
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുസ്‌ലിം വിരോധം പടർത്തുന്നവരുമായി കാറിനകത്തുവെച്ചോ പുറത്തുവെച്ചോ സിപിഐക്ക് ബന്ധമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്നവർ പോലും ജാതീയതയെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനവും ബിനോയ് വിശ്വം ഉന്നയിച്ചു. ജാതിവാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സി. അച്യുതമേനോൻ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക വാഹനത്തിൽ ഒപ്പം കൂട്ടിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. മുസ്‌ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിട്ടിരുന്ന വെള്ളാപ്പള്ളിയുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പത്തിനെതിരെ അന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് വെള്ളാപ്പള്ളിയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ള ബിനോയ് വിശ്വത്തിന്റെ പരാമർശം.
ബിനോയ് വിശ്വത്തിന്റെ വാക്കുകൾ ഇങ്ങനെ:
'ശ്രീനാരായണഗുരുവിന്റെ പേര് പറഞ്ഞ് മുന്നോട്ട് പോകുന്നവർ, ഒരിക്കലും ഗുരു അംഗീകരിക്കാത്ത ആശയം പറഞ്ഞുകൊണ്ട്, ജാതിവാദത്തിന്റെ കൊടിക്കൂറ ഇവിടെ പറപ്പിക്കാൻ ശ്രമിക്കുന്നവർ. അവരുമായി കാറിനകത്തുവെച്ചോ കാറിന് പുറത്തുവെച്ചോ ബന്ധമുണ്ടാക്കാൻ സിപിഐക്ക് താത്പര്യമുണ്ടായിട്ടില്ല. നാളെയും ഉണ്ടാകാൻ പോകുന്നില്ല.'
'ജാതിവാദം തെറ്റാണ്. ആ ജാതിവാദം പിന്തുടരുന്നവരാണ് അന്ധമായ ഇസ്‌ലാമോഫോബിയ പടർത്താൻ ശ്രമിച്ചതെന്ന് മറന്നുപോകാൻ പാടില്ല. ഒരിക്കലും നീതീകരിക്കാൻ കഴിയാത്ത പോലെ ഈ ജാതിവാദം കേരളത്തിൽ അന്ധമായ ഇസ്‌ലാം വിരോധം പടർത്താൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ സിപിഐ ഒരിക്കലും വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല. നാളേയും വെള്ളപൂശില്ല.'











