09:51am 09 November 2026
NEWS
കേരളത്തിലെ 10,000 വാർഡുകളിൽ വിജയം ലക്ഷ്യമിട്ട് ബിജെപി
22/04/2025  06:44 AM IST
nila
കേരളത്തിലെ 10,000 വാർഡുകളിൽ വിജയം ലക്ഷ്യമിട്ട് ബിജെപി

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പകുതിയോളം വാർഡുകളിൽ വിജയിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനവുമായി ബിജെപി. ഇതിനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തയ്യാറാക്കിയ മിഷൻ 2025 താഴെ തട്ടിൽ നടപ്പാക്കാനൊരുങ്ങുകയാണ് പാർട്ടി. കേരളത്തിലെ പരമ്പരാ​ഗത പാർട്ടി പ്രവർത്തനത്തെ അടിമുടി പൊളിച്ചെഴുതുകയാണ് ബിജെപി. എൽഡിഎഫിനെയും യുഡിഎഫിനെയും കുറ്റം പറയുന്നത് അവസാനിപ്പിക്കാനും തങ്ങൾ ജനങ്ങൾക്കായി എന്തു ചെയ്യും എന്ന് ജനങ്ങളോട് പറയാനുമാണ് രാജീവ് ചന്ദ്രശേഖർ പാർട്ടി പ്രവർത്തകർക്ക് നൽകുന്ന നിർദ്ദേശം. ജനങ്ങളോട് പറയേണ്ടത് എന്തൊക്കെയെന്നും രാജീവ് ചന്ദ്രശേഖർ കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്.

കേരളത്തിലെ  21,865 തദ്ദേശ വാർഡുകളിൽ കഴിഞ്ഞതവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. വരുന്ന ത​ദ്ദേശ തെരഞ്ഞെടുപ്പിൽ 10,000 വാർഡുകളിൽ വിജയിക്കുക എന്ന ലക്ഷ്യമാണ് രാജീവ് ചന്ദ്രശേഖർ പാർട്ടി പ്രവർത്തകർക്ക് മുന്നിൽ വെക്കുന്നത്. ഇതിനായി ഒരു സമ​ഗ്ര ആക്ഷൻ പ്ലാനും സംസ്ഥാന അധ്യക്ഷൻ പാർട്ടി പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്. 

 ജില്ലാതലത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന വികസിത കേരളം കൺവെൻഷനുകളിലാണ് ഈ ആക്ഷൻ പ്ലാൻ അവതരിപ്പിക്കുന്നത്. പവർ പോയിന്റ് പ്രസന്റേഷനും ലഘു വീഡിയോകളുമൊക്കെ ഉൾപ്പെടുത്തിയാണ് അവതരണം. എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിനു പകരം വികസനത്തിന്റെ പോസിറ്റീവ് രാഷ്ട്രീയം പറയണമെന്നതാണ് പ്രധാന നിർദ്ദേശം. തിങ്കളാഴ്ച തൃശ്ശൂരിൽ നടന്ന ആദ്യയോഗത്തിൽ എം.ടി. രമേശ്, എസ്. സുരേഷ് എന്നിവരാണ് 150 ദിവസത്തെ പ്രവർത്തനപദ്ധതികൾ വിശദീകരിച്ചത്. 

പഞ്ചായത്ത് ഭാരവാഹികൾമുതൽ മുകളിലേക്കുള്ളവർ പങ്കെടുക്കുന്ന യോഗങ്ങളിലെ ഉച്ചഭാഷിണിശബ്ദം ഹാളിനുപുറത്ത് കേൾക്കരുതെന്നു പറഞ്ഞിരുന്നു. വോട്ടർ പട്ടിക പരിശോധന, ബിഎൽഎ മാരെ തീരുമാനിക്കൽ, വോട്ടർ പട്ടികയിൽ പേരുചേർക്കൽ, വികസിത വാർഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെ തീയതി നിശ്ചയിച്ചാണ് ടാർഗറ്റ് അവതരിപ്പിച്ചത്. മോദി സർക്കാരിന്റെ ക്ഷേമ വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താൻ ജൂലായിൽ വാർഡുതലത്തിൽ സർവേ നടത്തും. ഇതിനാവശ്യമായ ചോദ്യാവലി ഉൾപ്പെടുത്തി മൊബൈൽ ആപ്പ്, സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നൽകും.

തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ നടത്തിയ മാതൃകയിലാണ് 150 ദിവസ പ്രവർത്തനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രവർത്തനവും നിശ്ചയിച്ച സമയത്തുതന്നെ നടത്തിയെന്ന റിപ്പോർട്ട്, ജില്ലാ കമ്മിറ്റികൾ സംസ്ഥാന പ്രസിഡന്റിന് നൽകണം. വാർഡുതലത്തിൽ ഇൻ ചാർജ്, ഡെപ്യൂട്ടി ഇൻ ചാർജ്, മൂന്ന് വികസിത കേരളം വൊളന്റിയർമാർ എന്നിവരെ നിയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവരിൽ ഒരാൾ സ്ത്രീയും ഒരാൾ പട്ടികജാതി വിഭാഗക്കാരനുമായിരിക്കണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img