
എറണാകുളം : കേരളത്തിലെ വിവിധ ഭൂമിത്രസേന ക്ലബുകൾക്കിടയിൽ നടത്തപ്പെട്ട "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ്" പ്രോഗ്രാമിൽ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഭൂമിത്രസേന ക്ലബ് സംസ്ഥാനതലത്തിൽ രണ്ടാം സമ്മാനം നേടി.
പ്രശസ്തമായ ഈ അവാർഡ് ജൂൺ 5-ന് തിരുവന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന 2025ലെ ലോക പരിസ്ഥിതി ദിന സംസ്ഥാനതലാഘോഷത്തിന്റെ ഭാഗമായ ചടങ്ങിൽ സമ്മാനിക്കപ്പെട്ടു. കേരള സർക്കാർ പരിസ്ഥിതി കാലാവസ്ഥാ വകുപ്പും, യൂനിസെഫ് എന്നിവയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
കാട്ടാക്കട എം.എൽ.എ ശ്രീ. ഐ.ബി. സതീഷ്, സെന്റ് തെരേസാസ് കോളേജ് ടീം അംഗങ്ങൾക്ക് പുരസ്‌കാരം സമ്മാനിച്ചു.സംസ്ഥാനമാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ മാതൃകയായി ഇവർ മാറിയതായി സംഘാടകർ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണമെന്നതായിരുന്നു ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം.സെന്റ് തെരേസാസ് കോളേജിനെ പ്രതിനിധീകരിച്ച് ഡോ. സിസ്റ്റർ സുചിത (വൈസ് പ്രിൻസിപ്പൽ),ഭൂമിത്രസേന ക്ലബിന്റെയും, ഉന്നത് ഭാരത് അഭിയാൻ (UBA) ടീമിന്റെയും അധ്യാപകരും വിദ്യാർത്ഥികളും പുരസ്കാരം സ്വീകരിച്ചു.










