02:20am 07 November 2026
NEWS
ബിഷ്‌ണോയ് സംഘം: ബോളിവുഡിന്റെ ഉറക്കം കെടുത്തുന്ന അധോലോക ഗ്രൂപ്പ്
08/03/2026  10:08 AM IST
പെരുമൺ ഗോപാലകൃഷ്ണൻ, മുംബയ്
ബിഷ്‌ണോയ് സംഘം: ബോളിവുഡിന്റെ ഉറക്കം  കെടുത്തുന്ന അധോലോക ഗ്രൂപ്പ്

മഹാനഗരത്തിന്റെ അധോലോകത്ത് വേരുറപ്പിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ്   കാനഡയിൽ ജയിലിൽ കഴിയുന്ന അധോലോക കുറ്റവാളി ലാറൻസ് ബിഷ്‌ണോയ്.
ഒരു കാലത്ത് മുംബയ് മഹാനഗരത്തെ വിറപ്പിച്ചു കൊണ്ടിരുന്ന അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ, അരുൺ ഗവളി എന്നിവർ മിക്കവാറും പത്തിമടക്കിക്കഴിഞ്ഞു. ഛോട്ടാ രാജൻ ജയിലിൽ നരകികുമ്പോൾ, അരുൺ ഗവളി 18 വർഷത്തെ ജയിൽവാസത്തിനു ശേഷം സെപ്റ്റംബർ 2025 മുതൽ ജാമ്യത്തിലാണ്. ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ ഒളിവുജീവിതം നയിക്കുന്നു. ദാവൂദ് ഇനിയും തന്റെ കുറ്റകൃത്യ ജീവിതം അവസാനിപ്പിച്ചിട്ടില്ല.

ഫെബ്രുവരി 14 ന് പൊലീസിനു ലഭിച്ച പരാതി പ്രകാരം  ബോളിവുഡ് സെലിബ്രെറ്റികളിൽ അവസാനം ഭീഷണി വന്നത് നടി ഹിമാൻഷി ഖുറാണയ്ക്കാണ്.  ഇവരിൽ നിന്ന് 10 കോടി രൂപയാണ്  ഗണ്ടാപ്പണം ആവശ്യപ്പെട്ടത്.  ബിഷ്‌ണോയ് അംഗം സീശൺ അഖ്തർ ഗ്രൂപ്പിലെ അംഗമാണെന്നാണ് ഇമെയിൽ അയച്ചയാൾ അവകാശപ്പെട്ടത്.
ഫെബ്രുവരി 10 ന് കോടികൾ ആവശ്യപ്പെട്ട് പ്രമുഖ നടൻ റൺവീർ സിംഹിനും ഭീഷണി വന്നിരുന്നു. ബിഷ്‌ണോയ് സംഘത്തിലെ  ഹാരി ബോക്‌സർ ആളാണ് സന്ദേശം അയച്ചത്.

10 കോടി ആവശ്യപ്പെട്ട് ഗായകൻ ബി. പ്രാക്കിനും, നടൻ സൽമാൻ ഖാന്റെ സഹോദരീ ഭർത്താവും നടനുമായ ആയുഷ് ശർമയ്ക്കും ഭീഷണി വന്നു.
ഈ പരമ്പരയിലെ ആദ്യ ഇര ചലച്ചിത്രകാരൻ റോഹിത് ഷെട്ടിയാണ്. ഫെബ്രുവരി ഒന്നിന് ഇദ്ദേഹത്തിന്റെ പശ്ചിമ മുംബയിലെ  ജുഹുവിൽ  ഫ്‌ളാറ്റിനു പുറത്ത്  പാതിരാത്രി 12.45ന്  5 വെടിവച്ചതിനെ തുടർന്നാണ് ഇതു വാർത്തയാകുന്നത്. തുടർന്നു സോഷ്യൽ മീഡിയായിൽ പ്രത്യക്ഷപ്പെട്ട സന്ദേശമിങ്ങനെ:

