
ജനനവും മരണവും കൃത്യസമയത്ത് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനി കൂടുതൽ നടപടിക്രമങ്ങളും പിഴയും നേരിടേണ്ടിവരും. പാർലമെന്റ് പാസാക്കിയ നിയമഭേദഗതിക്ക് രാഷ്ട്രപതി കഴിഞ്ഞ മാസം അംഗീകാരം നൽകിയതോടെയാണ് പുതിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.
ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യുന്നത് പൗരന്റെ ഉത്തരവാദിത്തമാണെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. രജിസ്ട്രേഷൻ വൈകുന്നതിനനുസരിച്ച് ആവശ്യമായ അനുമതിയും പിഴയും വർധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.
ജനനം അല്ലെങ്കിൽ മരണം നടന്നതിന് ശേഷം 21 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്താൽ ഫീസോ പിഴയോ നൽകേണ്ടതില്ല. 21 മുതൽ 30 ദിവസം വരെ വൈകിയാൽ നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ നടത്താം.
ഒരു മാസം മുതൽ ഒരു വർഷം വരെ വൈകുന്ന കേസുകളിൽ ബന്ധപ്പെട്ട സർക്കാർ അധികാരിയുടെയോ ജില്ലാ രജിസ്ട്രാറുടെയോ അനുമതി ആവശ്യമായി വരും. ഇതിനൊപ്പം അധികൃതർ നിശ്ചയിക്കുന്ന പിഴയും അടയ്ക്കേണ്ടിവരും.
ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകിയാൽ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതി നേടണം. ഈ ഘട്ടത്തിലും പിഴ ബാധകമായിരിക്കും.
എന്നാൽ രണ്ട് വർഷത്തിന് ശേഷമാണ് ജനനമോ മരണമോ രജിസ്റ്റർ ചെയ്യുന്നതെങ്കിൽ നടപടികൾ കൂടുതൽ കർശനമാകും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതി പത്രം നിർബന്ധമാകും. വൈകിയ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പിഴയും ഇതോടൊപ്പം നൽകേണ്ടിവരും.
ജനന സർട്ടിഫിക്കറ്റിന്റെ ഔദ്യോഗിക പ്രാധാന്യവും പുതിയ നിയമത്തോടെ കൂടുതൽ വർധിക്കും. സ്കൂൾ പ്രവേശനം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങി വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്ക് പ്രായവും ജനനസ്ഥലവും തെളിയിക്കുന്ന പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് ഉപയോഗിക്കേണ്ടിവരും.
ജനന-മരണ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ഇതോടൊപ്പം നടപ്പാക്കും. സമയബന്ധിതമായ രജിസ്ട്രേഷൻ ഉറപ്പാക്കുന്നതിനും വൈകിയുള്ള രജിസ്ട്രേഷനുകൾ നിയന്ത്രിക്കുന്നതിനുമാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.










