
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിലെ മുന്നണി മാറ്റത്തിൽ വിസ്മയങ്ങൾ ഉണ്ടാകുമെന്നും ആ വിസ്മയം എന്തെന്നറിയാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൂടി കാത്തിരുന്നാൽ മതി എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ, കേരളത്തിൽ ഒരു പാർട്ടിയും പ്രധാനപ്പെട്ട നേതാവുമൊന്നും യുഡിഎഫിലേക്കോ കോൺഗ്രസിലേക്കോ ഇതുവരെയും എത്തിയിട്ടില്ല. അതേസമയം, ബീഹാറിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും എന്നാണ് റിപ്പോർട്ട്. കോൺഗ്രസിന് ബീഹാർ നിയമസഭയിൽ ആകെയുള്ള ആറ് എംഎൽഎമാരും ഭരണകക്ഷിയായ ജെഡിയുവിൽ ചേരുമെന്നാണ് റിപ്പോർട്ട്.
ബീഹാറിൽ ആർജെഡിക്കൊപ്പം അധികാരം പിടിക്കാമെന്നു മോഹിച്ച കോൺഗ്രസിന് ആകെ വിജയിപ്പിക്കാൻ കഴിഞ്ഞത് ആറു പേരെയായിരുന്നു. ജെഡിയുവും ബിജെപിയും നേതൃത്വം നൽകുന്ന എൻഡിഎ വൻ വിജയം നേടി അധികാരത്തിൽ തുടരുകയും ചെയ്തു. ഇപ്പോഴിതാ, ആകെയുള്ള ആറ് എംഎൽഎമാരും അപ്പാടെ കോൺഗ്രസ് പാളയം ഉപേക്ഷിച്ച് എൻഡിഎയിലേക്ക് ചേക്കേറുന്നു എന്നാണ് സൂചന.
ഇന്നലെ മകരസംക്രാന്തി കഴിഞ്ഞതോടെ ശുഭകാലം ആരംഭിച്ചെന്നും ഏതുനിമിഷവും എംഎൽഎമാരുടെ ചാഞ്ചാട്ടം പ്രതീക്ഷക്കണമെന്നുമാണ് എൻഡിഎ നേതാക്കൾ വ്യക്തമാക്കുന്നത്. ബിഹാറിലെ ആറ് കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ, ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിലെ പ്രധാന പാർട്ടിയായ കോൺഗ്രസിന് 243 അംഗ ബീഹാർ നിയമസഭയിൽ പ്രാതിനിധ്യം നഷ്ടപ്പെടും.
എന്നാൽ, ഇതെല്ലാം കോൺഗ്രസിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ തന്ത്രമെന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക വാദം. ബിജെപി കിംവദന്തി പരത്തുന്നുവെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം കുമാർ പറഞ്ഞു. എന്നാൽ, പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം ശക്തമാണ്. കോൺഗ്രസിന്റെ 6 എംഎൽഎമാരിൽ കുറഞ്ഞത് 4 പേരെങ്കിലും ബിജെപിയുമായി ആശയവിനിമയം നടത്തിയെന്നും വിവരമുണ്ട്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടു കോൺഗ്രസ് നടത്തുന്ന സമരപരിപാടികളെക്കുറിച്ചുള്ള ആലോചനായോഗത്തിൽ കഴിഞ്ഞദിവസം 6 എംഎൽഎമാരും വിട്ടുനിന്നു.











