01:03am 12 November 2025
NEWS
ബീഹാർ തെരഞ്ഞെടുപ്പ്: കപ്പിനും ചുണ്ടിനും ഇടയിൽ
01/11/2025  10:14 PM IST
അഡ്വ. എം. മനോഹരൻപിള്ള
ബീഹാർ തെരഞ്ഞെടുപ്പ്: കപ്പിനും ചുണ്ടിനും ഇടയിൽ

നരേന്ദ്രമോദി ഇൻഡ്യൻ പ്രധാനമന്ത്രിയായിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. അദ്ദേഹം മന്ദബുദ്ധിയാണെന്ന് ലോകത്ത് രണ്ടുപേരെ പറയൂ. ആദ്യത്തെ വട്ടനായ പ്രസിഡന്റ് ട്രംപ്. അതുകേട്ടു പറയുന്നതോ ഇൻഡ്യയിലെ കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധിയാണ്. അമേരിക്കയിലെ ഒരു പോപ്പ് ഗായിക മേരിബൻ കാര്യഗ്രഹണശേഷിയില്ലാത്ത ഒരു ഇൻഡ്യൻ നേതാവാണ് രാഹുൽഗാന്ധിയെന്നും അതുകൊണ്ടാണ് ഇൻഡ്യൻ പ്രധാനമന്ത്രിയാകാത്തതെന്നും അടുത്തിടെ പറഞ്ഞു.

പ്രതിപക്ഷ നേതാവ്, ലോക്‌സഭ, രാജ്യസഭ, നിയമസഭകളിലുള്ള പദവികളാണ്. രാജ്യത്ത് അധികാരങ്ങളില്ല ആനുകൂല്യങ്ങളേ ഉള്ളൂ.
കോൺഗ്രസ്സിനെ ബീഹാറിൽ ഈ അവസ്ഥയിലാക്കിയത് രാഹുൽഗാന്ധിയാണ്. ആറുദിവസം വോട്ടുചോരി നടത്തിയപ്പോൾ ഏഴാം ദിവസം കലം ഉടച്ചു. ജാഥ അലങ്കോലമായി. നരേന്ദ്രമോദിയുടെ അമ്മയ്ക്ക് പറഞ്ഞ് കോൺഗ്രസ് റാലി പിരിച്ചുവിട്ടു.  പിന്നെ രാഹുൽഗാന്ധിയെപ്പറ്റി കേൾക്കുന്നത് മലേഷ്യയിലാണ്. അദ്ദേഹം അവിടെ റീച്ചാർജിങ് ജോലിത്തിരക്കിലായിരുന്നു. അതോടെ തേജസ്വി യാദവ് ഒരു പുതിയ പണി നടത്തി. ബീഹാറിലെ 243 സീറ്റും മൊത്തക്കച്ചവടത്തിനായി വലയിലാക്കി. കോൺഗ്രസ്സ് കഴിഞ്ഞ തവണ ജയിച്ചതുൾപ്പെടെ 35 സീറ്റുമാറ്റിവെച്ച് ഇൻഡ്യാ സഖ്യത്തിലെ മറ്റ് ചെറുകക്ഷികളെ ഒറ്റയ്ക്ക് കൈകാര്യം ചെയ്തുതുടങ്ങി. ആ കൂട്ടത്തിലാണ് ഇടതുപക്ഷങ്ങൾക്കും 19 സീറ്റ് കൊടുത്തത്. ബാക്കി ചോദിച്ച സീറ്റുകൾ തന്റെ കയ്യിൽ ഭദ്രമായി ഉണ്ടെന്നുമാണ് തേജസ്വി ഇടതുപക്ഷത്തെ സി.പി.ഐ.(എം.എൽ)ന് കൊടുത്തിരിക്കുന്ന ഉറപ്പ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കുവേണ്ടി രാഹുലും കൂട്ടരും ഇടഞ്ഞെങ്കിലും തേജസ്വി വഴങ്ങിയില്ല. അച്ഛൻ ലാലുവിനെ ഡൽഹിയിലിരുന്നു വിളിച്ചെങ്കിലും ആരും വഴങ്ങിയില്ല. ലാലുവിനും ഭാര്യ റാബിറീയ്ക്കും മകൾക്കും മരുമകൾക്കുമെല്ലാം തേജസ്വി ഓരോ ആർ.ജെ.ഡി സീറ്റ് നൽകി ഒതുക്കിയിരിക്കുകയാണ്.

എസ്.ഐ.ആർ വൻ കടമ്പയായി

തെരഞ്ഞെടുപ്പ് പട്ടികയിലെ രാഹുൽ ആരോപിച്ച വോട്ടുചോരി കണ്ടുപിടിക്കാനാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടാവശ്യപ്പെട്ടത്. ആ മോഷ്ടാക്കളെയും നുഴഞ്ഞുകയറ്റക്കാരെയും ഓടിനടന്നു കണ്ടുപിടിച്ചു. അങ്ങനെ 65 മുതൽ 70 ലക്ഷം വരെ പേർക്ക് വോട്ട് നഷ്ടപ്പെട്ടു. മൊത്തം കണക്ക് വരുമ്പോൾ അത് 80 ലക്ഷം വരെ നീളുമെന്നാണ് എസ്.ഐ.ആർ കണക്ക്. ഇനി രാഹുൽഗാന്ധി ബീഹാറിൽ കയറിയാൽ ആദ്യം തല്ലാൻ പോകുന്നത് ലാലുവും തേജസ്വിയും ആയിരിക്കും. അരനൂറ്റാണ്ടുകാലം ജഗജ്ജീവൻറാമും മീരാകുമാറും ലാളിച്ച ബീഹാറിന്റെ മണ്ണിനെ ചവിട്ടിക്കുഴച്ച കോൺഗ്രസ്സാക്കിയത് രാഹുൽഗാന്ധിയാണ്.

ചർച്ചനടക്കേണ്ടത് പാട്‌നയിൽ, ഡൽഹിയിലല്ല

രാഹുൽഗാന്ധിയുടെ വോട്ടുചോരി യാത്രയിലെ മോദിയുടെ അമ്മേ ചീത്തവിളിച്ച ഓട്ടം മലേഷ്യയിൽപ്പോയി മടങ്ങിയെത്തിയപ്പോൾ മങ്ങിക്കാണുമെന്നാണ് ധരിച്ചത്. പക്ഷേ ബീഹാറിലെ ബി.ജെ.പിയും മുഖ്യമന്ത്രി നിതീഷും വെറുതെ വിട്ടില്ല. അവർ അത് ആളിക്കത്തിച്ചുകൊണ്ടിരുന്നു.
ഡൽഹിയിൽ പോയി സീറ്റുചർച്ച നടത്താൻ ബീഹാറിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരുകോൺഗ്രസ് സംഘം പോയിരുന്നു. അവരുടെ പ്രോഗ്രാമും ഫ്‌ളൈറ്റ് ടൈംമിംഗു ഒക്കെ നോട്ടുവച്ചിരുന്നു കോൺഗ്രസിലെ മറുഗ്രൂപ്പുകാർ വിമാനത്താവളം വളഞ്ഞു.
നേതാക്കൾ വാഹനങ്ങളിൽ  കയറി വീട്ടിലെത്തി രക്ഷപ്പെടാൻ നോക്കുമ്പോഴാണ് അപ്രതീക്ഷിതമായി മുദ്രാവാക്യം മുഴങ്ങുന്നത്. ഇലക്ഷൻ ചർച്ച പാട്‌നയിൽ മതി. ഡൽഹിയിൽ വേണ്ട. രാഹുൽ പാട്‌നയ്ക്ക് വരണം.

അതോടൊപ്പം നേതാക്കൾ തമ്മിൽ കൂട്ട അടി തുടങ്ങി. ആളുകളങ്ങോട്ടുമിങ്ങോട്ടും ഓടി. രംഗം അലങ്കോലപ്പെട്ടപ്പോൾ ഒരു രസകരമായ സംഭവം ഉണ്ടായി. നരേന്ദ്രമോദിയുടെ അമ്മയെ ചീത്ത പറഞ്ഞ കോൺഗ്രസ് നേതാവിനും അടികിട്ടിയ രഹസ്യവാർത്ത ചില ചെറിയ മാധ്യമങ്ങളും പത്രങ്ങളും മാത്രം റിപ്പോർട്ട് ചെയ്തു.
എന്തായാലും അടിക്കാൻ തയ്യാറായി ഒറ്റ ബി.ജെ.പിക്കാരനും അവിടെ ഒത്തുക്കൂടാൻ സാധ്യതയില്ല. അപ്പോൾ പിന്നെ ബി.ജെ.പി അക്കൗണ്ടിലടിച്ചത് കോൺഗ്രസ് വിരുതന്മാരായിരിക്കും.

എൻ.ഡി.എ സഖ്യം ശാന്തവും ഐക്യവും

ബി.ജെ.പിയും ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു വും ചേർന്നുള്ളതാണ് എൻ.ഡി.എ സഖ്യം. പുറമെ സഖ്യത്തിൽ പൊട്ടിത്തെറികളൊന്നും കാണാനില്ലെങ്കിലും ചെറുകക്ഷികളായ ചിരാഗ് പസ്വാന്റെ പാർട്ടിയും കേന്ദ്രമന്ത്രി മാഞ്ചിയുടെ പാർട്ടിയും ഒതുങ്ങിനിൽക്കുന്നുണ്ടെങ്കിലും മുന്നണിക്ക് ചില്ലറ തലവേദനകൾ ഉണ്ടാക്കുന്നുണ്ട്. ഒറ്റക്കക്ഷി എന്ന നിലയിൽ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയാണ്. അവർ ജെ.ഡി.യുവിന് തുല്യകക്ഷിയുടെ എല്ലാ പരിഗണനകളും മത്സരിക്കാൻ തുല്യസീറ്റും നൽകിയിരിക്കുന്നു.
നിതീഷ്‌കുമാറിന്റെ അഴിമതി വിരുദ്ധമുഖമാണ് ബി.ജെ.പി താൽപ്പര്യപ്പെടുന്ന മുഖമുദ്ര. ലാലുപ്രസാദ് യാദവും നിതീഷ്‌കുമാറും ശരത് യാദവും ചേർന്ന ജയപ്രകാശ് നാരായണന്റെ കാലത്തെ രാം മനോഹർ ലോഹ്യയുടെ വിശ്വാസികളുടെ സോഷ്യലിസ്റ്റുകളാണ് പിൽക്കാലത്ത് കോൺഗ്രസ്സ് ആധിപത്യത്തിൽ നിന്ന് ബീഹാറിനെ മോചിപ്പിച്ചത്. 2005 മുതൽ നിതീഷ്‌കുമാറാണ് ലാലുപ്രസാദിനെയും കൂട്ടരെയും തള്ളി അഴിമതി വിരുദ്ധട്രാക്ക് തുറന്നത്. ലാലുവിനെ പിടികൂടിയ കാലിത്തീറ്റ കുംഭകോണം കണ്ടുപിടിക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും പിന്നീടാണ്.

ആ യാദവ് കൂട്ടുകെട്ടിലേക്ക് പിന്നെ കടന്നുവന്ന പട്ടികജാതി നേതാവാണ് രാംവിലാസ് പസ്വാൻ. പസ്വാന്റെ മകൻ ചിരാഗ് പസ്വാനാണ് എൻ.ഡി.എ മുന്നണിയിൽ നിന്ന് പാർട്ടിയെ നയിക്കുന്നത്.
നിതീഷ്‌കുമാർ ഒരു എൻജിനീയറിംഗ് പ്രൊഫഷണലാണ്. സോഷ്യൽ എൻജിനീയറിംഗിലുള്ള തന്ത്രപരമായ വൈദഗ്ദ്ധ്യം നേരിയ രാഷ്ട്രീയ ചാഞ്ചാട്ടങ്ങൾക്കുള്ള ഇടം നിശ്ചയിച്ചുകൊണ്ടാണ് തന്റെ അഞ്ചാം മുഖ്യമന്ത്രിപദത്തിലേക്ക് നടന്നുനീങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചിരാഗ് പസ്വാനെ ഒരു ഹംസദൂതനാക്കി നീങ്ങുന്ന നിതീഷ്‌കുമാർ ആകെ ഭയക്കുന്നത് ഓർമ്മപ്പിശകിനെ മാത്രം.

ക്ഷേമപദ്ധതികൾ ഒരു മുതൽക്കൂട്ട്

മഹിളാക്ഷേമം, യുവജനക്ഷേമം, കർഷകക്ഷേമം എന്നീ മൂന്ന് ക്ഷേമപദ്ധതികളുടെ മുതൽക്കൂട്ടാണ് നിതീഷ്‌കുമാറിന്റെ വോട്ട്. 10000 രൂപ വീതം ഓരോ കുടുംബത്തിന്റേയും കുടുംബ അക്കൗണ്ടിലേക്ക് എത്തിക്കുന്ന ഏറ്റവും വലിയ ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നു നിതീഷ്‌കുമാർ.

ജംഗിൾരാജും കറുത്ത മുഖംമൂടിയും ഓർമ്മകളെ പേടിപ്പിക്കുന്നു

സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയായി ബീഹാറിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ ഭീഷണിപ്പെടുത്തിയ ഓർമ്മകളെയാണ് ബീഹാറുകാർ ജംഗിൾരാജ് എന്ന് വിളിക്കുന്നത്. ലാലുപ്രസാദ് യാദവിന്റെയും ഭാര്യ റാബിറീ ദേവിയുടെ ഭരണകാലങ്ങളിലെ കിരാതരാത്രികൾ ജംഗിൾരാജിന്റെ പേടിപ്പെടുത്തുന്ന ഓർമ്മകളുടെ ബാക്കിപത്രങ്ങൾ ബീഹാറിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പേടി സ്വപ്നങ്ങളാണ്.
തെരുവുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, ലേഡീസ് ഹോസ്റ്റലുകൾ ഒക്കെ ജംഗിൾരാജിന്റെ ഓർമ്മസ്ഥാപനങ്ങൾ മാത്രം.
ലാലുവിന്റെ കുടുംബത്തിന്റേയും, ആർ.ജെ.ഡി ഗുണ്ടകളുടേയും മുഖങ്ങൾ സ്ത്രീമനസ്സിലുണ്ട്.

തേജസ്വി യാദവിന്റെ പേര് മുഖ്യമന്ത്രിയായി മുൻകൂർ പ്രഖ്യാപിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാക്കൾ ആദ്യം അംഗീകരിക്കാതിരുന്നത് ജംഗിൾരാജ് ഭയംകാരണമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
രാഹുൽഗാന്ധിയെയും തേജസ്വിയാദവിനെയും ചൂണ്ടിക്കാട്ടിയാണ് നിതീഷ്‌കുമാറും ബി.ജെ.പിയും ജംഗിൾരാജും കറുത്ത മുഖം മൂടിയും ഓർമ്മിപ്പിക്കുന്നത്.

മുന്നണിയിൽനിന്ന് കോൺഗ്രസ്സിനെ ഏകപക്ഷീയമായി പുറത്താക്കാൻ തേജസ്വി യാദവ് തുനിഞ്ഞപ്പോൾ റാൻമൂളികളെപ്പോലെ കോൺഗ്രസ്സിന് കീഴടങ്ങേണ്ടിവന്നു. എന്നിട്ടും കോൺഗ്രസ്സിന്റെ സീറ്റു വെട്ടിക്കുറച്ച് അടിത്തറയുള്ള സിപിഐ(എംഎൽ) ന് നൽകി.

ജെ.എം.എം പിന്മാറി തേജസ്വി വഞ്ചിച്ചു

ബീഹാറിന്റെ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ജാർഖണ്ഡ്. ജാർഖണ്ഡിന്റെ ഭരണം ഇൻഡ്യാമുന്നണിക്കാണ്. ജെ.എം.എം മുഖ്യമന്ത്രിയായ സോറന്റെ മന്ത്രിസഭയിൽ കോൺഗ്രസും ആർ.ജെ.ഡിയും പങ്കാളികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കൂടെ ആർ.ജെ.ഡിയെ കൂടിക്കൂട്ടിയത് രാഹുൽഗാന്ധിയുടെ നിർബന്ധമാണ്. പക്ഷേ ജാർഖണ്ഡ് അതിർത്തിയിൽ വരുന്ന ബീഹാറിലെ 6 സീറ്റുകളാണ് ജെ.എം.എം ചോദിച്ചത്. തേജസ്വിയുടെ അധികാരമോഹം മത്തുപിടിച്ചപ്പോൾ ലാലുവിനെപ്പോലും നിന്ദിക്കുന്നു. രാഹുലിന്റെ ഫോൺവിളികൾക്ക് പുല്ലുവില നൽകുന്നു.

