06:10pm 23 October 2026
NEWS
വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന് ഗോസംരക്ഷകന്റെ പരാതി
22/02/2026  08:24 AM IST
nila
വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന് ഗോസംരക്ഷകന്റെ പരാതി

ചണ്ഡിഗഡ്: വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയുമായി സ്വയം പ്രഖ്യാപിത ഗോസംരക്ഷകനായ ബിട്ടു ബജ്റംഗി. ബിട്ടുവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിട്ടുവിന്റെ അയൽവാസിയുടെ ബന്ധുവായ ബണ്ടിയും റാണിയുമാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.

ഫരീദാബാദ് ജില്ലയിലെ ഗാസിപുരിൽ പച്ചക്കറി വ്യാപാരിയാണ് ബിട്ടു. വിവാഹം കഴിക്കാനുള്ള ആഗ്രഹം ബിട്ടു അയൽവാസിയോട് പങ്കുവെച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തുടർന്ന് അയൽവാസി തന്റെ ബന്ധുവായ ബണ്ടിയെ ബിട്ടുവിന് പരിചയപ്പെടുത്തി. കുറച്ചുദിവസങ്ങൾക്കകം ബണ്ടി, റാണി എന്ന സ്ത്രീയെ കൂടി പരിചയപ്പെടുത്തി. വിവാഹം ആഗ്രഹിക്കുന്നതായി പറഞ്ഞ് നിരവധി യുവതികളുടെ ചിത്രങ്ങൾ ബിട്ടുവിന് കൈമാറിയ ഇവർ, അതിൽ നിന്ന് ഒരാളുടെ ചിത്രം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു.

തിരഞ്ഞെടുത്ത യുവതിയുമായി വിവാഹം നിശ്ചയിച്ചതായും കുടുംബാംഗങ്ങൾ തമ്മിൽ ധാരണയായതായും ബണ്ടിയും റാണിയും അറിയിച്ചു. 2025 സെപ്റ്റംബർ 5ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളോടൊപ്പം ബണ്ടിയും റാണിയും ബിട്ടുവിനെ കാണാനെത്തി. തുടർന്ന് ഫെബ്രുവരി 7ന് വിവാഹം നടക്കുമെന്ന തീരുമാനത്തിലെത്തുകയും ചെയ്തു. വിവാഹച്ചെലവിനായി വധുവിന് വസ്ത്രങ്ങൾ വാങ്ങാൻ 30,000 രൂപ ബിട്ടു ബണ്ടിക്ക് കൈമാറിയതായും പരാതിയിൽ പറയുന്നു.

എന്നാൽ ഫെബ്രുവരി 7ന് വിവാഹഘോഷയാത്രയുമായി ബിട്ടു അലിഗഡിലെത്തിയപ്പോൾ വധുവിന്റെ വീട്ടിൽ ആരെയും കണ്ടില്ല. പിന്നീട് ബണ്ടിയുടെയും റാണിയുടെയും മൊബൈൽ ഫോണുകൾ ഓഫായ നിലയിലായിരുന്നുവെന്നും ബിട്ടു പൊലീസിനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ബണ്ടിയുടെയും റാണിയുടെയും പേരിൽ പൊലീസ് കേസെടുത്തു അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, തനിക്ക് വിവാഹത്തിൽ വ്യക്തിപരമായ താൽപര്യമില്ലായിരുന്നുവെന്നും മരിച്ചുപോയ സഹോദരന്റെ മകളുടെ ഭാവി കണക്കിലെടുത്താണ് വിവാഹത്തിന് സമ്മതിച്ചതെന്നും ബിട്ടു ബജ്റംഗി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img