'റാം റാം, ജയ് ബജ്‌രംഗ് ബലി, എല്ലാ സഹോദരന്മാർക്കും,  മുംബയിൽ ഫിലിം സംവിധായകൻ റോഹിത് ഷെട്ടിയുടെ വീട്ടിൽ (ഷെട്ടി ടവർ) ഇന്നു വെടിവയ്പ്പു നടത്തിയതിന്റെ ഉത്തരവാദിത്വം ഞങ്ങൾ, ശുഭം ലോൺകർ, ആർസു ഭിഷ്‌ണോയ്, ഹരി ബോക്‌സർ, ഹർമാൻ ശന്ദു എന്നിവർ ഏറ്റെടുക്കുന്നു.
'ഞങ്ങളുടെ തൊഴിലിൽ ഇടപെടരുതെന്ന് പറഞ്ഞ് പലതവണ അയാൾക്ക് സന്ദേശം അയച്ചു പക്ഷേ, അയാൾക്കു മനസ്സിലായിട്ടില്ല. ഇപ്പോൾ ഞങ്ങൾ ചെയ്തത് ചെറിയൊരു ട്രെയിലർ (ഛോട്ടി സി ട്രെയിലർ) മാത്രമാണ്. ഞങ്ങളുടെ സന്ദേശം അനുസരിക്കാതെയിരുന്നാൽ, ബുള്ളറ്റ് വീട്ടിനു പുറത്തല്ല, വീട്ടിനകത്ത്, കിടക്കമുറിയിൽ, നേരിട്ട് നെഞ്ചത്ത്. മുഴുവൻ ബോളിവുഡുകാർക്കുമുള്ള മുന്നറിയിപ്പാണിത്. നിങ്ങൾ ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടാൽ, നിങ്ങളുടെ അവസ്ഥ മഹാദയനീയമായിരിക്കും.... '

നിമിഷങ്ങൾക്കകം, സന്ദേശം അപ്രത്യക്ഷമായെങ്കിലും, അത് ഇളക്കിവിട്ട പ്രകമ്പനം ഇപ്പോഴും തുടരുകയാണ്. ഈ കേസിൽ ഫെബ്രുവരി 16 നകം 11 പ്രതികളെ  പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.
ഇതിൽ ആറുപേരെ ഹര്യാണ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. സംഭവത്തിലെ മുഖ്യപ്രതി ദീപക് ശർമയാണെന്നു മുംബയ് ക്രൈംബ്രാഞ്ച് ഗുണ്ടാപ്പണ വിരുദ്ധ വിഭാഗം പറഞ്ഞു.

നോയ്ഡ നിവാസിയായ ശർമ ഹര്യാണയിലെ ബഹാദൂർഘർ കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ബിഷ്‌ണോയിയുടെ  സംഘാംഗങ്ങൾ ഇയാളുടെ നേതൃത്വത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ 5 പ്രതികളെ പൂണെയിൽ നിന്നു അറസ്റ്റ് ചെയ്തിരുന്നു. ഇവർ പ്രാദേശിക പിന്തുണ നൽകിയ യുവാക്കൾ ആവാമെന്നും പൊലീസ് പറയുന്നു. ഇതിനിടെ ഫെബ്രുവരി രണ്ടാം വാരത്തിൽ ഷെട്ടിക്ക് ഒരു ഓഡിയോ സന്ദേശംകൂടി വന്നിരുന്നു. ഇതിൽ ഷെട്ടിയുടെ സ്റ്റാഫിനെയാണ് ഭീഷണിപ്പെടുത്തുന്നത്.
റോഹിത് ഷെട്ടിയോടുള്ള വൈരാഗ്യം എന്താണെന്നോ വെടിവയ്പ് എന്തിനാണെന്നോ ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ, ഗുണ്ടാപ്പണ ഭീഷണി ഉറപ്പായിട്ടും ഉണ്ടാകണമെന്നും പൊലീസിനു സംശയമുണ്ട്.

