
കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേരയ്‌ക്ക് രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് പവൻ ഖേരയ്‌ക്ക് രണ്ട് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. വോട്ട് കൊള്ളയെന്ന ആരോപണമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തുന്നതിനിടെയാണ് വോട്ട് കവർച്ചയിൽ കോൺഗ്രസാണ് മുന്നിലെന്ന പരിഹാസവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
ജംഗ്പുര, ന്യൂഡൽഹി എന്നീ രണ്ട് നിയമസഭ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഖേരയുടെ പേര് ഉൾപ്പെടുന്നതായി സൂചിപ്പിക്കുന്ന രേഖകളാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മാളവ്യ പങ്കുവെച്ചത്. "വോട്ട് കവർച്ചയെന്ന് രാഹുൽ ഗാന്ധി പുരപ്പുറത്ത് കയറി കൂവിവിളിച്ചു... ഗാന്ധിമാരുമായി അടുത്ത ബന്ധം പുലർത്താനുള്ള ഒരു സന്ദർഭവും പാഴാക്കാത്ത ഖേരയ്ക്കാകട്ടെ രണ്ട് വോട്ടർ തിരിച്ചറിയൽ കാർഡുണ്ട്", മാളവ്യ ട്വീറ്റ് ചെയ്തു. ഈ വിഷയത്തെ കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് മാളവ്യ ആവശ്യപ്പെട്ടു.











