08:54pm 14 September 2026
NEWS
ഭൂതത്താൻകെട്ട് ജലവൈദ്യുതികരാറുകാർ കോടികൾ തട്ടിയെടുക്കാൻ പദ്ധതി അട്ടിമറിച്ചു
14/09/2026  05:01 PM IST
ചെറുകര സണ്ണീലൂക്കോസ്‌
 ഭൂതത്താൻകെട്ട് ജലവൈദ്യുതികരാറുകാർ കോടികൾ  തട്ടിയെടുക്കാൻ പദ്ധതി അട്ടിമറിച്ചു

കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും പൂർത്തിയാകാത്ത ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി പൂർത്തിയാക്കാൻ മൂന്നാമതും റീടെണ്ടർ വിളിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. സിവിൽ വർക്ക് 99% വും എഞ്ചിനീയറിംഗ് വർക്ക് 86% വും പൂർത്തിയാക്കിയശേഷം വർക്കെടുത്ത കരാറുകാർ ശ്രീശരവണ എഞ്ചിനീയറിംഗ് ഭവാനി ലിമിറ്റഡ് കൂടുതൽ കോടികൾ തട്ടിയെടുക്കാൻ പത്തുവർഷക്കാലം രാഷ്ട്രീയ ഉദ്യോഗസ്ഥലോബിയുമായി ഒത്തുകളിച്ച് നടത്തിയ വൻതട്ടിപ്പിന്റെ കഥകളാണ് പുറത്തുവരുന്നത്.

ഭരണമാറ്റത്തിനുശേഷം കെ.എസ്.ഇ.ബി പിന്തുണ നഷ്ടപ്പെടുകയും ഹൈക്കോടതികൂടി എതിരാക്കുകയും ചെയ്തതോടെ കരാറുകാരുടെ സെക്യൂരിറ്റി തുകയായ 30 കോടി രൂപ കെ.എസ്.ഇ.ബി പിടിച്ചെടുത്തു. 24 മെഗാവാട്ടിന്റെ ഭൂതത്താൻകെട്ട് പദ്ധതി മൂന്നാം വട്ടവും റീടെണ്ടർ ചെയ്യാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി. എന്നാൽ പദ്ധതി ഇത്രയും കാലം വൈകാനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രമുഖ ട്രേഡ് യൂണിയനിസ്റ്റും ഐ.എൻ.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റുമായ അനിയൻ മാത്യു സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. വലിയ ഗൂഢമായ കളികളുടെ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് അദ്ദേഹത്തിന്റെ പരാതിയിലുള്ളത്.

സംസ്ഥാനത്ത് ആദ്യമായി ഡാം ഇല്ലാതെ ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ബൾബ് ടർബൈൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ഭൂതത്താൻ കെട്ട് സ്‌മോൾ ഹൈഡ്രോ ഇലക്ട്രിക്കൽ പ്രോജക്ട് 10 വർഷം വൈകിയിട്ടും എങ്ങനെ പൂർത്തിയാക്കുമെന്നറിയാതെ കെ.എസ്.ഇ.ബിയും വൈദ്യുതി വകുപ്പും ഇരുട്ടിൽ തപ്പുന്നു. പദ്ധതി വൈകിയത് മൂലമുള്ള ഉൽപ്പാദനനഷ്ടം മാത്രം 340 കോടി രൂപയാണ്.
നിർമ്മാണം ഏറ്റെടുത്ത തമിഴ്‌നാട് കമ്പനി എസ്.എസ്.ഇ.ബി അന്തിമഘട്ടത്തിൽ സ്ഥാപിക്കേണ്ട പ്രധാനപ്പെട്ട ഉപകരണങ്ങൾ യഥാസമയം എത്തിക്കാതെ കരാറിലുള്ളതിനേക്കാൾ വളരെയധികം തുക ബോർഡിൽ നിന്നും നേടിയെടുക്കാൻ നടത്തിയ  സമ്മർദ്ദതന്ത്രങ്ങളാണ് നിർമ്മാണം പൂർത്തിയാക്കേണ്ട കാലാവധി കഴിഞ്ഞ് 10 വർഷമായിട്ടും പദ്ധതി മുടങ്ങിക്കിടക്കുന്നതിന് ഇടയാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന് അഭിമാനമായി മാറേണ്ടിയിരുന്ന പദ്ധതി അഴിമതി നടത്തുന്നതിനായി ഗൂഢാലോചനയിലൂടെയും കള്ളക്കളികളിലൂടെയും താറുമാറാക്കിയതിന്റെ യാഥാർത്ഥ്യങ്ങൾ ഒരു അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

