03:55pm 19 August 2026
NEWS
കർണാടകത്തിൽ കുറുബ സമുദായത്തെ കൂടെ കൂട്ടാൻ ബിജെപിയുടെ സമർത്ഥനീക്കം.
19/08/2026  11:49 AM IST
വിഷ്ണുമംഗലം കുമാർ
കർണാടകത്തിൽ കുറുബ സമുദായത്തെ കൂടെ കൂട്ടാൻ ബിജെപിയുടെ സമർത്ഥനീക്കം

 ബംഗളുരു: 2023ൽ നഷ്ടപ്പെട്ടുപോയ കർണാടകം 2028 ൽ തിരിച്ചുപിടിക്കാനായി വിപുലമായ പദ്ധതികളാണ് ബിജെപി ആവിഷ്കരിക്കുന്നത്. 2008ൽ തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിയിച്ച സംസ്ഥാനമാണെങ്കിലും ഇപ്പോൾ ആ പാർട്ടി ദുർബലമാണ്. ഉത്തേജക മരുന്ന് നൽകിയാലേ പൂർവാധികം കരുത്തോടെ ഉയർത്തെഴുന്നേൽക്കാനാവൂ. ലിങ്കായത്ത്‌ സമുദായത്തിന്റെ പാർട്ടിയായാണ് ബിജെപി അറിയപ്പെട്ടിരുന്നത്. എന്നാൽ ആ സമുദായത്തിന്റെ ഭാഗിക പിന്തുണയേ ഈയിടെയായി ആ പാർട്ടിയ്ക്കുള്ളൂ. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ജില്ലകളിലും സ്വാധീനമുള്ള മറ്റൊരു സമുദായമാണ് ഒ ബി സി യിൽ പെടുന്ന കുറുബ. സംസ്ഥാന ജനസംഖ്യയുടെ ഏതാണ്ട് ഒമ്പത് ശതമാനം കുറുബരാണ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ 2006 ൽ ജെഡിഎസ്‌ വിട്ട് കോൺഗ്രസ്സിൽ ചേർന്നതോടെയാണ് കുറുബ സമുദായം ഒന്നടങ്കം ആ പാർട്ടിയുടെ പിന്നിൽ അണിനിരന്നത്. കുറുബ സമുദായത്തിൽ പെട്ട പ്രമുഖ നേതാവാണ് സിദ്ധരാമയ്യ. അദ്ദേഹത്തെ മാറ്റി വൊക്കലിഗനായ ഡി കെ ശിവകുമാറെ മുഖ്യമന്ത്രിയാക്കിയതിൽ കുറുബ സമുദായക്കാർ അസംതൃപ്തരും നിരാശിതരു മാണ്. ആ അസംതൃപ്തി മുതലെടുത്ത് കുറുബ സമുദായത്തെ കൂടെ കൂട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. കുറുബ സമുദായക്കാരനായ പ്രൊഫസർ എം നാഗരാജിനെ രണ്ടുമാസം മുമ്പ് രാജ്യസഭ അംഗമാക്കിയതും ഇപ്പോൾ ദേശീയ വൈസ് പ്രസിഡന്റായി നിയോഗിച്ചതും അദ്ദേഹം പ്രതിനിധീകരിക്കുന്ന കുറുബ സമുദായത്തിന്റെ പിന്തുണ ലക്ഷ്യമിട്ടാണ്. കൂട്ടുകക്ഷിയായ ജെഡിഎസ്സിന്റെ സമുന്നത നേതാവ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നാഗരാജിനെ മുൻനിരയിലേക്ക് കൊണ്ടുവന്നത്. ലിങ്കായത്ത് പാർട്ടിയായ ബിജെപിയോടും വൊക്കലിഗ പാർട്ടിയായ ജെഡി എസ്സിനോടും കുറുബ സമുദായം ചേർന്നാൽ അതൊരു പ്രബല ശക്തിയാകുമെന്ന് ദേവഗൗഡയ്‌ക്ക് അറിയാം. കുറുബ സമുദായത്തിന്റെ അനിഷേധ്യ നേതാവ് സിദ്ധരാമയ്യ കൂടെ ഉണ്ടായിരുന്നപ്പോഴായിരുന്നു ജെഡിഎസ്സിന്റെ പ്രതാപകാലം. എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും സമുദായിക സമവാക്യങ്ങൾ തന്നെയാണ് കർണാടകത്തിലെ മൂന്ന് പ്രബലകക്ഷികളായ കോൺഗ്രസ്സിനെയും ബിജെപിയെയും ജെഡിഎസ്സിനെയും നിയന്ത്രിക്കുന്നത്. ഹൈവേ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റുള്ള വിദ്യാസമ്പന്നനാണ് ഹുബ്ബള്ളി സ്വദേശിയായ പ്രൊഫ. നാഗരാജ്. ലോ പ്രൊഫൈൽ ജീവിതം നയിക്കുന്ന അദ്ദേഹം ആർ എസ്‌ എസിലൂടെയാണ് സാമൂഹ്യ പ്രവർത്തനത്തിലേക്ക് വന്നത്. എബിവിപിയുടെ സംസ്ഥാന അധ്യക്ഷനായും ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കുറുബ സമുദായക്കാരായ നേതാക്കൾക്ക് ബിജെപിയിൽ കുറവുണ്ട്. മുമ്പ് ഉപമുഖ്യമന്ത്രി ആയിട്ടുള്ള കെ എസ്‌ ഈശ്വരപ്പ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അച്ചടക്ക നടപടിയ്ക്ക് വിധേയനായി ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുകയാണ്. മുൻമന്ത്രി ബൈരതി ബസവരാജ് ക്രിമിനൽ കേസ് നേരിടുന്നുണ്ട്. മറ്റൊരു മുൻമന്ത്രി എം ടി ബി നാഗരാജിന് സംസ്ഥാനതല പ്രതിഛായയില്ല.  മുതിർന്ന നേതാവായ എച്ച് വിശ്വനാഥിന് വിമതമുഖമാണ്. കോൺഗ്രസ്സിൽ സിദ്ധരാമയ്യയും അവഗണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ കുറുബ സമുദായത്തിന്റെ പ്രതിനിധിയായി പ്രൊഫ. നാഗരാജിനെ ഉയർത്തിക്കാട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. അദ്ദേഹത്തെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാലും അത്ഭുതപ്പെടേണ്ടതില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img