
പട്ന: ട്രെയിനിലെ എസി കംപാർട്ടുമെന്റിൽ നിന്ന് 75 ലീറ്റർ വിദേശമദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിഹാറിലെ സമസ്തിപുരിലാണ് യുവതി വിദേശമദ്യവുമായി പിടിയിലായത്. ന്യൂഡൽഹി–ജയനഗർ സ്വതന്ത്ര സേനാനി എക്സ്പ്രസിലെ എസി ഫസ്റ്റ് ക്ലാസ് കൂപ്പെയിൽ യാത്ര ചെയ്തിരുന്ന നേഹ ഝായുടെ പക്കൽനിന്നാണ് വൻതോതിൽ മദ്യം പിടികൂടിയത്.
ട്രെയിനിൽ യുവതി മദ്യം കടത്തുന്നതായി വാരാണസിയിലെ ആർപിഎഫ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് സ്യൂട്ട്കേസുകളിൽ നിറച്ച നിലയിൽ വിവിധ മുന്തിയ ബ്രാൻഡുകളുടെ മദ്യക്കുപ്പികൾ കണ്ടെത്തിയത്. പരിശോധനാ സമയത്ത് നേഹയ്ക്കൊപ്പം ഇഷാൻ കുമാർ എന്ന യുവാവും കൂപ്പെയിലുണ്ടായിരുന്നു. ഇയാളെ തന്റെ സഹോദരിയുടെ ഭർത്താവാണെന്നാണ് നേഹ പൊലീസിനോട് പറഞ്ഞത്. ഇരുവർക്കും കൂപ്പെയിൽ യാത്ര ചെയ്യുന്നതിനുള്ള സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
വിവാഹ പാർട്ടിക്കെന്ന് മൊഴി
വിവാഹ പാർട്ടിക്കായി കൊണ്ടുപോകാനാണ് മദ്യം വാങ്ങിയതെന്നാണ് നേഹ പൊലീസിനോട് പറഞ്ഞത്. ഹരിയാനയിൽനിന്ന് മദ്യം വാങ്ങി ബിഹാറിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി മൊഴി നൽകി. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ നേഹയുടെ കുടുംബത്തിന് മദ്യക്കടത്തുമായി മുൻബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. നേഹയുടെ പിതാവ് സഞ്ജയ് ഝാ നേരത്തെ മദ്യക്കടത്ത് കേസിൽ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ വർഷം നവംബർ 30നും സമാനമായ സംഭവത്തിൽ നേഹയുടെ സഹോദരി നിഷുവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. 21 ലീറ്റർ വിദേശമദ്യവുമായി പിടിയിലായതായിരുന്നു നിഷു. ഇതോടെ നിലവിലെ കേസിൽ കുടുംബത്തിന്റെ മുൻകാല ബന്ധങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.