എറണാകുളം ജില്ലയിലെ കോതമംഗലത്തിനും, തട്ടേക്കാടിനും ഇടയ്ക്ക് പെരിയാർ വാലി ജലസേചന പദ്ധതിയുടെ ഭൂതത്താൻകെട്ട് ബാരേജിനെ (തടയണ) ആശ്രയിച്ച് നിർമ്മിച്ച് തുടങ്ങിയതാണ് ഈ ചെറുകിട ജലവൈദ്യുത പദ്ധതി. പള്ളിവാസൽ, പന്നിയാർ, ശെങ്കുളം, ലോവർ പെരിയാർ, നേര്യമംഗലം, ഇടമലയാർ ഇങ്ങനെ പെരിയാറിലെ ജലവൈദ്യുത പദ്ധതികളിലെ വൈദ്യുതോൽപ്പാദനത്തിന് ശേഷമുള്ള വെള്ളവും ഒഴുകിയെത്തുന്നത് ഭൂതത്താൻകെട്ടിലേക്കാണ്. മേജർ ഇറിഗേഷൻ വകുപ്പിന്റെ കണക്കനുസരിച്ച് ഒരു വർഷം 4300 മില്യൺ ക്യുബിക് മീറ്റർ വെള്ളമാണ് ഭൂതത്താൻകെട്ടിലൂടെ ഒഴുകിപ്പോകുന്നത്.

ഡാമില്ലാതെ 8 മെഗാവാട്ടിന്റെ 3 ടർബൈനുകൾ സ്ഥാപിച്ച് 24 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ക്യാപ്റ്റീവ് പവ്വർ പ്ലാന്റ് സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി ആദ്യം പദ്ധതി തയ്യാറാക്കിയത് 1994 ലാണ്. 1994 ഡിസംബർ 30 ന് ഇതിനായി ബോർഡ് സ്വകാര്യ കമ്പനിയായ സിൽക്കാൽ മെറ്റലർജിക്ക് ലിമിറ്റഡും തമ്മിൽ കരാറിൽ ഏർപ്പെട്ടു. 1999 മാർച്ച് 3 ന് പദ്ധതി കമ്മീഷൻ ചെയ്യണമെന്നായിരുന്നു കരാർ. എന്നാൽ കരാർ ഏറ്റെടുത്ത കമ്പനിക്ക് പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഇതേത്തുടർന്ന് 2010 സെപ്റ്റംബർ 8 ന് സിൽക്കാലുമായിട്ടുള്ള കരാർ കെ.എസ്.ഇ.ബി റദ്ദാക്കി.

