09:15pm 14 June 2024
NEWS
ദ്വൈവാര ഫലങ്ങൾ: 2024 ഏപ്രിൽ 1 മുതൽ 15 വരെ (1199 മീനം 19 മുതൽ മേടം 2 വരെ)
01/04/2024  08:23 AM IST
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
ദ്വൈവാര ഫലങ്ങൾ: 2024 ഏപ്രിൽ 1 മുതൽ 15 വരെ (1199 മീനം 19 മുതൽ  മേടം 2 വരെ)
HIGHLIGHTS

 

ഗ്രഹപ്പകർച്ച
ഏപ്രിൽ 13 ന് രാത്രി 9 മണി 6 മിനിട്ടിന് 
മിഥുനക്കൂറിൽ മേടരവിസംക്രമം
ഏപ്രിൽ 9 ന് രാത്രി 9 മണി 31 മിനിട്ടിന് 
ബുധൻ മീനം രാശിയിലേക്ക് പകരും
ഏപ്രിൽ 5 ന് ഏകാദശിവ്രതം. പകൽ 8 മണി 12 മിനിട്ട് 
മുതൽ വൈകിട്ട് 6 മണി 42 മിനിട്ട് വരെ ഹരിവാസരം
ഏപ്രിൽ 6 ന് പ്രദോഷവ്രതം

 

മേടക്കൂറ്: 
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
ലഗ്നത്തിൽ ബുധൻ, വ്യാഴം, ആറിൽ കേതു, പതിനൊന്നിൽ കുജൻ, ശനി, പന്ത്രണ്ടിൽ ആദിത്യൻ, ശുക്രൻ രാഹു ഇതാണ് ഗ്രഹനില.
ചെലവുകൾ കൂടുതലാകും. കഫക്കെട്ടിന്റെ ഉപദ്രവം വർദ്ധിക്കും. കണ്ണിന് കാഴ്ച മങ്ങും. സജ്ജനസംസർഗ്ഗം നല്ലവണ്ണം ഉണ്ടാകും. വാഹനങ്ങൾ വാങ്ങാൻ നല്ല സമയമാണ്. വൈദ്യശാസ്ത്ര രംഗത്തുള്ളവർക്ക് നല്ലവണ്ണം ശോഭിക്കാൻ സാധിക്കും. ശത്രുക്കളെ ബന്ധുജനങ്ങളെപ്പോലെ സ്‌നേഹിക്കാനവസരം ഉണ്ടാകും. രോഗാരിഷ്ടതകൾക്ക് കുറവ് വരികയില്ല. മനഃസ്വസ്ഥത കുറയും. വീട്ടിലും കലഹങ്ങൾ ഉണ്ടാകും. നാൽക്കാലിവളർത്തലിൽ മെച്ചം കിട്ടും. പ്രാർത്ഥനകൾക്ക് ഫലം കുറയും. ഉപാസനയിൽ ചാഞ്ചല്യം ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ബന്ധുജനങ്ങളോടുള്ള കലഹം കൂടുതലാകും. വാക്‌ദോഷം ശ്രദ്ധിക്കണം. ജീവിതപങ്കാളിക്ക് മെച്ചപ്പെട്ട സ്ഥിതിയുണ്ടാകും. മക്കൾക്ക് അഭിവൃദ്ധിയുണ്ടാകും.
ദോഷപരിഹാരാർത്ഥം ഭഗവതി ക്ഷേത്രത്തിൽ വനദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'തത് പുരുഷായ വിദ്മഹേ
 മഹാസേനായ ധീമഹി
തന്നോഷൺമുഖ പ്രചോദയാത്.'
ഈ സുബ്രഹ്മണ്യസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. 

ഇടവക്കൂറ്: 
(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
അഞ്ചിൽ കേതു,  പത്തിൽ കുജൻ, ശനി, പതിനൊന്നിൽ ആദിത്യൻ, ശുക്രൻ, രാഹു, പന്ത്രണ്ടിൽ ബുധൻ, വ്യാഴം ഇതാണ് ഗ്രഹനില.
