04:25pm 21 August 2026
NEWS
നിയമസഭയിൽ മന്ത്രി നാഗേന്ദ്രയ്ക്കെതിരായ ബഹിഷ്കരണം തുടർന്ന് ബിജെപി.
21/08/2026  11:51 AM IST
വിഷ്ണുമംഗലം കുമാർ
നിയമസഭയിൽ മന്ത്രി നാഗേന്ദ്രയ്ക്കെതിരായ ബഹിഷ്കരണം തുടർന്ന് ബിജെപി

ബംഗളുരു: കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിച്ചത് മുതൽ മുഖ്യ പ്രതിപക്ഷമായ ബിജെപി ആസൂത്രണ- സ്ഥിതിവിവരക്കണക്ക് മന്ത്രി ബി നാഗേന്ദ്രയെ ബഹിഷ്കരിക്കുകയാണ്. കേസ്സിൽ പ്രതിയായ മന്ത്രി എത്രയും വേഗം രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. 2023 മേയിൽ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു നാഗേന്ദ്ര. യുവജനക്ഷേമ-പട്ടികവർഗ്ഗ ക്ഷേമ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മഹർഷി വാല്മീകി പട്ടികവർഗ്ഗ വികസന കോർപറേഷനിൽ നടന്ന ധനാപഹരണം കേസ്സായതിനെതുടർന്ന് 2024 ജൂൺ ആറിന് അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു. ഇഡിയും സിബിഐയും കേസ്സെടുത്തിരുന്നു. കോർപറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും എൺപത്തഞ്ച് കോടിയോളം രൂപ അനധികൃതമായി സ്വകാര്യ വ്യക്തികൾക്ക് കൈമാറി എന്നാണ് കേസ്. ഇഡി നാഗേന്ദ്രയെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. വാല്മീമി സമുദായ (പട്ടികവർഗ്ഗം) ക്കാരനായ ഇദ്ദേഹം ബെല്ലാരി റൂറലിൽ നിന്നുള്ള എം എൽ എയാണ്. 2024 ഒക്ടോബറിൽ ഇഡി കേസിൽ ജാമ്യം ലഭിച്ച നാഗേന്ദ്ര ജയിൽമോചിതനായി. ഇക്കൊല്ലം ജനവരിയിൽ അദ്ദേഹം സിബിഐ കേസ്സിൽ മുൻ‌കൂർ ജാമ്യമെടുത്തു. ജൂൺ മൂന്നിനാണ് സിദ്ധരാമയ്യ മാറി പകരം ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായത്. മന്ത്രിസഭ വികസിപ്പിച്ചപ്പോൾ നാഗേന്ദ്രയെയും മന്ത്രിയാക്കുകയായിരുന്നു. ആസൂത്രണ- സ്ഥിതിവിവരക്കണക്ക് വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയത്. കേസ്സുകൾ തുടരുന്ന സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാൽ കോൺഗ്രസ്സ് നേതൃത്വവും നാഗേന്ദ്രയും അതിന് വഴങ്ങുന്നില്ല. " രാജ്യത്ത് 126:ബിജെപി മന്ത്രിമാർക്കെതിരെ കേസ്സുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ്മയും കേസ് നേരിടുന്നവരാണ്. ആദ്യം അവരൊക്കെ രാജിവെക്കട്ടെ. എന്നിട്ട് എന്റെ കാര്യം ആലോചിക്കാം" നാഗേന്ദ്ര ബിജെപിയ്ക്ക് മറുപടി നൽകുന്നു. മുഖ്യമന്ത്രി ഡി കെയും ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയും നാഗേന്ദ്രയെ ശക്തമായി പിന്തുണക്കുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img