ഇതിനുശേഷം ഭൂതത്താൻകെട്ടിൽ 24 മെഗാവാട്ടിന്റെ പവ്വർപ്ലാന്റ് സ്ഥാപിക്കുന്നതിന് 231.21 കോടി രൂപയുടെ പദ്ധതിക്ക് 2013 ഒക്‌ടോബർ 10 ന് വൈദ്യുതി ബോർഡ് ഭരണ അനുമതി നൽകി. 2013 നവംബർ 23  ന് ഇ ടെണ്ടർ വിളിച്ചു. സിവിൽ വർക്കിന്റെ കരാർ 86.81 കോടി രൂപയ്ക്ക് തമിഴ്‌നാട്ടിലെ ശ്രീശരവണ എൻജിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡിന് (SSEB) നൽകി. അവർ ആർ.പി.പി ഇൻഫ്രാപ്രോജക്ട് ലിമിറ്റഡുമായി ചേർന്നുള്ള സംയുക്ത സംരംഭമായി കരാർ ഏറ്റെടുത്തു. 2014 മാർച്ച് 7 ന് കരാർ ഒപ്പിട്ടു. 2014 ഫെബ്രുവരി 15 ന് തുടങ്ങി 2016 ഫെബ്രുവരി 14 ന് സിവിൽ വർക്ക് പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. നിശ്ചിതസമയത്തിനുള്ളിൽ 99.70% സിവിൽ വർക്കുകളും പൂർത്തിയായി.
പദ്ധതിയുടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ വർക്കുകളുടെ കരാർ ശ്രീശരവണ എഞ്ചിനീയറിംഗ് ഭവാനി പ്രൈവറ്റ് ലിമിറ്റഡും  ചൈനയിലെ ഹുനാൻ ഷാവോയാങ്ങ് ജനറേറ്റിംഗ് എക്യുപ്‌മെന്റ് കമ്പനി ലിമിറ്റഡ് ചേർന്നുള്ള കൺസോർഷ്യം 2015 മാർച്ച് 18 ന് കെ.എസ്.ഇ.ബിയുമായി ഒപ്പിട്ടു. (കരാർ നമ്പർ CE(PED)/05/2014-14 Dated 18/03/2015)) ബോർഡ് ഉത്തരവ് BO(DB)No.3384/D(SCM&GE)/G2/BKT/2014-15 dated 24/12/2014 വർക്ക് തീർക്കുന്നതിനുള്ള കാലാവധി 05/12/2015 മുതൽ 03/08/2016 വരെ അതായത് 18 മാസമായിരുന്നു. കൺസോർഷ്യം ഈ കരാർ എടുത്തത് 81.80 കോടി രൂപയ്ക്കായിരുന്നു. എന്നാൽ വർക്കിന്റെ 86.61% പൂർത്തിയാക്കാൻ മാത്രമേ കരാർ എടുത്ത കമ്പനി തയ്യാറുള്ളൂ.

പദ്ധതിക്കായുള്ള ഇലക്‌ട്രോ മെക്കാനിക്കൽ സാമഗ്രികൾ മൂന്ന് തവണയായി ചൈനയിൽ നിന്നും ഹുനാൻ കമ്പനി ഭൂതത്താൻ കെട്ടിൽ എത്തിക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. രണ്ടുതവണ ചൈനയിൽ നിന്നും സാമഗ്രികൾ എത്തി. മൂന്നാംതവണ അത് മുടങ്ങി. പ്രധാന കരാറുകാരൻ പദ്ധതിയുടെ ചെറുമാതൃക പരീക്ഷിച്ച് അതിന്റെ റിപ്പോർട്ട് ഓരോ ഘട്ടത്തിലും നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല.
ഇതിനിടെ കൺസോർഷ്യത്തിലെ രണ്ടാം പാർട്ട്ണറായ ചൈനയിലെ ഹുനാൻ കമ്പനി ഒന്നും രണ്ടും ഘട്ടമായി പ്രധാന കരാറുകാരൻ ഭൂതത്താൻ കെട്ടിലേക്ക് എത്തിച്ച സാമഗ്രികളിൽ ചിലത് തങ്ങളുടേതല്ലെന്ന് കെ.എസ്.ഇ.ബിക്ക് മെയിൽ അയച്ചത് SSEB യുടെ ഇടപാടുകളിലെ ദുരൂഹതകൾക്കുള്ള സൂചനയായിരുന്നു. ഇത് വിവാദമാകും എന്ന് ഭയന്ന് ഇതിന് കൂട്ടുനിന്ന ബോർഡിലെയും വൈദ്യുതി വകുപ്പിലെയും ഉന്നതർ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിച്ചു.

