07:51pm 08 May 2026
NEWS
കെ സി വേണു​ഗോപാലിനെ പിന്തുണച്ച എംഎൽഎമാരുടെ മനസ് മാറുന്നു; കോൺ​ഗ്രസിൽ മുഖ്യമന്ത്രി നിർണയം കൂടുതൽ സങ്കീർണമാകുന്നു
07/05/2026  06:05 PM IST
nila
കെ സി വേണു​ഗോപാലിനെ പിന്തുണച്ച എംഎൽഎമാരുടെ മനസ് മാറുന്നു; കോൺ​ഗ്രസിൽ മുഖ്യമന്ത്രി നിർണയം കൂടുതൽ സങ്കീർണമാകുന്നു

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകൾ കൂടുതൽ സങ്കീർണമാകുന്നു. എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നിർണായക കൂടിക്കാഴ്ചകൾ പുരോഗമിക്കുമ്പോൾ, കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം മാറിമറിയുന്നു എന്നാണ് സൂചന. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വിലയിരുത്തൽ. എന്നാൽ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ എംഎൽഎമാരുമായി പ്രത്യേകം പ്രത്യേകം നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം ചിത്രം മാറിയെന്നാണ് വി ഡി സതീശൻ പക്ഷവും രമേശ് ചെന്നിത്തല പക്ഷവും അവകാശപ്പെടുന്നത്.

കൂട്ടായ പിന്തുണ പ്രഖ്യാപിച്ചിരുന്ന ചില എംഎൽഎമാർ വ്യക്തിഗത ചർച്ചകളിൽ നിലപാട് മാറ്റിയതായും കെ സി പക്ഷം ഉയർത്തിയ 40ലേറെ അംഗങ്ങളുടെ പിന്തുണാ കണക്ക് ശരിയല്ലെന്നും ഇരുപക്ഷവും ആരോപിക്കുന്നു. വി ഡി സതീശൻ പക്ഷം 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് പറയുന്നത്. അതേസമയം 23 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റെ അവകാശവാദം.

ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത പക്ഷം വി ഡി സതീശൻ മന്ത്രിസഭയിൽ ചേരില്ലെന്ന തരത്തിലുള്ള വാർത്തകളും രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിച്ചു. എന്നാൽ ഇക്കാര്യം വി ഡി പക്ഷം തള്ളി. മുഖ്യമന്ത്രി ആയില്ലെങ്കിൽ മന്ത്രിയാകില്ലെന്ന നിലപാട് സതീശൻ സ്വീകരിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള കാര്യങ്ങൾ നിരീക്ഷകരോട് പറയേണ്ട വിഷയമല്ലെന്നുമാണ് വിശദീകരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img