മഹാനഗരത്തിൽ ആദ്യം സൽമാൻ ഖാൻ

ബോളിവുഡ് നടൻ സൽമാൻ ഖാനിന്റെ ചോരയ്ക്കു വേണ്ടി പിന്നാലെ നടക്കുകയും പലതവണ അദ്ദേഹത്തിന്റെ പശ്ചിമ മുംബയിൽ ബാന്ദ്രായിലെ ബംഗ്ലാവിലും  പൻവേലിലെ ഫാം ഹൗസിലും വെടിവയ്പു നടത്തുക വഴിയാണ്, പിടിയിലായ പ്രതികളുടെ നേതാവായ ലാറൻസ് ബിഷ്‌ണോയ് യെപ്പറ്റി മഹാനഗരത്തിൽ കേട്ടുതുടങ്ങിയത്.  
ബിഷ്‌ണോയ് സമുദായം പവിത്രമായി കാണുന്ന ഒരിനം കറുത്ത മാനിനെ 1998 ൽ വേട്ടയാടിക്കൊന്നതിന്റെ പ്രതികാരമായി സൽമാനെയും കൊല്ലുമെന്നാണ് ബിഷ്‌ണോയിയുടെ ഭീഷണി.  എന്നാൽ, ഇതു ഗുണ്ടാപ്പണ പിരിവിലേയ്ക്കു വഴിമാറിയതായി റിപ്പോർട്ടുണ്ട്.
തുടർന്ന്, പ്രശസ്ത പഞ്ചാബ് ഗായകനും റാപ്പറുമായ സിദ്ധു മൂസ വാലയെ വധിച്ചതോടെ ഇയാൾ മുംബയിലും കുപ്രസിദ്ധനായി. 2022 മേയ് 29 ന് ആണ് ശുഭ്ദീപ് സിംഹ് സിദ്ധുവെന്ന മൂസവാലയെ വധിച്ചത്

ഖാലിസ്ഥാൻ തീവ്രവാദികളുമായി  ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇയാളുടെ സംഘാംഗങ്ങൾ മുംബയ്‌യിലെ, മുൻമന്ത്രിയും എംഎൽഎയും എൻസിപി നേതാവുമായ  ബാബാ സിദ്ധിഖിനെ, മകന്റെ ഓഫീസിൽ നിന്നു മടങ്ങാൻ കാറിൽ കയറവേ വെടിവച്ചു കൊന്നത് സംസ്ഥാനത്ത് നടുക്കമായി. 2024 ഒക്ടോബർ 12 ന് ആണ് സിദ്ധിഖിനെ വധിച്ചത്. നടൻ സൽമാൻ ഖാനുമായി അടുപ്പമുണ്ടെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. ലാറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് ആണത്രേ സിദ്ധിഖിനെ വധിക്കാൻ അണികൾക്കു നിർദേശം നൽകിയത്. കേസിൽ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിഷ്‌ണോയിയുടെ പേര് ഉപയോഗിച്ചും തട്ടിപ്പ്

ബിഷ്‌ണോയിയുടെ പേര് പറഞ്ഞ്, നഗരത്തിലെ സമ്പന്നരെ സൈബർ തട്ടിപ്പുസംഘം ലക്ഷ്യമിടുന്നുണ്ട്. റോഹിത് ഷെട്ടിയുടെ വീട്ടിൽ വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെ പശ്ചിമ മുംബയിൽ വിലെപാർലെയിലെ ആഭരണ വ്യാപാരി അജിത് ജെയിനിനെ ഗുണ്ടാപ്പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. പണം തന്നില്ലെങ്കിൽ ജയിനെ (46)യും കുടുംബത്തേയും വകവരുത്തുമെന്നും വിദേശത്തു നിന്നു വന്ന ഫോണിൽ  ഭീഷണിപ്പെടുത്തി. ഫെബ്രുവരി 12നു വന്ന ആദ്യ ഭീഷണിക്കു പിന്നാലെ, ഇതേഭീഷണിയുമായി പലതവണ വാട്‌സാപ്പ് സന്ദേശം വന്നു. ജെയിനു ഭീഷണിയിൽ പേടിച്ച് ഒരു വശം തളർന്നു പോയി.

25 ലക്ഷമാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നത്. പൊലീസ് ഇടപെടുന്നതിനു മുൻപ് ഇത് 5 ലക്ഷമായി ജയിൻ കുടുംബം കുറപ്പിച്ചിരുന്നു, പണം വാങ്ങാൻ കുർള ലോക്മാന്യതിലക് ടെർമിനസിൽ എത്തിയ അംഗങ്ങളെ പൊലീസ് പിടികൂടിയപ്പോഴാണ് സംഘം സൈബർ തട്ടിപ്പുകാരെന്നു പൊലീസിനു വ്യക്തമാകുന്നത്.
ഗോവണ്ടി ചിത്ത ക്യാംപിലെ സ്‌ക്രാപ് ഡീലർ മജീദ് സജീത് ഖാൻ (21), ഇതേ മേഖലയിലെ  തുണിക്കട ജീവനക്കാരൻ സഹിൽ ഇലിയാസ് ഷെയ്ഖ് (20), പൂണെ വാറഞ്‌ജെയിലെ പാചകക്കാരൻ ദീപക് നരേന്ദ്ര ദംഗോൾ (19), പൂണെ കാരെഗാവിലെ എസി മെക്കാനിക്ക് ഫൽസൻ ഫിറോസ് ഖാൻ (27) എന്നിവർ കേസിൽ അറസ്റ്റിലായി.
അധോലോകരായ ലാറൻസ് ബിഷ്‌ണോയ്, ശുഭം ലോൺകർ, പ്രവീൺ ലോൺകർ എന്നിവരുടെ പേരുകളാണ് സൈബർ തട്ടിപ്പു സംഘങ്ങൾ ഏറെയും ഉപയോഗിക്കുന്നത്.

