
ബംഗളുരു: റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ബിക് ലു ശിവ എന്ന ശിവപ്രസാദ് വധിക്കപ്പെട്ട കേസ്സിൽ പ്രതിയായ ബിജെപി എം എൽ എ ബൈരതി ബസവരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്ന് എംഎൽഎ ഒളിവിൽ പോയി. കഴിഞ്ഞ വർഷം ജൂലൈ 15 നാണ് നഗരത്തിലെ ഭാരതിനഗറിലുള്ള വീടിന് സമീപംവെച്ച് ബൈക്കിലെത്തിയ അക്രമികൾ ശിവപ്രസാദിനെ വെടിവെച്ചു കൊന്നത്. അയാളുടെ അമ്മ വിജയലക്ഷ്മിയുടെ കൺ മുമ്പിൽ വെച്ചാണ് ആ ക്രൂര കൃത്യം നടന്നത്. കെ. ആർ. പുരം എംഎൽഎ ബൈരതി ബസവരാജിന്റെ സഹായികളാണ് വെടിയുതിർത്തത് എന്നാണ് വിജയലക്ഷ്മി പോലീസിൽ പറഞ്ഞത്. ബസവരാജിന്റെ ആൾക്കാർ തന്നെ അപകടപ്പെടുത്താൻ ശ്രമിക്കുന്നതായി കൊല്ലപ്പെടുന്നതിന് മൂന്നുമാസം മുമ്പ് ശിവപ്രസാദ് പോലീസിൽ പരാതി നൽകിയിരുന്നു. കിത്താനഗറിൽ ശിവപ്രസാദിന്റെ കൈവശമുള്ള ഭൂമി വിട്ടുകൊടുത്തില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് എം എൽ എയുടെ ആൾക്കാരിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിൽ എത്തിയ നേതാവാണ് ബസവരാജ്. കോൺഗ്രസ്സിലും ബിജെപിയിലുമായി നാലുതവണ എംഎൽഎയായിരുന്നു. 2019 യിലാണ് ബിജെപിയിൽ ചേർന്നത്. യഡിയൂരപ്പയുടെയും ബസവരാജ് ബൊമ്മായുടെയും മന്ത്രിസഭകളിൽ നഗരവികസന മന്ത്രിയായിരുന്നു. ശിവപ്രസാദ് വധക്കേസിൽ അഞ്ചാംപ്രതിയാണ്. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. പോലീസ് അന്വേഷിക്കുന്നു എന്നറിഞ്ഞപ്പോൾ ഒളിവിൽ പോയി. എന്നാൽ ഹൈക്കോടതി വെക്കേഷൻ ബെഞ്ച് താൽക്കാലിക മുൻകൂർ ജാമ്യം നൽകിയിരുന്നു. അതാണ് ജസ്റ്റിസ് സുനിൽ ദത്ത് യാദവ് ഇക്കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ബസവരാജിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമുള്ള പ്രോസിക്യുഷൻ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതിനെ തുടർന്നാണ് എംഎൽഎ ഒളിവിൽ പോയത്.
Photo Courtesy - Google