മൂന്നാം ഘട്ടമായി ഹുനാൻ കമ്പനി എത്തിക്കേണ്ടിയിരുന്ന 3 ടർബൈനുകളും 3 ജനറേറ്ററുകളും ഇറക്കുമതി ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡ് SSEB യ്ക്ക് നോട്ടീസ് നൽകി. കരാർ റദ്ദാക്കാനുള്ള സാധ്യത തടയാൻ SSEB എം.ഡി കേരളഹൈക്കോടതിയെ സമീപിച്ചു. ബാങ്ക് ഗ്യാരന്റി നൽകിയിരിക്കുന്ന 10.6 കോടി രൂപ  പിടിച്ചെടുക്കരുതെന്നും കരാർ റദ്ദാക്കരുതെന്നുമായിരുന്നു ആവശ്യം. കൂടാതെ കരാർ കാലാവധി നീണ്ടതിനാൽ തുക ഉയർത്തണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചു. ഇതോടെ ഭൂതത്താൻകെട്ട് പദ്ധതി അനിശ്ചിതത്വത്തിലായി. ഇതിനിടെ SSEB മറ്റൊരു അടവ് മുന്നോട്ടുവെച്ചു. മൂന്നാംഘട്ടമായി വരേണ്ടുന്ന സാമഗ്രികൾ ഇറക്കുമതി ചെയ്യാൻ വൈദ്യുതി ബോർഡ് സാമ്പത്തികമായി സഹായിക്കണമെന്നായിരുന്നു ആ ഡിമാന്റ്. 2018 ലെ പ്രളയം, കോവിഡ്, രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 60 രൂപയിൽ നിന്നും 75 രൂപ ആയത് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കമ്പനി സാമ്പത്തികമായി പ്രതിസന്ധിയിലാണെന്നും കൂടുതൽ തുക അനുവദിക്കണമെന്നുമാണ് ആവശ്യപ്പെട്ട് കത്ത് നൽകി.

ഈ കത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ചെയർമാന്റെ നേതൃത്വത്തിൽ 2021 നവംബർ- ഡിസംബർ മാസങ്ങളിൽ ചില യോഗങ്ങൾ നടന്നു. ഇക്കാലത്ത് ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ചൈനീസ് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ വിലക്ക് വന്നു. അതോടെ ഹുനാൻ ഷാവോയാങ്ങ് ജനറേറ്റിംഗ് എക്യുപ്‌മെന്റ് കമ്പനി ലിമിറ്റഡ് നെ ഒഴിവാക്കി മറ്റൊരു ചൈനീസ് കമ്പനിയിൽ നിന്ന് ഉപകരണം വാങ്ങി കൂടിയവില ആവശ്യപ്പെടാനുള്ള നീക്കത്തിന് തടസ്സം നേരിട്ടു. എന്നാൽ ഹൂനാൻ കമ്പനിയുമായുള്ള കരാർ വളരെ മുമ്പേയുള്ളതായതിനാൽ അവർക്ക് സാധനം ഇറക്കുമതി ചെയ്യാൻ തടസ്സമുണ്ടായിരുന്നില്ല.

ഇതോടെ SSEB പ്രതിനിധികളും കെ.എസ്.ഇ.ബി ഉന്നതരും യോഗം ചേർന്നു. അവസാനഘട്ട സാമഗ്രികൾ ഇറക്കുമതി ചെയ്യാൻ ഹുനാൻ കമ്പനിക്ക് തന്നെ കെ.എസ്.ഇ.ബി ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകാൻ തീരുമാനിച്ചു. അതായത് ഹുനാൻ കമ്പനി സാമഗ്രികൾ ഇറക്കുമതി ചെയ്യുമ്പോൾ അതിന് തത്തുല്യമായ തുക കേരളത്തിലെ ബാങ്കിൽ നിന്നും പിൻവലിക്കാം. 2022 മാർച്ചിൽ കെ.എസ്.ഇ.ബി ബോർഡ് യോഗം ഈ തീരുമാനം അംഗീകരിച്ചു. കെ.എസ്.ഇ.ബി, SSEB, ഹുനാൻ കമ്പനികളുടെ പ്രതിനിധികൾ ചേർന്ന് 2022 ഏപ്രിൽ 27 ന് ത്രികക്ഷി കരാർ ഒപ്പുവച്ചു. എറണാകുളം എസ്.ബി.ഐയുടെ അംഗീകാരമുള്ള ലെറ്റർ ഓഫ് ക്രെഡിറ്റ് ഹുനാൻ കമ്പനിക്ക് അയച്ചു. എന്നാൽ ലെറ്റർ ഓഫ് ക്രെഡിറ്റിലെ ചില നിബന്ധനകൾ മാറ്റണമെന്ന് ഹുനാൻ കമ്പനി ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തിന് വൈദ്യുതി ബോർഡ് വഴങ്ങിയില്ല.

