10:43am 30 October 2026
NEWS
ക്രിപ്‌റ്റോ വിപണിയെ പിടിച്ചുലച്ച് ബൈനാൻസ് ഹാക്കിങ്; 5.7 ബില്യൺ ഡോളറിന്റെ നഷ്ടമെന്ന് റിപ്പോർട്ടുകൾ
30/10/2026  08:09 AM IST
nila
ക്രിപ്‌റ്റോ വിപണിയെ പിടിച്ചുലച്ച് ബൈനാൻസ് ഹാക്കിങ്; 5.7 ബില്യൺ ഡോളറിന്റെ നഷ്ടമെന്ന് റിപ്പോർട്ടുകൾ

 

ന്യൂയോർക്ക്: ആഗോള ക്രിപ്‌റ്റോ വിപണിയിൽ വൻ ആശങ്കയുയർത്തി ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ബൈനാൻസിന് നേരെ സൈബർ ആക്രമണം. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചയെ തുടർന്ന് പ്ലാറ്റ്‌ഫോമിലെ നിക്ഷേപ, പിൻവലിക്കൽ ഇടപാടുകൾ കമ്പനി താൽക്കാലികമായി മരവിപ്പിച്ചു. ക്രിപ്‌റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ് സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ആക്രമണത്തിൽ 5.7 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം 14,000 കോടി ഡോളറിന്റെ ഡിജിറ്റൽ ആസ്തികൾ കൈകാര്യം ചെയ്യുന്ന ബൈനാൻസിലെ ആക്രമണത്തിന്റെ യഥാർഥ വ്യാപ്തി സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. നഷ്ടം 1.7 ബില്യൺ മുതൽ 5.7 ബില്യൺ ഡോളർ വരെയാകാമെന്നാണ് വിവിധ റിപ്പോർട്ടുകൾ. സാമ്പത്തിക നഷ്ടം 100 കോടി ഡോളർ കവിയാൻ സാധ്യതയുണ്ടെന്ന് ബൈനാൻസ് സ്ഥാപകൻ ചാങ്‌പെങ് ഷാവോയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ സംശയാസ്പദമായ ഇടപാടുകൾ തടയുന്നതിനും സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനുമാണ് ബൈനാൻസ് ഇടപാടുകൾ നിർത്തിവെച്ചത്. അന്വേഷണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ഇതുവരെ 300 കോടി ഡോളറോളം മൂല്യമുള്ള ആസ്തികൾ മരവിപ്പിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

സംഭവത്തിൽ മറ്റ് ക്രിപ്‌റ്റോ കമ്പനികളും ഇടപെട്ടിട്ടുണ്ട്. പ്രമുഖ സ്റ്റേബിൾകോയിൻ കമ്പനിയായ ടെതർ 154.7 കോടി ഡോളറിന്റെ ടോക്കണുകൾ മരവിപ്പിച്ചു. രണ്ടാമത്തെ വലിയ സ്റ്റേബിൾകോയിൻ കമ്പനിയായ സർക്കിളും 80 കോടി ഡോളറിന്റെ കോയിനുകൾ മരവിപ്പിച്ചതായാണ് വിവരം. ഹാക്കർമാർക്ക് കൈമാറിയേക്കാവുന്ന ഫണ്ടുകളുടെ നീക്കം തടയുകയാണ് നടപടികളുടെ ലക്ഷ്യം.

അതേസമയം, ഉപയോക്താക്കളുടെ പണം നഷ്ടപ്പെടില്ലെന്നാണ് ബൈനാൻസിന്റെ വാദം. ഉപയോക്താക്കളുടെ ഫണ്ടുകൾ പൂർണമായും സുരക്ഷിതമാണെന്നും ആക്രമണത്തെ തുടർന്ന് ആർക്കെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാൽ അത് കമ്പനി തന്നെ നികത്തുമെന്നും എക്‌സിലൂടെ പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കി.

ആക്രമണവാർത്ത ക്രിപ്‌റ്റോ വിപണിയിലും പ്രതിഫലിച്ചു. ബിറ്റ്കോയിന്റെ വില 3.2 ശതമാനം കുറഞ്ഞ് 78,623 ഡോളറിലെത്തി. ബൈനാൻസിന്റെ സ്വന്തം ടോക്കണായ ബി.എൻ.ബിയുടെ മൂല്യത്തിൽ 7.5 ശതമാനത്തിന്റെ ഇടിവുമുണ്ടായി. നിക്ഷേപകരുടെ ആശങ്ക വർധിച്ചതാണ് വിപണിയിലെ തിരിച്ചടിക്ക് കാരണമായത്.

ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകൾക്കെതിരായ സൈബർ ആക്രമണങ്ങൾ സമീപകാലത്ത് വലിയ സാമ്പത്തിക നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ സൊലാന ബ്ലോക്ക്ചെയിനിലെ ഡ്രിഫ്റ്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് 28 കോടി ഡോളർ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ വർഷം വടക്കൻ കൊറിയൻ ഹാക്കർമാർ ബൈബിറ്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് 150 കോടി ഡോളർ കവർന്നതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, ബൈനാൻസിലെ ആക്രമണത്തിന് തൊട്ടുമുമ്പ് തേർഡ് പാർട്ടി സേവനദാതാവിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിമാർക്കറ്റും പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. തുടർച്ചയായ സുരക്ഷാ വീഴ്ചകൾ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ വിശ്വാസ്യതയെയും ഡിജിറ്റൽ ആസ്തികളുടെ സുരക്ഷയെയും വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img