05:38pm 14 May 2026
NEWS
“അതും കൂടി വേണമെങ്കിൽ ഞാൻ കൊടുക്കാം“; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു പിന്നാലെ കെ സി വേണു​ഗോപാലിന്റെ പ്രതികരണം
14/05/2026  01:49 PM IST
nila
“അതും കൂടി വേണമെങ്കിൽ ഞാൻ കൊടുക്കാം“; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു പിന്നാലെ കെ സി വേണു​ഗോപാലിന്റെ പ്രതികരണം

കേരള മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ പ്രതികരണമാണ് രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധനേടുന്നത്. ഹൈക്കമാൻഡ് തീരുമാനത്തെ താൻ സ്വാ​ഗതം ചെയ്യുന്നു എന്നായിരുന്നു കെ സി വേണു​ഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിച്ച് മടങ്ങുന്നതിനിടെ “എഐസിസി ജനറൽ സെക്രട്ടറിയായി തുടരുമോ?” എന്ന ചോദ്യത്തിന്, “അതും കൂടി വേണമെങ്കിൽ ഞാൻ കൊടുക്കാം… നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ,” എന്നായിരുന്നു കെസിയുടെ ചിരിയോടെയുള്ള മറുപടി. ഈ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളിൽ വിവിധ തരത്തിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. 

അതേസമയം, ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്നായിരുന്നു കെ സി വേണുഗോപാലിന്റെ ആദ്യ പ്രതികരണം. “ഞാൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയും ജനങ്ങളുമാണ് വലുത്,” എന്ന് പറഞ്ഞ അദ്ദേഹം വി ഡി സതീശനും പുതിയ സർക്കാരിനും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പറഞ്ഞു.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്ന മുൻചർച്ചകൾ ഇനി പ്രസക്തമല്ലെന്നും നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും കെസി കൂട്ടിച്ചേർത്തു. കേരളവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് പ്രഖ്യാപന സമയത്ത് താൻ മാറിനിന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വി ഡി സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്ന കെസി, ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ഭരണമായിരിക്കും പുതിയ സർക്കാർ നൽകുകയെന്നും പ്രത്യാശ പ്രകടിപ്പിച്ചു. “ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്നാണ് ഞാൻ എപ്പോഴും പറഞ്ഞത്. ഞാൻ തുടർന്നും കോൺഗ്രസുകാരനായിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ചവരും തീരുമാനം അംഗീകരിക്കണമെന്ന് അഭ്യർത്ഥിച്ച കെസി, വിമർശനങ്ങളും ആക്രമണങ്ങളും സഹിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

അതേസമയം, ഘടകകക്ഷികളുടെ സമ്മർദ്ദം തീരുമാനത്തിൽ സ്വാധീനിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കെ സി വേണുഗോപാൽ പ്രതികരിച്ചില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img