03:06pm 02 November 2026
NEWS
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാൻ കർണാടകത്തിലും ബിൽ.
02/11/2026  11:28 AM IST
വിഷ്ണുമംഗലം കുമാർ
 മുതിർന്ന പൗരന്മാരെ സംരക്ഷിക്കാൻ  കർണാടകത്തിലും ബിൽ.

 ബംഗളുരു:  ​ മുതിർന്ന പൗരന്മാരെ ദുരുപയോഗം ചെയ്യുന്നവർക്കും അവഗണിക്കുന്നവർക്കും കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ കരട് ബിൽ കർണാടകത്തിലും തയ്യാറായി. മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്നവർക്ക് രണ്ട് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ നൽകാനാണ് കരട് ബിൽ ശുപാർശ ചെയ്യുന്നത്.
​​കർണാടക പ്രൊട്ടക്ഷൻ ഓഫ് സീനിയർ സിറ്റിസൺസ് ഫ്രം അബ്യൂസ് ആൻഡ് നെഗ്ലറ്റ് ബിൽ (2025)എന്ന പേരിലുള്ള ഈ കരട് ബിൽ പരിശോധിച്ച 12 അംഗ വിദഗ്ദ്ധ സമിതി, മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുന്നത് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്ന ജാമ്യമില്ലാത്ത കുറ്റമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ കർണാടകത്തിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമങ്ങൾ നടപ്പിലാക്കുന്നത് കേന്ദ്ര നിയമപ്രകാരമാണ്. സംസ്ഥാനത്തിന് ഇതിനായി പ്രത്യേക നിയമങ്ങൾ ഉണ്ടായിരുന്നില്ല.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം, കർണാടകയിൽ മുതിർന്ന പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. 2022-ൽ 1,583 ഉം, 2023-ൽ 1,840 ഉം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2024-ൽ അത് 4,247 ആയി ഉയർന്നു.
മുതിർന്ന പൗരന്മാരുടെ സുരക്ഷ, മൗലികാവകാശങ്ങൾ, പരിചരണ സ്ഥാപനങ്ങളിലെ പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ അഭിപ്രായങ്ങൾ തേടി, മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിൽ ബിൽ നിയമസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img