07:55am 19 November 2026
NEWS
ബിഹാറിൽ വൻ സ്വർണക്കവർച്ച; ജുവല്ലറിയിൽ നിന്ന് 40 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു
19/11/2026  04:18 AM IST
nila
ബിഹാറിൽ വൻ സ്വർണക്കവർച്ച; ജുവല്ലറിയിൽ നിന്ന് 40 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു

 

പാട്‌ന: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബെത്തിയയിൽ ജുവല്ലറി ഷോറൂമിൽ വൻ കവർച്ച. പട്ടാപ്പകൽ ആയുധങ്ങളുമായെത്തിയ എട്ടംഗ സംഘം ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി 30 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു. ബെത്തിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചകളിലൊന്നായാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്.

മൂന്ന് ബൈക്കുകളിലായാണ് എട്ടംഗ സംഘം ഷോറൂമിലെത്തിയത്. തോക്കുകളും മറ്റ് മാരകായുധങ്ങളും കാട്ടി കടയ്ക്കുള്ളിലുണ്ടായിരുന്നവരെ സംഘം ഭീഷണിപ്പെടുത്തി. തുടർന്ന് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൈകൾ കൂട്ടിക്കെട്ടി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ആരും പ്രതിരോധിക്കാതെയും പുറംലോകവുമായി ബന്ധപ്പെടാതെയും ഉറപ്പാക്കിയ ശേഷമായിരുന്നു കവർച്ച. ഷോറൂമിലുണ്ടായിരുന്ന സ്വർണാഭരണങ്ങളെല്ലാം സംഘം കൈക്കലാക്കി.

കവർച്ച തടയാൻ ശ്രമിച്ച രണ്ടുപേർക്ക് അക്രമികളുടെ മർദനത്തിൽ തലയ്ക്ക് പരിക്കേറ്റു. സംഭവത്തിനുശേഷം കടയിൽനിന്ന് പുറത്തേക്കിറങ്ങിയ സംഘം 'ഞങ്ങൾ വീണ്ടും വരും, ഇതൊരു സിനിമയാണ്' എന്ന് പറഞ്ഞതായും കവർച്ചാസമയത്ത് ഷോറൂമിലുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ സ്ഥാപനത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

വിവരമറിഞ്ഞയുടൻ ഡി.ഐ.ജി ഹരികിഷോർ റായ്, എസ്.പി കുമാർ ഗൗതം, ഡി.എസ്.പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം പോയ ആഭരണങ്ങളുടെ കൃത്യമായ മൂല്യം കണക്കാക്കിവരികയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img