അതോടെ ഹുനാൻ കമ്പനിക്ക് ബാങ്ക് ഗ്യാരന്റി നൽകിയ 10.6 കോടി രൂപ തങ്ങൾക്ക് നൽകണമെന്ന് SSEB ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് 22/06/2023 ലെ വൈദ്യുതി ബോർഡ് തീരുമാനപ്രകാരം അഡ്വക്കേറ്റ് ജനറലിനോട് ബോർഡ് നിയമോപദേശം തേടി. 09/07/2024 ന് ലഭിച്ച അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കരാറുകാരനുമായി ചർച്ച നടത്തി മൂന്നാമത്തെ കൺസൈൻമെന്റ് ഇറക്കുമതി ചെയ്യാനുള്ള നടപടിക്ക് ശ്രമിക്കുകയും കരാറുകാരൻ ഇറക്കുമതിക്ക് തയ്യാറാകാത്ത പക്ഷം പ്രസ്തുത കരാർ കരാറുകാരന്റെ റിസ്‌ക് ആന്റ് കോസ്റ്റിൽ പുതിയ  ടെണ്ടർ ക്ഷണിച്ച് പൂർത്തീകരിക്കണം എന്നായിരുന്നു. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡ് കരാറുകാരുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും കൂടുതൽ പണം നൽകാതെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യില്ല എന്ന നിലപാടിൽ നിന്ന് പിന്തിരിയാൻ തയ്യാറായില്ല.
ബാങ്ക് ഗ്യാരന്റി SSEB യ്ക്ക് തിരികെ കൊടുക്കുന്നതിന് ഊർജ്ജവകുപ്പ് എതിർത്തു. ആദ്യം പറഞ്ഞ ബജറ്റിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഊർജ്ജവകുപ്പ് കെ.എസ്.ഇ.ബിയ്ക്ക് നിർദ്ദേശം നൽകി. ഇതിന് പിന്നാലെ 2022 ഏപ്രിൽ 27 ലെ ത്രികക്ഷി കരാർ റദ്ദാക്കി.

അതോടെ SSEB കൺസോർഷ്യത്തിലെ പാർട്ട്ണറായിരുന്ന ചൈനയിലെ ഹുനാൻ കമ്പനിയെ മുൻനിർത്തി ചില നാടകങ്ങൾ കളിച്ചു. ഭൂതത്താൻകെട്ട് കരാർ കൺസോർഷ്യത്തിലെ ചൈനീസ് കമ്പനിയായ ഹുനാൻ ഷാവോയാങ്ങ് ജനറേറ്റിംഗ് എക്യുപ്‌മെന്റ് കമ്പനി ലിമിറ്റഡ് കരാറിന്റെ ഭാഗമായി ഭൂതത്താൻകെട്ട് പദ്ധതിക്കുവേണ്ടി പ്രത്യേകമായി നിർമ്മിച്ച മൂന്ന് ടർബൈനുകളും മൂന്ന് ജനറേറ്ററുകളും ചൈനയിലെ തന്നെ ചാങ്ഷാ ഷിംഗ്ഹ്യു എന്നൊരു കമ്പനിക്ക് മറിച്ച് വിറ്റതായും അതിനാൽ ജനറേറ്ററുകളും, ടർബൈനുകളം ഇനി ഈ കമ്പനിയിൽ നിന്ന് വേണം വൈദ്യുതി ബോർഡ് വാങ്ങാൻ എന്ന് പ്രധാന കരാറുകാരൻ ബോർഡിനെ അറിയിക്കുന്നു. മാത്രമല്ല കരാർ പ്രകാരം ഉപകരണം നൽകാൻ ബാധ്യതയുള്ള ഹുനാൻകമ്പനി പാപ്പരായതായി (Bankruptey) രേഖയുണ്ടാക്കുന്നു. എസ്.എസ്.ഇ.ബി വൈദ്യുതി ബോർഡിനുവേണ്ടിയെടുത്ത പണം ചൈനകമ്പനിക്ക് കൊടുത്തില്ലെന്നവർ പറയുന്നു.

