06:53pm 12 November 2026
NEWS
ബിജെപി സഖ്യം ട്വന്റി 20ക്ക് തിരിച്ചടിയാകുന്നു; മൂന്നു നേതാക്കൾ പാർട്ടിവിട്ടു
23/01/2026  08:32 PM IST
nila
ബിജെപി സഖ്യം ട്വന്റി 20ക്ക് തിരിച്ചടിയാകുന്നു; മൂന്നു നേതാക്കൾ പാർട്ടിവിട്ടു

കൊച്ചി: ട്വന്റി 20 പാർട്ടിയിൽ നിന്നും നേതാക്കൾ പുറത്തേക്ക്. ബിജെപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് മുൻ കോഓർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് ട്വന്റി 20 വിട്ടത്. കോൺ​ഗ്രസിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ഇവർ വ്യക്തമാക്കി. 

ട്വന്റി 20 പാർട്ടി എൻഡിഎയുമായി കൈകോർത്ത തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിവെച്ച് കോൺഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് മൂന്ന് പേരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ട് വരുമെന്നും അവർ പറഞ്ഞു.

ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് സംവിധാനമായി ട്വന്റി 20 മാറിയതായി റസീന പരീത് ആരോപിച്ചു. പാവപ്പെട്ടവർക്ക് സബ്സിഡി നൽകുന്നതിനായി അവതരിപ്പിച്ച കാർഡുമായി ബന്ധപ്പെട്ട ഫോറത്തിൽ ജാതി, മത കോളങ്ങൾ ഉൾപ്പെടുത്തിയിരുന്നുവെന്നും ഇത് ബിജെപിയിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നുമാണ് ആരോപണം.

നാലുമാസമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നടത്തിയ രഹസ്യനീക്കങ്ങളാണ് ട്വന്റി 20 എൻഡിഎയിൽ എത്തുന്നതിനിടയായതെന്ന വിവരവും പുറത്തുവന്നു. ട്വന്റി 20-നെ നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള പ്രതികാര മനോഭാവമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസനം നടത്തിയ പാർട്ടിയാണ് ബിജെപിയെന്നും അതുകൊണ്ടാണ് എൻഡിഎയിൽ ചേരുന്നതെന്നുമാണ് ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബ് മുമ്പ് വ്യക്തമാക്കിയിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img