07:58pm 29 April 2026
NEWS
കോടതിയുടെ വാക്കാൽ പരാമർശം; ബംഗളുരുവിൽ ബൈക്ക് ടാക്സികൾ തിരിച്ചെത്തി
22/08/2025  11:12 AM IST
വിഷ്ണുമംഗലം കുമാർ
കോടതിയുടെ വാക്കാൽ പരാമർശം; ബംഗളുരുവിൽ ബൈക്ക് ടാക്സികൾ തിരിച്ചെത്തി

 ബംഗളുരു: നഗരജീവിതത്തിന്റെ ഭാഗമായിരുന്നു ബൈക്ക് ടാക്സികൾ. ഗതാഗതക്കുരുക്കും യാത്രാപ്രശ്നവും നിത്യസംഭവമായ നഗരത്തിലെ പല ഭാഗങ്ങളിലും ബൈക്ക് ടാക്സികൾ ഓഫീസിൽ പോകുന്നവർക്കും വിദ്യാർഥികൾക്കുമൊക്കെ വളരെയേറെ ആശ്വാസമായിരുന്നു. ബൈക്കായാൽ ഏതുതിരക്കിലും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്ന് മാത്രമല്ല, യാത്രാച്ചെലവും കുറവാണ്. ആദ്യത്തെ അഞ്ചുകിലോമീറ്റർ ദൂരം യാത്രചെയ്യാൻ കിലോമീറ്ററിന് ഏഴുരൂപ മുപ്പത് പൈസയാണ് ബൈക്ക് ടാക്സിക്കാർ ഈടാക്കിയിരുന്നത്. തനിച്ച് ഹ്രസ്വയാത്ര ചെയ്യുന്നവർക്ക് ഇത് വളരെ സൗകാര്യപ്രദമാണ്. ഊബർ, റാപ്പിഡോ, ഒല എന്നീ പ്രമുഖ വെബ് ടാക്സി കമ്പനികളാണ് നഗരത്തിൽ പ്രധാനമായും ബൈക്ക് ടാക്സി സർവ്വീസ് നടത്തിയിരുന്നത്. നഗരഘടനയുടെ പ്രത്യേകതകൾകൊണ്ട് പതിവായി ബൈക്ക് ടാക്സിയിൽ യാത്രചെയ്യുന്നവർ ധാരാളമുണ്ടായിരുന്നു. സ്ത്രീകളും പെൺകുട്ടികളുമൊക്കെ ബൈക്ക് ടാക്സി സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് യുവാക്കളാണ് ബൈക്ക് ടാക്സി ഓടിക്കൽ ജീവിതോപാധിയാക്കിയത്. വിദ്യാർഥികളും മറ്റും പാർട്ട്‌ ടൈമായി ബൈക്ക് ടാക്സികൾ ഓടിച്ച് പോക്കറ്റ്മണി കണ്ടെത്തിയിരുന്നു. ആറുലക്ഷത്തോളം ബൈക്ക് ടാക്സികൾ നഗരത്തിൽ സർവ്വീസ് നടത്തിയിരുന്നു എന്നറിയുമ്പോൾ അതിന്റെ വൈപുല്യം ബോധ്യപ്പെടും.എന്നാൽ വെബ് ടാക്സി കാബുകൾ ഓടിക്കുന്നവരും ഓട്ടോറിക്ഷക്കാരുമൊക്കെ ബൈക്ക് ടാക്സികൾക്കെതിരായിരുന്നു. തങ്ങളുടെ വരുമാനം ബൈക്ക് ടാക്സിക്കാർ അപഹരിക്കുന്നു എന്നായിരുന്നു അവരുടെ പരാതി. വാക്ക് തർക്കങ്ങളും പരസ്യമായുള്ള ഏറ്റുമുട്ടലുകളും ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആ സാഹചര്യത്തിലാണ് സംസ്ഥാന ഗവണ്മെന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ഇക്കൊല്ലം ജൂൺ 16ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ബൈക്ക് ടാക്സികൾ നിരോധിച്ചത്. എത്രയുംവേഗം അക്കാര്യത്തിൽ ഒരു നയം രൂപീകരിക്കാൻ ഗവണ്മെന്റിന് നിർദ്ദേശം നൽകുകയും ചെയ്തു. ലക്ഷക്കണക്കിന് യുവാക്കൾക്കാണ് ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടത്. അവരെ ആശ്രയിച്ചിരുന്ന യാത്രക്കാരും വലഞ്ഞു. കേന്ദ്രഗവണ്മെന്റിന്റെ മോട്ടോർ വാഹന നിയമപ്രകാരം ബൈക്കുകളും ടാക്സിയായി ഓടിക്കാമെന്ന നിലപാടാണ് വെബ് ടാക്സി കമ്പനികളും ബൈക്ക് ടാക്സി ഓടിക്കുന്നവരുടെ സംഘടനകളും വെച്ചുപുലർത്തിയിരുന്നത്. അവർ ആ വാദവുമായി കോടതിയിലെത്തി. ഇന്നലെ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ നയരൂപീകരണത്തിന് ഒരു മാസത്തെ സാവകാശം കൂടിവേണമെന്നാണ് ഗവണ്മെന്റ് ആവശ്യപ്പെട്ടത്. സാവകാശം അനുവദിച്ചെങ്കിലും ഒരു ട്രേഡും ഏകപക്ഷീയമായി നിരോധിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് ബെഞ്ച് ഈ കേസ് അടുത്ത മാസം പരിഗണിക്കാനായി മാറ്റിയത്. കോടതി നിരീക്ഷണം തങ്ങൾക്ക് അനുകൂലമാണെന്നും നിരോധനം നീങ്ങിയെന്നുമാണ് വെബ് കമ്പനികൾ വ്യാഖ്യാനിച്ചത്. ബൈക്ക് ടാക്സികൾ സർവ്വീസ് പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ നിരോധനം നീങ്ങിയിട്ടില്ലെന്നും ബൈക്ക് ടാക്സികൾ അനധികൃതമായി റോഡിലിറക്കിയാൽ പിടികൂടുമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി മുന്നറിയിപ്പ് നൽകി. ആശയക്കുഴപ്പം നിലനിൽക്കേ ബൈക്ക് ടാക്സികൾ തലങ്ങും വിലങ്ങും ഓടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img