്ത് വിജയേന്ദ്രയ്‌ക്ക് ഫോർവേർഡ് ചെയ്തുകൊണ്ട് പാട്ടീൽ പറഞ്ഞു. നിലവിലെ സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കിൽ എട്ടു ദിവസത്തിനകം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. " പുതിയ ആളുകൾ വരുന്നത് ബിജെപിയിലെ ചില നേതാക്കൾക്ക് പിടിക്കുന്നില്ല. അതുകൊണ്ട് പാർട്ടി വളരുന്നില്ലെന്ന് മാത്രമല്ല, തളരുകയുമാണ്. " പാട്ടീൽ വിമർശിച്ചു. വെസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ കോൺഗ്രസ് മോഹൻ ലിംബിക്കൈയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ധാർവാഡ, ഹാവേരി, ഗഡഗ്, ഉത്തര കന്നഡ ജില്ലകളെ പ്രതിനിധീകരിക്കുന്നതാണ് വെസ്റ്റ് ഗ്രാജുവേറ്റ്സ് മണ്ഡലം. ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സങ്കനൂറിന്റെ രണ്ടാം ടേമിന്റെ കാലാവധി ഇക്കൊല്ലം നവംബറിൽ അവസാനിക്കും.
Photo Courtesy - Google











