
ഡൽഹിയിലെ ചരിത്രവിജയത്തിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ സജീവം. ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാനായി തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. പ്രധാനമായും മൂന്ന് നേതാക്കളുടെ പേരുകളാണ് ദേശീയ നേതൃത്വത്തിന് മുന്നിലുള്ളത്. കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയാകും എന്നാണ് സൂചനകൾ. അതേസമയം, ഡൽഹിയിൽ ആരാകും മുഖ്യമന്ത്രി എന്നതിൽ ദേശീയ നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുകയെന്നാണ് ഡൽഹി ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെപി നദ്ദ തുടങ്ങിയവർ ചർച്ച നടത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡൽഹി ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിന് പോകും മുൻപ് മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉണ്ടായേക്കും. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനുശേഷമായിരിക്കും സത്യപ്രതിജ്ഞ നടക്കുക.











