06:33pm 03 May 2026
NEWS

ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു

12/01/2026  11:46 AM IST
nila
 ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണ പാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാം ഘട്ടത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തതായി ഐഎസ്ആർഒ അറിയിച്ചു. 2026ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി ദൗത്യം ലക്ഷ്യം കൈവരിക്കാതെ അവസാനിക്കുന്നത്.

വിക്ഷേപണത്തിന്റെ 380 സെക്കൻഡുകൾ കഴിഞ്ഞപ്പോഴാണ് മൂന്നാം ഘട്ടത്തിൽ അസാധാരണതകൾ കണ്ടെത്തിയതെന്നും, അതോടെയാണ് ദൗത്യം ഉപേക്ഷിക്കേണ്ടിവന്നതെന്നും ഐഎസ്ആർഒ എക്‌സിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം മേയിൽ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒയെ ഭ്രമണപഥത്തിലെത്തിക്കാൻ ശ്രമിച്ച പിഎസ്എൽവി-സി 61 ദൗത്യവും സമാന സാഹചര്യത്തിൽ പരാജയപ്പെട്ടിരുന്നു. അന്നും മൂന്നാം ഘട്ടത്തിൽ സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതായിരുന്നു ദൗത്യം പരാജയപ്പെടാൻ കാരണമായത്.

ഇത്തവണത്തെ ദൗത്യത്തിലൂടെ ഭൗമനിരീക്ഷണത്തിനായുള്ള ‘അന്വേഷ’ ഉൾപ്പെടെ ആകെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാനായിരുന്നു ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17നാണ് പിഎസ്എൽവി-സി 62 വിക്ഷേപിച്ചത്.

ദൗത്യത്തിലെ പ്രധാന ഉപഗ്രഹമായ ഇഒഎസ്-എൻ1, ‘അന്വേഷ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭൂമിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ ഉപഗ്രഹത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ ഉപയോഗിക്കുമെന്നാണ് അറിയിച്ചിരുന്നത്. 511 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് അന്വേഷയെ സ്ഥാപിക്കാനിരുന്നതെങ്കിലും, ഉപഗ്രഹത്തിന്റെ സാങ്കേതിക വിശദാംശങ്ങൾ ഐഎസ്ആർഒ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img