
മുംബൈ, തിരുവനന്തപുരം കോർപറേഷനുകൾ പിടിച്ചതോടെ ബിജെപിയ്ക്ക് ഒരു പുത്തൻ ആത്മവിശ്വാസം കൈവന്നിരിക്കുകയാണ്. തലസ്ഥാനം കയ്യടക്കി സംസ്ഥാനം കീഴടക്കുക എന്നതാണ് പാർട്ടിയുടെ പുതിയ നയം. മഹാരാഷ്ട്ര ഭരിക്കവേയാണ് മുംബൈയും കയ്യടക്കിയത് എന്ന കാര്യം തൽക്കാലം മാറ്റിവെക്കാം. തിരുവനന്തപുരത്തെ കാര്യം അങ്ങനെയല്ലല്ലോ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി വികസന പരിപാടികൾ പ്രഖ്യാപിക്കുന്നതിൽ നിന്നും ബിജെപി ദേശീയ നേതൃത്വം തിരുവനന്തപുരം വിജയത്തിന് കല്പിക്കുന്ന പ്രാധാന്യം മനസിലാക്കാം. കോർപറേഷനുകളിൽ ബിജെപിയുടെ അടുത്ത ലക്ഷ്യം ജൂൺ 30 ന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള ബംഗളുരു ആണ്. നിയമപ്രശ്നങ്ങൾ മൂലം 2015 ന് ശേഷം ബംഗളുരു കോർപറേഷനിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കർണാടക തലസ്ഥാനമായ ബംഗളുരു ബിജെപിയുടെ കയ്യിലായിരുന്നു. നഗരത്തിലെ നാല് ലോകസഭാമണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. എന്നാൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സ് സ്ഥിതിഗതികൾ മാറ്റിമറിച്ചിട്ടുണ്ട്. നഗരസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രി ചെയർമാനായ ഗ്രേറ്റർ ബംഗളുരു അതോറിറ്റി (ജിബിഎ)യുടെ കീഴിൽ കൊണ്ടുവന്നിരിക്കുന്നു. ജി ബിഎയുടെ നിയന്ത്രണത്തിൽ അഞ്ചു പുതിയ കോർപറേഷനുകൾ രൂപീകരിച്ചിട്ടുണ്ട്. ആ കോർപറേഷനുകളിലേക്കാണ് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ആർ എസ് എസ് ചിന്തകൻ റാം മാധവിനെയാണ് ബിജെപി നേതൃത്വം ബംഗളുരു തെരഞ്ഞെടുപ്പിന്റെ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ ചുമതലയാണ് അദ്ദേഹം ഇതുവരെ വഹിച്ചിരുന്നത്. ആർ എസ് എസിൽ നിന്നെത്തി ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച റാം മാധവാണ് അസാമിൽ ബിജെപി ഭരണം കൊണ്ടുവന്നത്. ആന്ധ്രാപ്രദേശിലെ അമലപുരം സ്വദേശിയായ റാം മാധവ് ബംഗളുരുവിലും സുപരിചിതനാണ്. ബിജെപിയുടെ മുൻ രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ, മുംബൈ ബോറിവല്ലി എം എൽ എ സഞ്ജയ് ഉപാധ്യായ എന്നിവർ റാം മാധവിനെ സഹായിക്കും. ബംഗളുരുവിലെ ബിജെപി ആർ എസ് എസ് അനുഭാവികൾ അദ്ദേഹത്തിന്റെ വരവ് സ്വാഗതം ചെയ്തിട്ടുണ്ട്. "നിയമസഭാതെരഞ്ഞെടുപ്പിന്റെ അത്രതന്നെ പ്രാധാന്യം ബംഗളുരു തെരഞ്ഞെടുപ്പിനുണ്ട്. 369 വാർഡുകൾ. ഒരു കോടിയോളം വോട്ടർമാർ. ഭാരിച്ച ഉത്തരവാദിത്തമാണ് പാർട്ടി ഞങ്ങളെ ഏൽപ്പിച്ചിട്ടുള്ളത്. " അദ്ദേഹം പറഞ്ഞു. റാം മാധവിനോടൊപ്പം കേന്ദ്രമന്ത്രിയും ജെഡിഎസ്സ് നേതാവുമായ കുമാരസ്വാമിയുടെ പുറത്തുനിന്നുള്ള സഹായവും ബിജെപി ഉറപ്പുവരുത്തിയിട്ടുണ്ട്. കർണാടകത്തിൽ ബിജെപിയും ജെഡിഎസ്സും സഖ്യത്തിലാണ്. ഇരുപാർട്ടികളും ഒന്നിച്ചാണ് ബംഗളുരു തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടുക. ബംഗളുരു തെരഞ്ഞെടുപ്പും ദേശീയ ശ്രദ്ധയാകർഷിക്കുകയാണ്.
Photo Courtesy - Google











