06:49am 13 November 2026
NEWS
ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു
23/09/2025  01:32 PM IST
nila
ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി കസ്റ്റംസ് കേരളത്തിൽ നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തു. കാറുകൾ പിടിച്ചെടുത്തതിന് പുറമെ, കൂടുതൽ വാഹനങ്ങൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന് അറിയിച്ച് നോട്ടീസ് നൽകുകയും ചെയ്തു.  കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനിൽ നിന്നുള്ള ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിയെന്ന ഇന്റലിജൻസ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. 

 കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിൽ നിന്നാണ് 11 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്.

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങൾ കേരളത്തിലെ നിരവധി ആളുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഇന്റലിജെൻസ് റിപ്പോർട്ട്. മലയാള സിനിമ താരങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ വാഹനങ്ങൾ സ്വന്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. ഇതിനുപുറമെയാണ് കോഴിക്കോട്, മലപ്പുറം, തിരുവനന്തുപുരം തുടങ്ങിയ ജില്ലകളിലും ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പരിശോധന നടക്കുന്നുണ്ട്.

ഭൂട്ടാൻ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയിൽ പെടുന്നതുമായ വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിൽ എത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് ഇക്കാര്യത്തിൽ അന്വേഷണം ഊർജിതമാക്കി തുടങ്ങുന്നത്. കേരളത്തിലെ ഏതാനും സിനിമ താരങ്ങളും സാങ്കേതിക പ്രവർത്തകരും വ്യവസായികളും ഇത്തരത്തിൽ നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്നിട്ടുള്ള വാഹനങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img