വ്യയാധിക്യം ഉണ്ടാകും. ഇഷ്ടമുള്ള ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കും. യാത്രയ്ക്കിടയിൽ വൈഷമ്യങ്ങളുണ്ടാകും. ശത്രുപീഡകൾ കൂടുതലാകും. വീട്ടിലും മനസ്സിനും സ്വസ്ഥത കുറയും. മക്കളെക്കൊണ്ട് ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ധനാഗമം ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പ്രാർത്ഥനകൾക്ക് ഫലം കുറയും. ഗവൺമെന്റിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. രോഗാരിഷ്ടതകൾ ശ്രദ്ധിക്കണം. സ്‌നേഹിതന്മാരുടെ സഹായം ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ദുഷ്‌കീർത്തിയുണ്ടാകും. തൊഴിൽരംഗത്ത് അഗ്നിബാധ, യന്ത്രത്തകരാറ് എന്നിവയുണ്ടാകാനിടയുണ്ട്. അമ്മയ്ക്ക് ക്ലേശാനുഭവങ്ങളുണ്ടാകും. സഹായികൾ മൂലം ധനനഷ്ടം ഉണ്ടാകാനിടയുണ്ട്.
ദോഷപരിഹാരാർത്ഥം ഗണപതിഹോമം കഴിക്കുകയും
'സരസിജനിലയേ 
സരോജഹസ്‌തേ ധവള തവാംഗുക
ഗന്ധമാല്യശോേഭ, ഭഗവതി 
ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം.'
ഈ ദേവീസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. 

മിഥുനക്കൂറ്:
(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
നാലിൽ കേതു,  ഒൻപതിൽ കുജൻ, ശനി, പത്തിൽ ആദിത്യൻ, ശുക്രൻ, രാഹു പതിനൊന്നിൽ ബുധൻ, വ്യാഴം ഇതാണ് ഗ്രഹനില.
ധനലാഭങ്ങൾക്കനുസരിച്ച് ധനനഷ്ടങ്ങളും ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ തൊഴിൽ ലഭിക്കാനും സാദ്ധ്യതയുണ്ട്. ശരീരക്ലേശങ്ങൾ ഉണ്ടാകും. കഠിനാദ്ധ്വാനം ചെയ്യേണ്ടതായിവരും. സഹോദരങ്ങൾ അകറ്റിനിർത്താൻ ശ്രമിക്കും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. സജ്ജനങ്ങളുമായി ഇടപഴകാൻ സാധിക്കും. വാഹനങ്ങൾ വാങ്ങാൻ പറ്റിയ സമയമാണ്. യാത്രകൾ വേണ്ടിവരും. കായികാഭ്യാസപ്രകടനങ്ങളിൽ താൽപ്പര്യം കൂടുതലാകും. എല്ലായിടത്തും വിജയം നേടാനാകില്ല. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടാനാകും. മൂത്രാശയബന്ധിയായ രോഗങ്ങൾ ശ്രദ്ധിക്കണം.
ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ഐകമത്യ സൂക്ത പുഷ്പാഞ്ജലി കഴിക്കുകയും
'യാ ശ്രീം സ്വയം സുകൃതിനാം ഭവനേഷ്യലക്ഷ്മീഃ
പാപാത്മനാം കൃതധിയാം ഹൃദയേഷ്ഠബുദ്ധിഃ
ശ്രദ്ധാസതാം കലജനപ്രഭവസ്യ ലജ്ജാ
താം ത്വാം തനാഃസ്മ പരിപാലയ ദേവിവിശ്വം.'
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കർക്കിടകക്കൂറ്:
(പുണർതം 4-ാം പാദം, പൂയം, ആയില്യം)
മൂന്നിൽ കേതു,  അഷ്ടമത്തിൽ കുജൻ, ശനി, ഒൻപതിൽ ആദിത്യൻ, ശുക്രൻ, രാഹു, പത്തിൽ ബുധൻ, വ്യാഴം ഇതാണ് ഗ്രഹനില.
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. മരണതുല്യമായ അവസ്ഥകൾ ഉണ്ടാകും. വ്രണങ്ങൾ, രക്തബന്ധിയായ അസുഖങ്ങൾ, മനോവിഷമം ഇവയുണ്ടാകും. ധനലാഭങ്ങൾ ഉണ്ടാകും. ധർമ്മകാര്യപ്രവർത്തനങ്ങൾ ഭംഗിയായി നടത്താനാകും. ഉപാസനകൾക്ക് ഭംഗംവരും. സഹോദരബന്ധങ്ങൾ വഷളാകും. ദാമ്പത്യകലഹങ്ങളുണ്ടാകും. ഗൃഹനിർമ്മാണം തുടങ്ങാം. കൊടുക്കൽ വാങ്ങലുകളിൽ വലിയ ലാഭം കിട്ടുകയില്ല. തൊഴിൽരംഗം മെച്ചപ്പെടും. വാക്‌ദോഷം നിമിത്തം കലഹങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾക്ക് തടസ്സങ്ങളുണ്ടാകും.