നേതാക്കൾ ചുരുക്കം, അണികൾ ഇഷ്ടം പോലെ

എല്ലാ അധോലോക സംഘത്തിലും എന്നപോലെ ബിഷ്‌ണോയ് സംഘത്തിലും നേതാക്കൾ ചുരുക്കമാണ്. അവർ മുകളിലിരുന്ന് ഓർഡർ നൽകും. കീഴ്ജീവനക്കാർ കുറഞ്ഞ തുകയ്ക്ക് കർമം നടത്തിക്കൊള്ളും.  പൊലീസ് പിടിച്ചാലും ഇവരെ മാത്രമേ കിട്ടുകയുള്ളു.
റോഹിത് ഷെട്ടിയുടെ ടവറിനു മുൻപിൽ വെടിവയ്പ് നടത്താൻ 4 കൂട്ടാളികൾക്കായി വാഗ്ദാനം നൽകിയിരുന്നത് 3 ലക്ഷം രൂപയാണ്.  ദീപക് ശർമയാണ് കരാർ ഏറ്റെടുത്തത്.
സഹോദരിയുടെ വിവാഹത്തെ തുടർന്ന് കടം കയറിയ ദീപക് ശർമ സ്വന്തം വീടുപോലും ഈട് വച്ചിരുന്നു. ഈ കടം തീർക്കാൻ ഇയാൾക്ക് പണം വേണമായിരുന്നു. ഈ സാഹചര്യത്തിലാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്നു ശർമ മുംബയ് പൊലീസിനു മൊഴി നൽകി. ശർമയും 3 കൂട്ടാളികളും ചേർന്നാണ് വെടിവയ്പ് നടത്തിയത്. ഇതിന് ഉപയോഗിച്ച തോക്ക് ശർമ പൊലീസിനു കാട്ടിക്കൊടുത്തു.
പൂണെ മേഖലയിൽ നിന്നു 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ കേവലം പ്രാദേശിക പിന്തുണ നൽകിയവരാണെന്നു പൊലീസ് കരുതുന്നു. പൂണെ മേഖല കേന്ദ്രീകരിച്ച് ബിഷ്‌ണോയ് സംഘം വൻ തോതിൽ പുതുതലമുറയെ റിക്രൂട്ട് ചെയ്യുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റോഹിത് ഷെട്ടിയുടെ വസതിക്കു മുൻപിൽ വെടിയുർത്ത സംഘത്തിനു നേതൃത്വം നൽകിയ  ശുഭം ലോൺകർ, ബാബാ സിദ്ധിഖ് വധത്തിലേയും പ്രതിയെന്നു പൊലീസ് പറയുന്നു. ബിഷ്‌ണോയിൽ ആകൃഷ്ടനായ ലോൺകർ, ബലാൽസംഗക്കാരെ മുഴുവൻ കൊന്നൊടുക്കി സമൂഹം ശുദ്ധീകരിക്കണമെന്ന ആവശ്യവുമായി വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയ യുവാവായിരുന്നു.
2024 ഏപ്രിലിൽ സൽമാൻ ഖാന്റെ വീട്ടിനു മുൻപിലും വെടിവയ്പിന് ഉത്തരവാദി ലോൺകർ ആണ്.
പുതിയ അധോലോക സംഘം നഗരത്തിലെ സമ്പന്നരുടെ ഉറക്കം കെടുത്തുകയാണ്. ബോളിവുഡ് സെലിബ്രെറ്റികളിൽ തന്നെ ഭീഷണി ലഭിച്ചിട്ടുള്ളവർ ഇനിയുമുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്.
അധോലോകരുടെ ഭീഷണിക്കെതിരെ സിനിമ ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡണവീസിന് പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img