
അബുദാബി: പ്രവാസികളുടെ ഭാഗ്യപരീക്ഷണ വേദിയായ അബുദാബി ബിഗ് ടിക്കറ്റിന്റെ ബംപർ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ വീട്ടമ്മ. 25 ദശലക്ഷം ദിർഹം (ഏകദേശം 64 കോടിയിലേറെ ഇന്ത്യൻ രൂപ) പഞ്ചാബ് സ്വദേശിനിയായ മീന സറീനിനാണ് ലഭിച്ചത്. യുഎഇയിൽ 18 വർഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന മുൻ ഗണിതശാസ്ത്ര അധ്യാപികയാണ് മീന.
നാലു വർഷത്തോളമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുന്ന മീന കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും മറ്റ് രണ്ടുപേരുമായി ചേർന്നാണ് ടിക്കറ്റുകൾ വാങ്ങിയിരുന്നത്. ഇത്തവണ ഭാഗ്യം തുണച്ച ടിക്കറ്റ് നമ്പർ യാതൊരു പ്രത്യേക കണക്കുകൂട്ടലുമില്ലാതെ യാദൃച്ഛികമായി തിരഞ്ഞെടുക്കുകയായിരുന്നു.
വിജയവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ വിശ്വസിക്കാനായില്ലെന്ന് മീന പറഞ്ഞു. സന്തോഷവും അമ്പരപ്പും ഒരേസമയം അനുഭവപ്പെട്ടു. കാലുകൾ നിലത്തുറയ്ക്കാത്തതുപോലെയും തലകറങ്ങുന്നതുപോലെയും തോന്നി. ഇത്രയും വലിയ നേട്ടം ലഭിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും ഇപ്പോഴും ആ സന്തോഷം പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പ്രതികരിച്ചു.
സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ തുകയുടെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സഹായം ആവശ്യമുള്ള കുടുംബാംഗങ്ങൾക്കുമായി മാറ്റിവയ്ക്കുമെന്ന് മീന വ്യക്തമാക്കി. ഭാഗ്യപരീക്ഷണം തുടരുന്നവരോട് പ്രതീക്ഷ കൈവിടാതെ ശ്രമിച്ചുകൊണ്ടിരിക്കാനും അവർ ആഹ്വാനം ചെയ്തു.
രോഗബാധിതനായ മകന്റെ ചികിത്സയ്ക്കും വീടെന്ന സ്വപ്നത്തിനും കൈത്താങ്ങ്
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനിടെ ശ്രദ്ധേയമായ മറ്റൊരു നേട്ടം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഏഴുവയസ്സുകാരന്റെ കുടുംബത്തിനാണ് ലഭിച്ചത്. ശ്രീലങ്കൻ സ്വദേശിയായ ഇനേഷ് മോഹനും ദക്ഷിണാഫ്രിക്കക്കാരിയായ ഭാര്യയ്ക്കും പ്രത്യേക പുരസ്കാരമായ 'റിച്ച് ആർഡ് ആൻഡ് ബുഷ്റ ചോയ്സ് അവാർഡിലൂടെ' ഒരു ലക്ഷം ദിർഹം (ഏകദേശം 26 ലക്ഷം രൂപ) ലഭിച്ചു.
തലച്ചോറിനെ ബാധിച്ച ഗുരുതര രോഗത്തെത്തുടർന്ന് മകൻ സാക്കിന് കേൾവിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും കാരണം വാങ്ങിയ വീടിന്റെ തവണകൾ അടയ്ക്കാൻ കഴിയാതെ നിയമനടപടികൾ നേരിടുന്ന സാഹചര്യത്തിലായിരുന്നു കുടുംബം.
നേരത്തെ ലഭിച്ച 10,000 ദിർഹത്തിന്റെ ആശ്വാസ സമ്മാനം ഏറ്റുവാങ്ങാൻ ബിഗ് ടിക്കറ്റ് ഓഫീസിലെത്തിയപ്പോഴാണ് കുടുംബത്തെ തേടി മറ്റൊരു സന്തോഷവാർത്തയെത്തിയത്. അധികൃതർ അധികമായി 90,000 ദിർഹം കൂടി സമ്മാനമായി നൽകുകയായിരുന്നു. മകന് സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഈ തുക വലിയ സഹായമാകുമെന്ന് ഇനേഷ് പറഞ്ഞു.
റേഞ്ച് റോവർ വെലാറും സ്വന്തമാക്കി പ്രവാസി
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രമോഷനിലും പ്രവാസിക്ക് ഭാഗ്യമെത്തി. അൽ ഐനിൽ താമസിക്കുന്ന കാജാ തൂലിയത്താണ് പുതിയ റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയത്. 025383 എന്ന ടിക്കറ്റ് നമ്പറാണ് കാജയ്ക്ക് സമ്മാനം നേടിക്കൊടുത്തത്.
സ്വർണക്കട്ടികൾ ഉൾപ്പെടെയുള്ള മറ്റ് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിവിധ പ്രവാസികൾ സ്വന്തമാക്കി.