ദോഷപരിഹാരാർത്ഥം ശിവങ്കൽ മൃത്യുഞ്ജയ മന്ത്രപുഷ്പാഞ്ജലി കഴിച്ച്
'അംബാ മോഹിനീ ദേവതാ ത്രിഭുവനീ
ആനന്ദസന്ദായിനീ
വാണീപല്ലവ പാണിവേണുമുരളീ-
ഗാനപ്രിയാ ലോലിനീ
കല്യാണീ ഉഡുരാജബിംബവദനാ
ധൂമ്രാക്ഷ സംഹാരിണീ
ചിദ്രൂപീ പരദേവതാ ഭഗവതി
ശ്രീരാജരാജേശ്വരി.'
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:
(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടിൽ കേതു,  ഏഴിൽ കുജൻ, ശനി, അഷ്ടമത്തിൽ ആദിത്യൻ, ശുക്രൻ, രാഹു, ഒൻപതിൽ ബുധൻ, വ്യാഴം ഇതാണ് ഗ്രഹനില.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. ഭാര്യ- ഭർത്തൃ കലഹങ്ങൾ ഇവയുണ്ടാകും. നേത്രരോഗം, ഉദരരോഗം ഇവ ശ്രദ്ധിക്കണം. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. മക്കൾക്ക് ക്ഷേമൈശ്വര്യങ്ങളുണ്ടാകും. പുതിയ ഗൃഹോപകണങ്ങൾ വാങ്ങാനാകും. പലവിധ സുഖാനുഭവങ്ങളുണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകില്ല. നാൽക്കാലിവളർത്തൽ ലാഭകരമാകും. തൊഴിൽരംഗം പുഷ്ടിപ്പെടും. ധനത്തെ സംബന്ധിച്ച് കലഹങ്ങളുണ്ടാകാനിടയുണ്ട്. മക്കൾക്ക് മനഃക്ലേശം ഉണ്ടാകും.
ദോഷപരിഹാരാർത്ഥം വിദ്യാർത്ഥികൾ ഭഗവതിക്ഷേത്രത്തിൽ ശ്രീവിദ്യാമന്ത്ര പുഷ്പാഞ്ജലിയും മറ്റുള്ളവർ ത്രിപുര സുന്ദരീ മന്ത്രപുഷ്പാഞ്ജലിയും കഴിച്ച്,
'മയൂരാധിരൂഢം മഹാവാക്യഗൂഢം
മനോഹാരിദേഹം മഹച്ചിത്തഗേഹം
മഹീ ദേവം ദേവം മഹാദേവ ഭാവം
മഹാദേവബാലം ഭജേ ലോകപാലം'
ഈ സുബ്രഹ്മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:
(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
ലഗ്നത്തിൽ കേതു,  ആറിൽ കുജൻ, ശനി, ഏഴിൽ ആദിത്യൻ, ശുക്രൻ, രാഹു, അഷ്ടമത്തിൽ ബുധൻ, വ്യാഴം ഇതാണ് ഗ്രഹനില.
ദൈന്യഭാവം ആയിരിക്കും. ധനാഗമങ്ങൾ ഉണ്ടാകും. ലോഹവസ്തുക്കൾ വാങ്ങാനാകും. എപ്പോഴും കലഹഭയം ഉണ്ടായിരിക്കും. കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കൾക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. ത്വക്ക്‌രോഗം, ഉദരവ്യാധി, വായുകോപം ഇവ ശ്രദ്ധിക്കണം. കഠിനമായ ദുഃഖാനുഭവങ്ങളുണ്ടാകും. ശരീരക്ഷീണം ഉണ്ടാകും. ബന്ധനാവസ്ഥവരെ ഉണ്ടാകാനിടയുണ്ട്. അപവാദങ്ങൾ കേൾക്കാനിടവരും. സ്ത്രീ/പുരുഷന്മാരുടെ ഉപദ്രവം ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറും. കടം കൊടുത്ത പണത്തിനായി കലഹിക്കേണ്ടതായിവരും. വ്യവഹാര വിഷയങ്ങളിൽ പരാജയം ഉണ്ടാകും.
