
ബംഗളുരു: കേന്ദ്രവും ഒട്ടേറെ സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ ദേശീയ നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കർണാടകം. അണികൾക്കും പരമാവധി നേതാക്കൾക്കും സ്വീകാര്യനായ ഒരു സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ നേതൃത്വം കുഴങ്ങുകയാണ്.തെക്കെ ഇന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനത്തെ പാർട്ടി എന്ന പ്രതാപമൊന്നും ബിജെപിയ്ക്ക് ഇപ്പോഴില്ല എന്നുമാത്രവുമല്ല സുശക്തമായ ഒരു നേതൃത്വവുമില്ല. മുതിർന്ന നേതാവായ യഡിയൂരപ്പയുടെ സംഘടനാപാടവവും കഠിനാധ്വാനവും കൊണ്ടാണ് 2008ൽ ആദ്യമായി താമര വിരിഞ്ഞത്. യഡിയൂരപ്പയല്ലാതെ മറ്റൊരു നേതാവിനും ബിജെപിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാൻ സാധിച്ചിട്ടില്ല. 75 കഴിഞ്ഞു എന്ന ഒറ്റ കാരണത്താൽ കാലാവധി തീരുംമുമ്പ് 2021ൽ യഡിയൂരപ്പ യെ മുഖ്യമന്ത്രിയെ പുകച്ചുപുറത്തുചാടിച്ചതാണ് ബിജെപിയ്ക്ക് വിനയായത്. അമിത് ഷായുടെയും പാർട്ടിയ്ക്കുള്ളിൽ യഡിയൂരപ്പയുടെ മുഖ്യപ്രതിയോഗിയായി കരുതപ്പെടുന്ന ബി എൽ സന്തോഷിന്റെയും മേൽനോട്ടത്തിലാണ് 2023 ൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിക്കാനെ യഡിയൂരപ്പയ്ക്ക് പകരം മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മായ്ക്ക് കഴിയുമായിരുന്നുള്ളു. മുമ്പ് സദാനന്ദ ഗൗഡയും ജഗദീഷ് ഷെട്ടാറും മുഖ്യമന്ത്രിമാരായതുപോലെ ബസവരാജ് ബൊമ്മായും യഡിയൂരപ്പയ്‌ക്ക് പകരക്കാരനായി വന്നു എന്നേയുള്ളൂ. ഈ മൂന്നു മുൻ മുഖ്യമന്ത്രിമാർക്കും യഡിയൂരപ്പയെ പോലെ ജനപ്രീതിയോ തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ സംസ്ഥാനം ഇളക്കിമറിക്കാനുള്ള കഴിവോ ഉണ്ടായിരുന്നില്ല. 2023ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുൻനിര നേതൃത്വത്തിൽ 75 കഴിഞ്ഞ യഡിയൂരപ്പ ഉണ്ടായിരുന്നില്ല. വൻതിരിച്ചടിയാണ് ആ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ടത്. അധികാരം നഷ്ടപ്പെടുക മാത്രമല്ല, സീറ്റുകൾ പകുതിയായി കുറയുകയും ചെയ്തു. വസ്തുത മനസ്സിലാക്കി അമിത് ഷാ യഡിയൂരപ്പയ്ക്ക് തന്നെ കർണാടകത്തിലെ പാർട്ടിയുടെ നിയന്ത്രണം ഏൽപ്പിച്ചുകൊടുത്തെങ്കിലും അതിനകം സംഭവിച്ച ശൈഥില്യവും വിഭാഗീയതയും പരിഹരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. യഡിയൂരപ്പയുടെ മകനും യുവനേതാവുമായ വിജയേന്ദ്രയെ താൽക്കാലിക പ്രസിഡന്റാക്കിയത് വിമതനീക്കം ശക്തിപ്പെടുത്തുകയാണുണ്ടായത്. യഡിയൂരപ്പയുടെ കുടുംബ രാഷ്ട്രീയത്തെ നിരന്തരം വിമർശിച്ചിരുന്ന ബസന ഗൗഡ പാട്ടീൽ യത് നാളിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടും വിമതപ്രവർത്തനം കുറഞ്ഞില്ല. വിജയേന്ദ്രയെ തന്നെ അധ്യക്ഷനാക്കുന്നതിനോട് അരവിന്ദ് നിംബാവലി, രമേഷ് ജാർക്കിഹോളി, പ്രതാപ് സിംഹ, ജി എം സിദ്ധേശ്വര, ബി പി ഹരീഷ് തുടങ്ങിയ നേതാക്കൾക്ക് യോജിപ്പില്ല. ദേശീയനേതാക്കളെ അംഗീകരിച്ചുകൊണ്ട് സംസ്ഥാനനേതൃത്വത്തെ അവഗണിച്ച് മുന്നോട്ടുനീങ്ങുന്ന ശൈലിയാണ് ഈ നേതാക്കൾ അവലംബിച്ചിട്ടുള്ളത്. വിജയേന്ദ്ര യെയും പ്രതിപക്ഷ നേതാവായ ആർ അശോകിനെയും അനുസരിക്കാതെയുള്ള സമാന്തരപ്രവർത്തനമാണ് ഇവർ തുടരുന്നത്. അതേ സമയം അച്ചടക്ക ലംഘനമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരെ പുകഴ്ത്തുമ്പോൾ യഡിയൂരപ്പയെയും വിജയേന്ദ്രയെയും മറ്റും താഴ്ത്തിക്കെട്ടുന്നു. സംസ്ഥാന നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയങ്ങൾ ഏറ്റെടുത്താണ് വിമതനേതാക്കൾ ജനശ്രദ്ധ നേടുന്നത്. ഇക്കഴിഞ്ഞ ദിവസം ബംഗളുരു മഹാദേവപുരയിൽ ബംഗ്ലാദേശികൾക്കെതിരെ സംഘടിപ്പിച്ച ബോധവൽക്കരണപരിപാടിയിൽ ഈ നേതാക്കൾ വീറോടെ പങ്കെടുത്തിരുന്നു. അരവിന്ദ് നിംബാവലിയുടെ മണ്ഡലമാണ് മഹാദേവപുര. വിജയേന്ദ്രയെയോ ആർ അശോകിനെയോ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. വിഭാഗീയ പ്രവർത്തനം ഇല്ലാതാക്കാനായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നടത്തിയ ശ്രമം വിജയിച്ചിട്ടില്ല. താത്കാലിക അധ്യക്ഷനായ വിജയേന്ദ്രയെ ആ സ്ഥാനത്ത് സ്ഥിരപ്പെടുത്താനാണ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നതെങ്കിൽ അതിനെതിരെയാണ് വിമതപക്ഷം തന്ത്രപൂർവ്വം നീങ്ങുന്നത്.യഡിയൂരപ്പയെ വീണ്ടും നിരാശപ്പെടുത്താൻ ദേശീയനേതാക്കൾക്ക് താല്പര്യമില്ല. അദ്ദേഹത്തിനും വിമതപക്ഷത്തിനും സമ്മതനായ മറ്റൊരു നേതാവിനെ കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അങ്ങനെ കണ്ടെത്തുന്ന ആൾ ദേശീയ നേതാക്കൾക്കും സ്വീകാര്യനായിരിക്കണം എന്നിടത്താണ് പ്രശ്നം കീറാമുട്ടിയായി മാറുന്നത്.
Photo Courtesy - Google











