01:50am 17 July 2026
NEWS
ബിഡദിയ്‌ക്ക് തീപ്പിടിക്കുന്നു;പ്രതിഷേധം ശക്തിപ്പെടവേ ടൗൺഷിപ്പ് പദ്ധതി പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി.
16/07/2026  11:50 AM IST
വിഷ്ണുമംഗലം കുമാർ
ബിഡദിയ്‌ക്ക് തീപ്പിടിക്കുന്നു;പ്രതിഷേധം ശക്തിപ്പെടവേ ടൗൺഷിപ്പ് പദ്ധതി പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി

 ബംഗളുരു: നഗരകേന്ദ്രത്തിൽ നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ തെക്ക് പടിഞ്ഞാറായി മൈസൂരുവിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയുടെ പാർശ്വങ്ങളിലായി കിടക്കുന്ന ഗ്രാമീണമേഖലയായ ബിഡദിയ്‌ക്ക് തീപ്പിടിക്കുകയാണ്. കൃഷിക്കാരുടെ പാർട്ടിയായി കരുതപ്പെടുന്ന ജെഡിഎസ്സിന്റെ സ്വാധീനത്തിലായിരുന്ന ഈ നഗരപ്രാന്ത പ്രദേശം ഡി കെ ശിവകുമാർ നിയന്ത്രണത്തിൽ കൊണ്ടുവന്നത് ഉപമുഖ്യമന്ത്രി ആയപ്പോഴാണ്. മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ട ഡി കെ കൂടുതൽ കരുത്തനാണ്. ബിഡദിയിലെ ഒമ്പത് ഗ്രാമങ്ങളിലായി പരന്നുകിടക്കുന്ന ഏഴായിരം ഏക്ര കൃഷിഭൂമി ഏറ്റെടുത്ത് ആധുനിക രീതിയിലുള്ള ടൗൺഷിപ്പ് നിർമ്മിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. എന്നാൽ ഈ മേഖലയിലെ നല്ലൊരു വിഭാഗം കൃഷിക്കാരും ടൗൺഷിപ്പിന് എതിരാണ്. ജീവൻ പോയാലും ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന നിലപാടെടുത്ത് കൃഷിക്കാർ ഒരുവർഷം മുമ്പ് ആരംഭിച്ച പ്രതിഷേധം ശക്തിപ്പെടുകയാണ്. ഭൂമി അളക്കാനായി മന്ദലഹള്ളി ഗ്രാമത്തിലെത്തിയ സർക്കാർ ജീവനക്കാരെ ചൂലേന്തിയ സ്ത്രീകൾ അടിച്ചോടിച്ചു. ചെറിയൊരു വിഭാഗം കൃഷിക്കാർ ടൗൺഷിപ്പിന് അനുകൂലമാണ്. പ്രതിഷേധക്കാരും അനുകൂലികളും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുകയാണ്. പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജെഡിഎസ്സും ബിജെപിയും രംഗത്തുണ്ട്. കൃഷിക്കാർക്കും പ്രകൃതിയ്ക്കും ദോഷം ചെയ്യുന്ന ടൗൺഷിപ്പ് പദ്ധതി ഉപേക്ഷിക്കാൻ മുൻ പ്രധാനമന്ത്രി ദേവഗൗഡ മുഖ്യമന്ത്രി ഡി കെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ ബംഗളുരു വിധാനസൗധയ്ക്ക് മുമ്പിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് 93 വയസ്സുള്ള ദേവഗൗഡ മുന്നറിയിപ്പ് നൽകി. "ആകെയുള്ള 10580 കൃഷിക്കാരിൽ 80 ശതമാനം ഒരേക്കറിൽ താഴെ ഭൂമിയുള്ള സാധാരണക്കാരാണ്. ചെറുകിട കൃഷികൾ ചെയ്തും കന്നുകാലികളെ വളർത്തിയുമാണ് അവർ ഉപജീവനം കഴിക്കുന്നത്. പാരമ്പര്യമായി കിട്ടിയ കൃഷിഭൂമിയോട് അവർക്ക് ആത്മബന്ധമുണ്ട്. അറുപതിനായിരം ലിറ്റർ പാല് ദിവസേന ബിഡദിക്കാർ ബംഗളുരുവിലെത്തിക്കുന്നുണ്ട്. അവർ നടത്തുന്നത് നിലനിൽപ്പിന്റെ സമരമാണ്. പ്രകൃതിയും സംസ്കാരവും സംരക്ഷിക്കാനുള്ള സമരമാണ്. അത് മനസ്സിലാക്കി മുഖ്യമന്ത്രി ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് പിന്മാറണം" ദേവഗൗഡ ആവശ്യപ്പെട്ടു. കേന്ദ്ര ഘനവ്യവസായ മന്ത്രിയും ജെഡിഎസ്സ് നേതാവുമായ കുമാരസ്വാമി ഇന്ന് ബിഡദി സന്ദർശിക്കുന്നുണ്ട്. പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിൽ ടൗൺഷിപ്പ് പദ്ധതി വിലയിരുത്താൻ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. "ആരുടെയും ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കില്ല. എന്നാൽ സ്വമേധയാ ഭൂമി നൽകുന്നവർക്ക് അതിന് സൗകര്യം ചെയ്തുകൊടുക്കും"മുഖ്യമന്ത്രി വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img