ഭൂതത്താൻകെട്ട് പദ്ധതിയുടെ പവ്വർഹൗസ് അടക്കമുള്ള നിർമ്മിതികളുടെ പ്രത്യേകതയ്ക്കും, ബൾബ്, ടർബൈൻ സാങ്കേതിവിദ്യക്കും അനുസൃതമായി നിർമ്മിച്ച ജനറേറ്ററുകളും ടർബൈനുകളും മറ്റെവിടെയും ലഭിക്കില്ലെന്നും പദ്ധതി പൂർത്തിയാക്കണമെങ്കിൽ SSEB ആവശ്യപ്പെടുന്ന അധികത്തുക ഉപകരണങ്ങൾ ഇപ്പോൾ കൈവശം വച്ചിരിക്കുന്ന ചാങ്ഷാ ഷിംഗ്ഹ്യു എന്ന കമ്പനിക്ക് നൽകി ഉപകരണങ്ങൾ വാങ്ങിയേ പറ്റൂ എന്നൊരു നിസ്സഹായ അവസ്ഥയിൽ കെ.എസ്.ഇ.ബിയെ കൊണ്ട്‌ചെന്നെത്തിച്ചു.

2024 ആഗസ്റ്റിലാണ് പദ്ധതിക്കുവേണ്ടി നിർമ്മിച്ച ഉപകരണങ്ങൾ തങ്ങൾ മറ്റൊരു കമ്പനിക്ക് വിറ്റതായി കൺസോർഷ്യത്തിൽ പങ്കാളിയായിരുന്ന ഹുനാൻ കമ്പനി കെ.എസ്.ഇ.ബി യെ അറിയിച്ചത്. ഇതിന് പിന്നാലെ ചാങ്ഷാ ഷിംഗ്ഹ്യു ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കൽ എക്യുപ്‌മെന്റ് കമ്പനി എന്ന  മറ്റൊരു സ്ഥാപനത്തിന്റെ പേരിൽ കെ.എസ്.ഇ.ബിക്ക് ഒരു മെയിൽ ലഭിക്കുന്നു. SSEB ചൈനയിലെ ഹുനാൻ കമ്പനിയോട് ഓർഡർ ചെയ്ത മൂന്നാമത്തെ ലോഡ് സാമഗ്രികൾ ഇറക്കുമതി ചെയ്യാൻ SSEB കമ്പനി തങ്ങളെ സമീപിച്ചുവെന്ന് കാണിച്ചുള്ള ഈ മെയിൽ സന്ദേശത്തിൽ ഉപകരണങ്ങളുടെ വിലയും സേവനങ്ങളുടെ നിരക്കും വ്യക്തമാക്കിയിരുന്നു. ഉപകരണങ്ങൾക്ക് 54 കോടി രൂപയാണ് പദ്ധതിയുമായി നേരിട്ട് ബന്ധമൊന്നുമില്ലാത്ത പുതിയ ചൈനീസ് കമ്പനി, അഡീഷണലായി വേണ്ടിവരും എന്ന് രേഖയിൽ കാണിച്ചത്. അതിനുപുറമെ ഉപകരണങ്ങൾ സ്ഥാപിക്കൽ, കമ്മീഷനിംഗ് തുടങ്ങിയവയുടെ മേൽനോട്ടത്തിനായി കമ്പനി അയയ്ക്കുന്ന ഓരോ പ്രതിനിധിക്കും ദിവസേന 50000/- വീതം ഫീസ് നൽകണമെന്നും ടി ഇ-മെയിലിൽ കാണിച്ചിരുന്നു. മാത്രമല്ല ഈ തുകയുടെ 75% മുൻകൂറായും ബാക്കി 25% ചൈനയിൽ നിന്ന് ചരക്ക് കപ്പലിലേക്ക് കയറ്റുന്നതിന് മുമ്പും നൽകുമെന്ന ഉറപ്പിൽ ലെറ്റർ ഓഫ് ക്രെഡിറ്റ് നൽകണമെന്നും ഈ രേഖയിൽ കാണിച്ചിരുന്നു. യഥാർത്ഥ കരാർപ്രകാരം SSEB കമ്പനിക്ക് 70.44 കോടി രൂപ കൈമാറിക്കഴിഞ്ഞതിനാൽ ചൈന കമ്പനിയെ മുൻനിർത്തി 55 കോടിയിലധികം രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.

