03:07pm 11 November 2026
NEWS
ബീഹാറിലെ വോട്ടർപട്ടികയിൽ നേപ്പാളികൾ മുതൽ ബം​ഗ്ലാദേശികളും മ്യാൻമർകാരും വരെ
13/07/2025  07:42 PM IST
nila
ബീഹാറിലെ വോട്ടർപട്ടികയിൽ നേപ്പാളികൾ മുതൽ ബം​ഗ്ലാദേശികളും മ്യാൻമർകാരും വരെ

ബീഹാറിലെ വോട്ടർപട്ടികയിൽ ​ഗുരുതര ക്രമക്കേടുകളെന്ന് റിപ്പോർട്ട്.  നേപ്പാളികൾ മുതൽ ബം​ഗ്ലാദേശികളും മ്യാൻമർകാരും വരെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ സ്വദേശികൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്തിയതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി. 

വോട്ടർപട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മറ്റു രാജ്യക്കാരെ കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. ഇവരെ അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെടുത്തില്ല. സെപ്റ്റംബർ 30-നാണ് സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. 

ജൂൺ 25-നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ബിഹാറിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിശോധന പ്രക്രിയ ആരംഭിച്ചത്. യോഗ്യത ഇല്ലാത്തവരെ വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കാനും ഇന്ത്യൻ പൗരന്മാരെ മാത്രം ഉൾപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ യജ്ഞം. ജൂലായ് 26 വരെ ഈ നടപടികൾ തുടരും. ഈ പ്രക്രിയയുടെ ഭാഗമായി പൗരത്വം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാൻ കമ്മിഷൻ ആദ്യം എല്ലാ വോട്ടർമാർക്കും നിർബന്ധമാക്കിയിരുന്നു.

ഇതിനിടെ വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആധാരമാക്കാവുന്ന രേഖകൾ ഏതൊക്കെ എന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർണായക ഇടപെടൽ നടത്തുകയുണ്ടായി. ആധാർകാർഡും റേഷൻ കാർഡും വോട്ടർ ഐഡി കാർഡും വോട്ടർ പട്ടികാ പരിശോധനയ്ക്കുള്ള രേഖയാക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം നിരീക്ഷിച്ചു. ആധാർ അംഗീകരിക്കുന്നില്ലെങ്കിൽ കാരണം അറിയിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. മറുപടി നൽകാൻ ഈ മാസം 21 വരെ തിരഞ്ഞെടുപ്പ് കമ്മിഷന് സമയം നൽകി. കേസ് ജൂലൈ 28-ന് വീണ്ടും പരിശോധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img