
ബെംഗളൂരു: നഗരയാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുകയും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാൻ ബൈക്ക് ഉപയോഗിക്കുന്നവർക്ക് അധിക വരുമാനം നേടാൻ അവസരമൊരുക്കുകയും ചെയ്യുന്ന 'ബൈക്ക് ലിഫ്റ്റ്' സംവിധാനം ബെംഗളൂരുവിൽ അവതരിപ്പിച്ച് ഓൺലൈൻ യാത്രാ വാഹന ബുക്കിങ് കമ്പനികളിൽ ഒന്നായ റാപ്പിഡോ. കർണാടകയിൽ ബൈക്ക് ടാക്സികളുടെ പ്രവർത്തനം സംബന്ധിച്ച നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഈ നീക്കം.
റാപ്പിഡോ ആപ്പിലൂടെയാണ് പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ബൈക്കിൽ യാത്ര ചെയ്യുന്നവർക്ക് സ്വന്തം യാത്രാമാർഗത്തിൽ ലഭിക്കുന്ന യാത്രാ അഭ്യർഥനകൾ സ്വീകരിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
(യാത്രയ്ക്കൊപ്പം അധിക വരുമാനം)
ബൈക്ക് ലിഫ്റ്റ് സംവിധാനത്തിൽ ഉപയോക്താക്കൾക്ക് യാത്ര തുടങ്ങുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും ആപ്പിൽ രേഖപ്പെടുത്താം. തുടർന്ന്, പോകുന്ന വഴിയിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുന്ന അഭ്യർഥനകൾ ആപ്പ് പ്രദർശിപ്പിക്കും. ഇതുവഴി അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഇന്ധനച്ചെലവിന്റെ ഒരു ഭാഗം നികത്താനും സാധിക്കുമെന്നാണ് റാപ്പിഡോയുടെ വിശദീകരണം.
ഈ സംവിധാനത്തിലൂടെ ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതം വരുമാനം നേടാമെന്നും കമ്മീഷൻ ഈടാക്കില്ലെന്നും കമ്പനി പുറത്തിറക്കിയ ട്യൂട്ടോറിയലിൽ വ്യക്തമാക്കുന്നു. ബെംഗളൂരുവിലും മറ്റ് ചില നഗരങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിച്ചതായാണ് വ്യവസായ വൃത്തങ്ങൾ നൽകുന്ന വിവരം.
Photo Courtesy - Google