ദോഷപരിഹാർത്ഥം സുബ്രഹ്മണ്യന് പാലഭിഷേകവും കർപ്പൂരാരാധനയും നടത്തി, 
'അർച്ചിരാദിഗതിമീദൃശീം വ്രജൻ
വിച്യുതിം നഭജതേ ജഗൽപതേ
സച്ചിദാത്മക ഭവദ് ഗുണോദയാ-
നുച്ചരന്തമനിലേശ പാഹിമാം'
ഈ വിഷ്ണുസ്തുതി നിത്യവും രണ്ടുനേരം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ് 
(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
 അഞ്ചിൽ കുജൻ, ശനി, ആറിൽ ആദിത്യൻ, ശുക്രൻ, രാഹു, ഏഴിൽ ബുധൻ, വ്യാഴം പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
മനഃസ്വസ്ഥത കുറയും. ദുഷ്ചിന്തകൾ കൂടുതലാകും. രോഗാരിഷ്ടതകളും ദുഃഖാനുഭവങ്ങളും കൂടുതലാകും. മക്കളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടാകും. ബുദ്ധിസാമർത്ഥ്യവും വാക്‌സാമർത്ഥ്യവും കൊണ്ട് കാര്യങ്ങൾ നടത്താനാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം കൂടുതലാകും. അർശ്ശോരോഗം, മൂത്രാശയ ബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. വേണമെങ്കിൽ ശസ്ത്രക്രിയ നടത്താം. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ദൂരയാത്രകൾ വേണ്ടിവരും. പാപകർമ്മങ്ങളേയും സത്യത്തേയും മറച്ചുവച്ച് സംസാരിക്കേണ്ടതായിവരും. ആലോചനയിലുള്ള പുനർവിവാഹങ്ങൾ നടത്താം. തർക്കവിഷയങ്ങളിൽ വിജയം നേടും. പുതിയ വീടിനുള്ള ശ്രമം വിജയത്തിലെത്തും. തർക്കവിഷയങ്ങളിൽ വിജയം നേടും. പുതിയ വീടിനായുള്ള ശ്രമം തുടരും.
ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ശത്രുതാസംഹാര മന്ത്രപുഷ്പാഞ്ജലിയും കഴിച്ച്,
'അസം ഗോഹമസംഗോഹമസം ഗോഹം പുനഃ പുനഃ
സച്ചിദാനന്ദ രൂപോഹ മേവാവാഹമവ്യയഃ'
ഈ സ്‌തോത്രം നിത്യവും ജപിച്ച് മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് 
(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
 നാലിൽ കുജൻ, ശനി, അഞ്ചിൽ ആദിത്യൻ, ശുക്രൻ, രാഹു, ആറിൽ ബുധൻ, വ്യാഴം, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.
മനസ്സിലും വീട്ടിലും അസ്വസ്ഥതകൾ കൂടുതലാകും. വീട്ടിലെ കലഹങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ശത്രുക്കളിൽ നിന്ന് ദുഃഖാനുഭവങ്ങളുണ്ടാകും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ഉദരബന്ധിയായ രോഗങ്ങൾ, പനി, ചുമ ഇവ ശ്രദ്ധിക്കണം. ചില ഭാഗ്യാനുഭവങ്ങളുണ്ടാകും. സ്ഥാനമാനങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഒന്നിലും തൃപ്തി തോന്നുകയില്ല. ധനലാഭങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. ബന്ധുജനങ്ങൾക്ക് ക്ഷേമം ഉണ്ടാകും. മനോവിചാരമേറും. കലഹവാസന കൂടുതലാകും. തർക്കവിഷയങ്ങളിൽ വിജയം നേടും. അസമയത്തെ യാത്ര, വാക്ക്തർക്കങ്ങൾ ഇവ ഒഴിവാക്കണം. തൊഴിൽരംഗത്തുനിന്നും വരുമാനം വർദ്ധിക്കും. പഴയകാല സുഹൃത്തുക്കളെ കാണാനാകും.
ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ കുരുതി പുഷ്പാഞ്ജലി നടത്തുകയും
'ശ്രീമാമഹസ്തവ മുഖഞ്ച ജനസ്തപസ്തു
ഫാലം ശിരസ്തവ സമസ്തയസ്യസത്യം.
