07:31am 11 November 2026
NEWS
സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും
12/09/2025  08:54 AM IST
nila
 സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് റെഡ് വാളണ്ടിയർ പരേഡും പൊതുസമ്മേളനത്തോടും കൂടിയാണ് സമ്മേളനം അവസാനിക്കുക. ഇന്ന് ഉച്ചയോടെ തന്നെ പ്രതിനിധി സമ്മേളനം അവസാനഘട്ടത്തിലെത്തും. സംസ്ഥാന കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പും സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പുമാണ് ഇന്നത്തെ പ്രധാന അജണ്ട. ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് സൂചന.

വ്യക്തവും ശക്തവുമായ രണ്ട് ചേരികളായാണ് ഇക്കുറി സിപിഐ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടന്നത്. മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. മുൻ മന്ത്രി വി എസ് സുനിൽകുമാറും കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാലും നേതൃത്വം നൽകുന്ന ഇസ്മയിൽ പക്ഷം മുമ്പത്തേക്കാൾ സജീവമാണ്. അതേസമയം, കാനം രാജേന്ദ്രന്റെ മരണശേഷം പഴയ കാനം പക്ഷത്തെ നയിക്കുന്നത് രണ്ട് മന്ത്രിമാരും രണ്ട് രാജ്യസഭാം​ഗങ്ങളും ചേർന്നാണ്. സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ തുടർന്നേക്കുമെങ്കിലും  101 അംഗ കൗൺസിലിൽ ഭൂരിപക്ഷം ഉറപ്പാക്കാനാണ് ഇരുപക്ഷവും നീക്കം നടത്തുന്നത്. 


മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ദേശീയ എക്‌സിക്യുട്ടീവ് അംഗം പി. സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള ​ഗ്രൂപ്പ് സിപിഐയിൽ ശക്തമാണ്. പഴയ കാനം പക്ഷം പൂർണമായും ഇപ്പോൾ ഈ നേതാക്കൾക്ക് പിന്നിലാണ്. വി.എസ്. സുനിൽ കുമാർ, പി.എസ്. സുപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ ഇസ്മായിൽപക്ഷവും കെ രാജൻ പക്ഷവും ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരട്ടെ എന്ന നിലപാടെടുത്താലും കൗൺസിലിലേക്കും എക്സിക്യൂട്ടീവിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ തർക്കമുണ്ടായേക്കും എന്നാണ് സൂചന.

ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തങ്ങളുടെ മേൽക്കൈ ഉപയോഗപ്പെടുത്തി സംസ്ഥാന കൗൺസിലിൽ ഭൂരിപക്ഷം ഉറപ്പിക്കാനാണ് സുനിൽകുമാർ - സുപാൽ വിഭാ​ഗം ശ്രമിക്കുക. തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളുടെ പൂർണ നിയന്ത്രണം കെ രാജനും പി പ്രസാദും നേതൃത്വം നൽകുന്ന ​​ഗ്രൂപ്പിനാണ്. 
‌

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.