അങ്ങനെ കെ.എസ്.ഇ.ബിയെ കനത്ത സമ്മർദ്ദത്തിലാക്കിയശേഷം പിൻവാതിൽ വഴി പുതിയ ചൈനീസ് കമ്പനിയെ വൈദ്യുതി ബോർഡിന്റെ മുൻപിലേക്ക് അവതരിപ്പിക്കുകയാണ് SSEB എന്ന പ്രധാന കരാറുകാരൻ ചെയ്തത്. ഭൂതത്താൻ കെട്ടിനുവേണ്ടി ആദ്യ യന്ത്രസാമഗ്രികൾ ഉണ്ടാക്കിയവരെ പാപ്പരാക്കി കാണിച്ച് അതേ ഉപകരണങ്ങൾ തന്നെ പുതിയ കമ്പനിയുടെ കൈവശമാണെന്ന് കാണിച്ച് അതിനുവേണ്ടി വിലപേശൽ നടത്തുകയാണ് പ്രധാന കരാറുകാരനും പുതിയ ചൈനീസ് കൂട്ടാളിയും ചേർന്ന് നടത്തിയത്.

ഒടുവിൽ പദ്ധതിയുടെ ഇലക്‌ട്രോ-മെക്കാനിക്കൽ പ്രവർത്തികളുടെ കരാർ റദ്ദാക്കാൻ 2025 ഏപ്രിൽ 19 ന് തീരുമാനമെടുത്തു. (BO(DB)No.187/2025(DGE/G2/AEE3/BHK/2023)എന്നിട്ടും കരാറുകാരൻ സഹകരിക്കുമോ എന്നറിയാൻ വീണ്ടും ചർച്ചകൾ നടന്നു. ഒടുവിൽ 2025 ഓഗസ്റ്റ് 5 ന് കൂടിയ കെ.എസ്.ഇ.ബി ഫുൾടൈം ഡയറക്ടർമാരുടെ യോഗത്തിൽ കരാറുകാരന്റെ (SSEB)റിസ്‌ക് ആന്റ് കോസ്റ്റിൽ കരാർ ടെർമിനേറ്റ് ചെയ്യാൻ അന്തിമമായി തീരുമാനിക്കുകയും (BO(FTD)No.403/2025(DGE/G2/AEE3/BHK/2023) ടെർമിനേഷൻ ഉത്തരവ് 11/08/2025 ന് കരാറുകാരന് നൽകുകയും ചെയ്തു. എന്നാൽ കരാറുകാരൻ SSEB ഇതിനെതിരെ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു. സിങ്കിൾ ബെഞ്ച് വൈദ്യുതി ബോർഡിന്റെ നടപടി ശരിവെച്ചു. കരാറുകാരൻ ഡിവിഷൻ ബഞ്ച്  മുമ്പാകെ റിട്ട് അപ്പീൽ നൽകി. വാദം കേട്ട ഡിവിഷൻ ബഞ്ച് കൂടിയാലോചനയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏതാനും ദിവസങ്ങൾ കൂടി അനുവദിച്ചു. തുടർന്ന് ഹൈക്കോടതി കെ.എസ്.ഇ.ബിക്കനുകൂലമായി വിധിച്ചു.