ഏവം ജഗന്മയ തനോ! ജഗദാശ്രിതൈര-
പൃനൈ്യർ നിബദ്ധവപുഷേ ഭഗവൻ നമസ്‌തേ.'
ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. 

ധനുക്കൂറ് 
(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
 മൂന്നിൽ കുജൻ, ശനി, നാലിൽ ആദിത്യൻ, ശുക്രൻ, രാഹു, അഞ്ചിൽ ബുധൻ, വ്യാഴം, പത്തിൽ കേതു ഇതാണ് ഗ്രഹനില.
സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. അമ്മയുമായുള്ള കലഹങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പുതിയ വീട് പണിയാം. ശത്രുക്ഷയം ഉണ്ടാകും. ഭാര്യയോടും/ ഭർത്താവിനോടും മക്കളോടും എപ്പോഴും കലഹമായിരിക്കും. ഏത് പ്രതിസന്ധിയേയും നിശ്ചയദാർഢ്യത്തോടെ നേരിടാനാകും. വിവാഹാലോചനകൾ സഫലമാകും. വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും. തൊഴിൽസ്ഥലത്ത് കലഹങ്ങളും തൊഴിൽസ്തംഭനവും ഉണ്ടാകാനിടയുണ്ട്. മക്കളെക്കൊണ്ട് സമാധാനവും സന്തോഷവും കിട്ടും. കച്ചവടത്തിൽ ലാഭം കിട്ടും. കമിതാക്കളുടെ പ്രണയം സഫലമാകും. വന്ധ്യതാ ചികിത്സകൾ സഫലമാകും. പണം ക്രമം വിട്ട് ചെലവാകും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
ദോഷപരിഹാരാർത്ഥം ശിവങ്കൽ ധാര കഴിക്കുകയും, 
'അരവിന്ദ ബാന്ധവനേ,
ആബൽവൈരി, 
അർക്കരവിവാർത്താണ്ഡ
കരം പാദം തൊട്ട് 
ഒൻപതുചാൽ
ശരീരത്തിൽ 
കലർന്നുള്ളൊരു 
മഹാബാധ 
ഒഴിച്ചിടേണം നാഥ.'
ഈ ആദിത്യസ്‌തോത്രം നിത്യവും രാവിലെ ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:
(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
രണ്ടിൽ കുജൻ, ശനി, മൂന്നിൽ ആദിത്യൻ, ശുക്രൻ, രാഹു, നാലിൽ ബുധൻ, വ്യാഴം, ഒൻപതിൽ കേതു, ഇതാണ് ഗ്രഹസ്ഥിതി.
ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ധനലാഭൈശ്വര്യങ്ങളുണ്ടാകും. തൊഴിൽരംഗം പുഷ്ടിപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വാക്‌ദോഷം കൊണ്ടുള്ള കലഹങ്ങൾ ഉണ്ടാകും. സംസാരത്തിൽ മിതത്വം പാലിക്കണം. കഠിനവാക്കുകൾ പറഞ്ഞ് മറ്റുള്ളവരെ വേദനിപ്പിക്കും. ഗൃഹനിർമ്മാണം നടത്താം. ധനത്തെ സംബന്ധിച്ചും ഭൂമിയെ സംബന്ധിച്ചും കലഹങ്ങളുണ്ടാകാനിടയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവങ്ങളുണ്ടാകും. മനോവിചാരങ്ങൾ കൂടുതലാകും. ബന്ധുജനങ്ങൾക്കും കുടുംബ ജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ പദ്ധതികൾ തുടങ്ങാം. എന്തൊക്കെയുണ്ടെങ്കിലും ഒരു സുഖം തോന്നാത്ത സ്ഥിതിയുണ്ടാകും.
ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ത്രിപുരസുന്ദരിമന്ത്ര പുഷ്പാഞ്ജലിയും നടത്തി
'പ്രാതഃ സ്മരാമി 
ലളിതാവദനാരവിന്ദം
ബിംബാധര പൃഥുലമൗക്തിക ശോഭിനാസം
ആകർണ്ണ ദീർഘനയനം മണികുണ്ഡലാഢ്യം
മന്ദസ്മിതം മൃഗമഭോജ്ജ്വല ഫാലദേശം.'
ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:
(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ കുജൻ, ശനി, രണ്ടിൽ ആദിത്യൻ, ശുക്രൻ, രാഹു, മൂന്നിൽ ബുധൻ, വ്യാഴം, അഷ്ടമത്തിൽ കേതു ഇതാണ് ഗ്രഹനില.
സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ഗവൺമെന്റിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾ കിട്ടും. ധനനാശങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരത്തിന് ക്ഷീണവും ചടവും ഉണ്ടാകും. ശത്രുഭയം, പോലീസ് തുടങ്ങിയ അധികാരസ്ഥാനത്ത് നിന്നുള്ള ഭീതി ഇവയുണ്ടാകും. സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. ചില സുഖാനുഭവങ്ങളുണ്ടാകും. ആപത്ഭീതി എപ്പോഴും ഉണ്ടാകും. തർക്കവിഷയങ്ങളിലോ, മദ്ധ്യസ്ഥത ശ്രമങ്ങളിലോ ഏർപ്പെടരുത്. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും. റിക്കാർഡുകളിലും മറ്റും ഒപ്പിടുന്നതും അംഗീകരിക്കുന്നതും ശ്രദ്ധിച്ചുവേണം. നിശ്ചയദാർഢ്യത്തോടെ, ഈശ്വരാർപ്പണമായി എല്ലാം നേരിടാൻ സാധിക്കും. അവിചാരിതമായ ചില ധനാഗമങ്ങൾക്കിടയുണ്ട്. എല്ലാം മനസ്സിലൊതുക്കുന്ന ഒരു രീതിയായിരിക്കും. 
ദോഷപരിഹാരാർത്ഥം ഗണപതിക്ക് അപ്പം വഴിപാട് നടത്തുകയും
'സംസാരചക്രമയീ! ചക്രധര!ക്രിയാസ്‌തേ
വീര്യം മഹാസുരഗണോ ള സ്ഥി കുലാനി ശൈലാഃ
നാഢ്യഃ സരിത്സ മുദയസ്തരവശ്ച രോമ
ജിയാ ദിദം വപുര നിർവചനീയ മീശ!'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്
(പൂരുരുട്ടാതി 4-ാം പാദം,  ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ ആദിത്യൻ, ശുക്രൻ, രാഹു, രണ്ടിൽ ബുധൻ, വ്യാഴം, ഏഴിൽ കേതു,  പന്ത്രണ്ടിൽ കുജൻ, ശനി ഇതാണ് ഗ്രഹനില.
സഹോദരങ്ങൾക്കഭിവൃദ്ധിയുണ്ടാകും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം നടത്താം. ധനാഗമങ്ങൾ ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. ദാമ്പത്യകലഹങ്ങൾ ഉണ്ടാകും. വഴിയാത്രകൾ വേണ്ടിവരും. ശരീരക്ഷീണം കൂടുതലാകും. പലവിധ അനർത്ഥങ്ങൾക്കും ഇടയുണ്ട്. ദുർവ്യയങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത കിട്ടുകയില്ല. ആധിവ്യാധികൾ കൂടുതലാകും. വിശേഷവാദ്യാലങ്കാരങ്ങൾ ഉണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭിക്കും. വിവാഹാലോചനകൾ മുടങ്ങിപ്പോകും. വിവാഹമോചനക്കേസുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. തൊഴിൽരംഗത്തുനിന്നുള്ളവരുടെ വരുമാനം വർദ്ധിക്കും. ഭാര്യയ്ക്ക്/ ഭർത്താവിന് രോഗാരിഷ്ടതകളുണ്ടാകും. ദുഷ്ചിന്തകളും ദുർബുദ്ധിയും നിയന്ത്രിക്കണം. ഉപാസനകൾക്ക് പ്രാധാന്യം കൊടുക്കണം.
ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ മഞ്ഞൾപ്പൊടി ചാർത്തി കദളിപ്പഴവും നിവേദിക്കുകയും
'പ്രാതൽ വദാമി ലളിതേ തവ പുണ്യനാമ
കാമേശ്വരീതി കമലേ തി മഹേശ്വരീതി
ശ്രീ ശാംഭവീതി ജഗതാം ജനനീപരേതി
വാഗ്‌ദേവ തേതി വചസാത്രിപുരേശ്വരീതി'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.   

 

ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512
വ. പറവൂർ

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY