ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 8.30ഓടെ തന്നെ ആദ്യഫലസൂചനകൾ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 243 സീറ്റുകളുള്ള അസംബ്ലിയിൽ ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് ആവശ്യമായത്.
66.91 ശതമാനം പോളിംഗ് നടന്ന പശ്ചാത്തലത്തിൽ, എൻഡിഎ ഭരണം തുടരാനാണ് സാധ്യതയെന്നാണ് എക്സിറ്റ് പോളുകൾ ഏകകണ്ഠമായി സൂചിപ്പിക്കുന്നത്. എൻഡിഎയ്ക്ക് 130 മുതൽ 167 വരെയും ഇന്ത്യാ സഖ്യത്തിന് 70 മുതൽ 108 വരെയും സീറ്റുകൾ ലഭിക്കുമെന്ന് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് വലിയ മുന്നേറ്റം സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
വോട്ടെണ്ണലിന് മുന്നോടിയായി ഇന്ത്യാ സഖ്യത്തിന് ഭൂരിപക്ഷം വ്യക്തമായിരിക്കുമെന്ന് തേജസ്വി യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണലിൽ ക്രമക്കേടുകൾ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ രാഷ്ട്രീയത്തിൽ സഖ്യനയത്തിൽ പലവട്ടം വഴിതിരിച്ച നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിന്റെ സാന്നിധ്യമുള്ള എൻഡിഎയ്ക്ക് ബിഹാർ ഭരണം നിലനിർത്തേണ്ടത് ഏറെ നിർണായകമാണ്.











