
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഎം-സിപിഐ തർക്കം രൂക്ഷമാകുന്നു. സിപിഎം നേതാവായിരിക്കും പ്രതിപക്ഷ ഉപനേതാവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായി വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും യോജിക്കുന്നതല്ല പരാമർശമെന്ന് ബിനോയ് വിശ്വം വിമർശിച്ചു.
തർക്കവിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുന്നതാണ് എൽഡിഎഫിന്റെ രാഷ്ട്രീയ രീതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇരുപാർട്ടികളും ചർച്ചയ്ക്കായി മാറ്റിവച്ച വിഷയത്തിൽ ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിക്കുന്നത് മുന്നണിയുടെ രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇപ്രകാരമൊരു രീതിയിൽ പിണറായി വിജയൻ പറയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ, അത് അദ്ദേഹം വഹിക്കുന്ന പദവിക്കും രാഷ്ട്രീയ പക്വതയ്ക്കും നിരക്കുന്ന പ്രസ്താവനയല്ല,” ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃപദവി എൽഡിഎഫിൽ ഇപ്പോഴും തർക്കവിഷയമാണെന്നും വിഷയത്തിൽ സിപിഎം, സിപിഐ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളും ഘടകകക്ഷികളും ഉൾപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉപനേതാവിന്റെ പേര് സംബന്ധിച്ച് സ്പീക്കർക്ക് കത്ത് നൽകേണ്ടത് താനാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. “കത്ത് കൊടുത്താൽ ഉപനേതാവ് വരും. കത്തിലെ പേര് സിപിഎം നേതാവിന്റെ പേരായിരിക്കും,” എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിണറായി നൽകിയ മറുപടി.











