05:46pm 09 September 2026
NEWS
തിരുമല അനിലിന്റെ ആത്മഹത്യ സംബന്ധിച്ച് ​ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ്
01/11/2025  12:50 PM IST
nila
തിരുമല അനിലിന്റെ ആത്മഹത്യ സംബന്ധിച്ച് ​ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

 

തിരുവനന്തപുരം ന​ഗരസഭയിലെ ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ സംബന്ധിച്ച് വിവാദം ശക്തമാകുന്നു. ബിജെപിയുടെ മുൻ വക്താവായ എം.എസ്. കുമാർ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി രം​ഗത്തെത്തി. അനിലിന്റെ സഹകരണ സംഘത്തിൽ നിന്നു വായ്പ എടുത്തവരിൽ ഏകദേശം 90 ശതമാനം പേരും ബിജെപി പ്രവർത്തകരാണെന്നും, അതിൽ സംസ്ഥാനതല ഭാരവാഹികളുപോലുമുണ്ടെന്നും എം.എസ്. കുമാർ ആരോപിച്ചു. അനിൽ പ്രസിഡന്റായിരുന്ന സഹകരണ ബാങ്കിലെ ക്രമക്കേട് ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ആത്മഹത്യ. 

“അനിലിന് കൂടെ നിൽക്കേണ്ടവർ തന്നെയാണ് പിന്നോട്ടു പോയത്. സഹകരിക്കാതെ മാറിനിൽക്കുന്നതാണ് അവനെ ഈ ദുർവിധിയിലേക്ക് നയിച്ചത്. സ്വന്തം മക്കളെ പോലും മറന്ന് ഇങ്ങനെ കടുംകൈ എടുക്കേണ്ടിവന്നത് അതുകൊണ്ടായിരിക്കാം,” — തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എം.എസ്. കുമാർ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണരൂപം....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെ രഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസയുദ്ധം മുതൽ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്‌തേക്കാം. എന്നാൽ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കും. വര്ഷങ്ങളായി ഞാൻ അറിയുന്ന അനിൽ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മർദ്ദം എനിക്ക് ഊഹിക്കാൻ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെട്ടുപോകുന്നത് . പെട്ടെന്നാണ് കേരളത്തിൽ സഹകരണരംഗം തകർന്നടിയുന്നത്. കരുവന്നൂർ, കണ്ടല, ബി എസ് എൻ എൽ തുടങ്ങിയ സംഘങ്ങളിലെ വാർത്തകൾ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരാതെയായി. ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലർ പൊടിപ്പും തൊങ്ങലും വച്ചു വാർത്ത മാധ്യമങ്ങളിൽ കൊടുത്തതും അതിന്റെ സത്യാവസ്ഥകൾ മനസിലാക്കാതെ ചില മാധ്യമങ്ങൾ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകർന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി. നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാൻ കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറിനിൽക്കുന്ന സ്ഥിതി കൂടി വന്നത് കൊണ്ട് കൂടി യാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്. കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു.അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.

വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% വും അതെ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ ( സെൽ കൺവീനർമാർ ഉൾപ്പെടെ )ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം എഫ്ബി യിലൂടെ വെളിപെടുത്താൻ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ് ഈ പേരുകൾ വെളിപ്പെടുത്തി കൊണ്ടുള്ളതാകും. ജീവിതത്തിൽ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാൻ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും,ആയിമാറി. ഒരു ഗുണപാഠം ഇതിൽനിന്നൊക്കെ പഠിച്ചു. കഴിയുമെങ്കിൽ ആരെയും സഹായിക്കാതിരിക്കുക. ജീവിത സായാഹ്നത്തിൽപുതിയ പാഠം പഠിച്ചിട്ടെന്തു കാര്യം? നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകം ഉള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണ്. അവർ വോട്ടർമാരും ആണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img