തുടർന്ന് ഭരണതലത്തിലുള്ള സമ്മർദ്ദവും കൂടി കണക്കിലെടുത്ത് പുതിയ ചൈനീസ് കമ്പനിയുടെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ട മൂന്നാം ഘട്ട ഉപകരണങ്ങളുടെ ഗുണനിലവാരം നേരിട്ട് പരിശോധിക്കുന്നതിനായി ഒരു വിദഗ്ദ്ധ സമിതിയെ ചൈനയ്ക്ക് അയയ്ക്കാൻ കെ.എസ്.ഇ.ബി മാനേജ്‌മെന്റ് 2025 ഒക്‌ടോബർ 17 ന് ഔദ്യോഗിക തീരുമാനം എടുത്തു. (BO No.696/2025)
കെ.എസ്.ഇ.ബി ജനറേഷൻ, ഇലക്ട്രിക്കൽ, സിവിൽ ഡയറക്ടറുടെ ചുമതലയുള്ള സജീവ് ജി എക്‌സിക്യുട്ടീവ് എൻജീനിയർമാരായ ജാസ്മിൻ ബാനും, കെ.ആർ. ജയശങ്കർ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയിലെ പ്രിൻസിപ്പൽ ചീഫ് എൻജിനീയറായിരുന്ന പ്രഭാത് കുരീൽ എന്നിവരായിരുന്നു സംഘടത്തിൽ ഉണ്ടായിരുന്നത്. ഈ സംഘത്തിന് മുമ്പിലും കമ്പനികൾ വൻതുക അധികം ലഭിക്കുന്നതിനുവേണ്ടിയുള്ള കടുത്ത നിബന്ധനകൾ വയ്ക്കുകയാണ് ഉണ്ടായത്. അവർ ആവശ്യപ്പെടുന്ന അധിക പണം നൽകിയില്ലെങ്കിൽ ഉപകരണങ്ങൾ നൽകില്ലെന്ന കരാർ ഏറ്റെടുത്ത SSEB യുടെ നിലപാടാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്.

ഇതിനകം മുടക്കിയ 169 കോടി രൂപ ഡെഡ്മണിയായി എന്നതിന് പുറമെ പ്രതിവർഷം 34 കോടി രൂപയുടെ വൈദ്യുതി ഉൽപ്പാദന നഷ്ടവും കേരളം നേരിട്ടുകൊണ്ടിരിക്കുകയാണ്. കരാർ പ്രകാരം പദ്ധതിയുടെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ വർക്കുകൾ പൂർത്തീകരിക്കേണ്ട 2016 ഓഗസ്റ്റ് 3 ന് ശേഷം 2025 ഒടുവിൽ വരെ SSEB എന്ന കമ്പനിയുടെ മാനേജ്‌മെന്റ് 9 വർഷത്തിലേറെ രാഷ്ട്രീയതലത്തിലും ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചെലുത്തിയ അവിഹിത സ്വാധീനവും അഴിമതി ഇടപാടുകളും മൂലമാണ് കേരളത്തിന് അഭിമാനമാകേണ്ടിയിരുന്ന ഭൂതത്താൻകെട്ട് പദ്ധതി 10 വർഷം  നീണ്ടുപോയതും സംസ്ഥാനത്തിന് വൻനഷ്ടം വരുത്തിവെച്ചതും, കരാറുകാരുടെ 2016 മുതലുള്ള ഇടപാടുകളും വൈദ്യുതി വകുപ്പിന്റെയും ബോർഡിന്റെയും ഇവരോടുള്ള സമീപനവും അടിമുടി ദുരൂഹമാണ്. ആയതിനാൽ സംസ്ഥാനത്തിന് ഇത്ര ഭീമമായ നഷ്ടം വരുത്തിയ ഇടപാടിനെതിരെ ഭൂതത്താൻ കെട്ട് ജലവൈദ്യുത പദ്ധതിയുടെ ഇലക്‌ട്രോമെക്കാനിക്കൽ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെക്കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് അനിയൻ മാത്യു ആവശ്യപ്പെട്ടിട്ടുള്ളത്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img