മുന്നണിയാകാം, മുഖ്യമന്ത്രി പദം ചോദിക്കരുത്; ബീഹാറിൽ ഇന്ത്യാ സഖ്യം നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണ്..

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാ സഖ്യം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ബിഹാറിലെ വോട്ടർ അധികാർ യാത്ര വലിയ വിജയമായിരുന്നെന്നും പാർട്ടിക്കും പ്രതിപക്ഷ സഖ്യത്തിനും ജനസ്വാധീനം വർധിച്ചു എന്നുമാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ, ഇനിയുള്ള ദിനങ്ങൾ ബീഹാറിലെ ഇന്ത്യാ സഖ്യത്തിന് അത്ര സുഖകരമാകില്ല എന്നാണ് സൂചന. മുന്നണിക്കുള്ളിലെ സീറ്റു വിഭജനവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമാണ് ഇന്ത്യാ സഖ്യം നേരിടുന്ന പ്രധാന വെല്ലുവിളി.
തന്നെ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കണമെന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവിന്റെ ആവശ്യം. എന്നാൽ, കോൺഗ്രസിലെ വലിയൊരു വിഭാഗം നേതാക്കൾക്ക് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിൽ താത്പര്യമില്ല. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടെന്നാണ് ഇവരുടെ നിലപാട്.
എന്നാൽ, വോട്ട് അധികാർ യാത്രക്കിടെ താൻ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് പറയാതെ പറയുകയാണ് തേജസ്വി യാദവ്. യാത്രയിൽ പലപ്പോളായി ഇക്കാര്യം തേജസ്വി ആവർത്തിച്ചു. കണ്ടില്ലെന്ന് നടിച്ച് രാഹുൽ ഗാന്ധി നിന്നപ്പോൾ രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കും എന്നുവരെ പറഞ്ഞു.രാഹുൽ ഗാന്ധി ഒറ്റക്ക് നടത്താനിരുന്ന യാത്രയെ ഇന്ത്യ സഖ്യത്തിന്റെ യാത്രയാക്കി തേജസ്വി മാറ്റിയതും ഈ ഉദ്ദേശത്തോടെയാണ്. എന്നാൽ ഈ ചോദ്യം നേരിട്ട് വന്നപ്പോളും മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് രാഹുൽ ഗാന്ധി ചെയ്തത്.
തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിക്കുന്നത് വോട്ട് ഭിന്നിപ്പിക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. വോട്ടർ അധികാർ യാത്ര കടന്നുപോയ ജില്ലകളിൽ ആർജെഡിക്ക് സ്വാധീനമുള്ള 50ൽ അധികം സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ തവണ70 ൽ 19 സീറ്റിൽ മാത്രം ജയിച്ച കോൺഗ്രസിന് 50 സീറ്റ് നൽകേണ്ടന്നാണ് ആർജെഡിയുടെയും സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട്.











