07:54pm 29 October 2026
NEWS
ജനപ്രതിനിധികൾക്ക് കൈനിറയെ ശമ്പളം; മന്ത്രിമാർക്ക് 1.33 ലക്ഷവും എം.എൽ.എമാർക്ക് 98,000 രൂപയുമായി ഉയർത്തുന്ന ബിൽ ഇന്ന് സഭയിൽ
29/10/2026  08:13 AM IST
പ്രത്യേക ലേഖകൻ
ജനപ്രതിനിധികൾക്ക് കൈനിറയെ ശമ്പളം; മന്ത്രിമാർക്ക് 1.33 ലക്ഷവും എം.എൽ.എമാർക്ക് 98,000 രൂപയുമായി ഉയർത്തുന്ന ബിൽ ഇന്ന് സഭയിൽ

തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും അലവൻസുകളും കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നൽകി. ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയേക്കും. പണച്ചെലവുള്ളതിനാൽ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി മുൻകൂറായി വാങ്ങിയിട്ടുണ്ട്.
​ബില്ലിലെ വ്യവസ്ഥകൾ പ്രകാരം എം.എൽ.എമാർക്ക് നിലവിൽ കിട്ടുന്ന 69,000 രൂപ 98,000 രൂപയായി ഉയരും. ചെറിയ തുക ശമ്പളവും മറ്റുള്ളവയെല്ലാം യാത്രാബത്തയടക്കം വിവിധ ആനുകൂല്യങ്ങളുമായാണ് ലഭിക്കുക. മന്ത്രിമാർക്ക് 99,000 രൂപയിൽ നിന്ന് 1.33 ലക്ഷമായി ഉയർന്നു; മൂന്നിലൊന്ന് വർദ്ധനവാണ് വരുത്തിയത്. 2018ലാണ് ഇതിനുമുമ്പ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും 1.40 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോൾ മന്ത്രിക്ക് ഒരു ലക്ഷത്തോളം മാത്രമായിരുന്നു ലഭിച്ചിരുന്നത്.
​മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള, അലവൻസ് തുകകൾ 30 മുതൽ 35 ശതമാനം വരെ ഉയർത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ശമ്പള, അലവൻസ് തുകകൾ പരിഷ്കരിക്കണമെങ്കിൽ ശമ്പളവും ബത്തയും ബിൽ ഭേദഗതി ചെയ്യണം. അതിനുള്ള കരട് ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്.
​സ്റ്റാഫിനും ശമ്പള വർദ്ധനവ്
എം.എൽ.എമാരുടെ സ്റ്റാഫിനും ശമ്പള വർദ്ധനവ് അനുവദിക്കും. നിലവിലുള്ള 20,000 രൂപ എന്നത് 25,000 രൂപയായി കൂടും. എം.എൽ.എമാരുടെ ഇന്ധന അലവൻസിലും വർദ്ധനവ് വരുത്തും. ഇന്ധന വില വർദ്ധനവ് കൂടി പരിഗണിച്ചാണിത്. മന്ത്രിമാരുടെ ശമ്പള സ്കെയിലിൽ അടിസ്ഥാന ശമ്പളത്തിലും ഡി.എയിലും അടക്കം വർദ്ധനവ് വരുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img