ജെ.എം.എം ബീഹാറിൽ മത്സരരംഗത്തില്ല എന്നുതന്നെ പറയാം. രണ്ടുഘട്ട തെരഞ്ഞെടുപ്പുകളുടെയും നോമിനേഷൻ സമർപ്പിക്കൽ തീയതികൾ കഴിഞ്ഞു. തേജസ്വിയുടെ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലാണ്. അല്ലെങ്കിൽ കോൺഗ്രസ്സും പിണങ്ങന്മാരും ഒക്കെ നോമിനേഷൻ കൊടുത്ത് പകരംവീട്ടിയേനെ.

രാഹുൽഗാന്ധിയുടെ സമാധാനിപ്പിക്കലുകൾക്ക് ഒന്നും ഘടകകക്ഷികൾ പുല്ലുവില കൊടുക്കുന്നില്ല. ബീഹാറിലെ പടലപ്പിണക്കം ജാർഖണ്ഡിലേക്കും ബാധിച്ചിരിക്കുന്നു. അവസാനം മുഖ്യമന്ത്രി സോറൻ തന്നെ കളത്തിലിറങ്ങുന്നു എന്നും കേൾക്കുന്നു. ആർ.ജെ.ഡി മന്ത്രിയെ ജാർഖണ്ഡിൽ പുറത്താക്കുമെന്നും ഇൻഡ്യാമുന്നണി വിടുമെന്നും വരെ സോറൻ രാഹുൽഗാന്ധിയെ ഭീഷണിപ്പെടുത്തുന്നു. രാഹുൽ വെപ്രാളം പിടിച്ച് ദൽഹിയിൽ നെട്ടോട്ടം ഓടുന്നു, മഹാസഖ്യവും തോളിലേറ്റി.

എ.എം.എം ന്റെ മുസ്ലീം മുന്നണി

വല്ലപ്പോഴും ബി.ജെ.പിയെ എതിർക്കാൻ കൂടെക്കൂട്ടുന്നതല്ലാതെ എ.എം.എം.പിയുടെ ആവോസിക്ക് ബീഹാറിൽ ഒരു തെരഞ്ഞെടുപ്പിലും സ്ഥായിയായ രാഷ്ട്രീയ നിലപാടുകളില്ല. ചിലപ്പോൾ മുസ്ലീം വോട്ടുപിടിച്ച് ബി.ജെ.പിയെ ജയിപ്പിക്കും. കോൺഗ്രസ്സിനെ തോൽപ്പിക്കും. എന്നാൽ മുസ്ലീങ്ങളുടെ വോട്ടിന്റെ നാക്കും മുതൽക്കൂട്ടും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.

ഇപ്രാവശ്യം മുസ്ലീം പ്രദേശങ്ങളായ മഗധയിൽ മാത്രം കിടന്നു വിലസുന്ന പരശ് എന്ന നേതാവിന്റെ ആർ.ഐ.ജി.പി.പി എന്ന പാർട്ടിയും മഹേഷ് സഹാനിയുടെ വി.ഐ.പി എന്ന പാർട്ടിയും ആണ് എ.എം.എംന്റെ പുതിയ സഹകരണകക്ഷികൾ. കുറച്ചുകാലത്തെ എൻ.ഡി.എ പശ്ചാത്തലം ഉള്ളതുകൊണ്ട് മജ്‌ലിസ് പാർട്ടി ഇപ്പോഴും വി.ഐ.പി പാർട്ടിയെ വെയിലത്ത് നിർത്തിയിരിക്കുകയാണ്. പൂർണ്ണമായി മുസ്ലീംപട്ടം നൽകിയിട്ടില്ല. എങ്കിലും രണ്ടുപാർട്ടികളും മജ്‌ലിസ് പാർട്ടിയുമായി ഐക്യമാണ് അവകാശപ്പെടുന്നത്. തങ്ങൾ ഉൾക്കൊള്ളുന്ന മുസ്ലീങ്ങൾക്ക് പിന്തുണയുള്ള പ്രദേശങ്ങളിലെ മുസ്ലീം- യാദവ വോട്ടുകൾ വലവച്ചുപിടിക്കാനാണ് അവരുടെയും ശ്രമം. ഒന്നുരണ്ട് സീറ്റെങ്കിലും കിട്ടിയാൽ അത്യാവശ്യം തേജസ്വിയുമായി വിലപേശാം. അല്ലെങ്കിൽ രാഷ്ട്രീയത്തിൽ കഷ്ടിച്ചുജീവിച്ചെങ്കിലും പോകാം.

രസകരമായ ഒരു വിശകലനപ്പലക

മുസ്ലീം രാഷ്ട്രീയത്തിന്റെ ഏതുകോണിൽ കയറിയിരുന്നും ചർച്ച ചെയ്യാൻ മുതലാളിപ്പാർട്ടി കൽപ്പിച്ചു നൽകിയിരിക്കുന്ന അധികാരമുള്ള മാധ്യമം പത്രവും മീഡിയാവൺ ചാനലും നടത്തിയ ഒരു ബീഹാർ വിശകലനം കേൾക്കാനും കാണാനും ഇടയായി. എന്തായാലും രസകരം തന്നെ. അവസാനം കൊണ്ട് കുടമൊടച്ചു എന്നൊരു ചൊല്ലുണ്ട് അത് അന്വർത്ഥമാക്കുന്ന വിശകലനം.

ചുമ്മാ ഡൽഹിയിൽ കിടന്നുറങ്ങിയ ആളാണ് രാഹുൽഗാന്ധി. അദ്ദേഹത്തെ ആദ്യം കൊണ്ടിറക്കിയതാണ് ബീഹാറിലെ വോട്ട് ചോർ യാത്ര. ഒരു ജോലിയും വേലയും ഇല്ലാതിരുന്ന കേരളത്തിലെ പത്രക്കാർക്ക് ഒരു പണിയായി. മോഷണം നടന്നാൽ നാട്ടിൻപുറത്തുകാർ ചെയ്യുന്നത് പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ പോകുകയാണ്. സ്റ്റേറ്റ് അടിസ്ഥാനത്തിലാകുമ്പോൾ വോട്ടുമോഷണത്തിന് ഒരു മൊത്തക്കച്ചവടപ്പരാതി ബീഹാർ ഡി.ജി.പിക്ക് കൊടുത്താൽ പോരെ. അങ്ങനെ തേജസ്വിയും രാഹുലിന് കൂടെക്കൂട്ടി. അപ്പോഴാണ് പഴയ ജംഗിൾകഥയുടെ കാര്യം രാഹുലിനെ ഓർമ്മിപ്പിച്ചത്. അങ്ങനെ നരേന്ദ്രമോദിയുടെ അമ്മയെ ചീത്തവിളിച്ച് ചോർയാത്ര അടിച്ചുപിരിഞ്ഞു. രാഹുൽ മലേഷ്യയിലുമെത്തി.

മഹത്തായ എസ്.ഐ.ആറിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. ഒറ്റയടിക്ക് 65 ലക്ഷം വോട്ട് തേച്ചിട്ട് പോയി. എങ്കിൽപ്പിന്നെ എന്തിനാ നിങ്ങൾ ഇൻഡ്യാമുന്നണിക്കാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നാണ് മീഡിയാവൺ എഡിറ്റർമാർ വിശകലനപ്പലകയിലിരുന്നു ചോദിക്കുന്നത്. ഉത്തരം ആരുപറയും. രാഹുലിന് മുൻപേ ഉത്തരം മുട്ടിയിരിക്കുകയാണ്. പിന്നെ തേജസ്വിക്ക് പോകാൻ പറ്റിയ മലേഷ്യ ഒന്നുമില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എൽ.എ, പിന്നെ ലാലുവിന്റേയും റാബിറീയുടെയും കാര്യങ്ങളും നോക്കണ്ടെ. ബീഹാറിലെ ജനങ്ങൾ അല്ലാതെ ആരുനോക്കും.
പണ്ടൊരു ലോകസാമ്പത്തിക ഏജൻസി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ലാലുവിനെ കണ്ടുചോദിച്ചു. ഇൻഡ്യൻ പ്രധാനമന്ത്രിയായാൽ എന്തുചെയ്യും? ബീഹാറിനെപ്പോലൊരു പട്ടിണി സംസ്ഥാനമാക്കും. ഇതുകേട്ടായിരിക്കും നിതീഷ് ലാലുവിന്റെ ട്രാക്ക് മാറ്റിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img