
ദോഹ: ഖത്തറിലെ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ലായി ഭവൻസ് പബ്ലിക് സ്കൂളിന്റെ മെസൈമീറിലെ അത്യാധുനിക ക്യാമ്പസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നവംബർ 26 വ്യാഴാഴ്ച നടന്ന ചടങ്ങിൽ മിസ്നാദ് കുടുംബത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് ബിൻ ഖാലിദ് ബിൻ നാസർ അൽ മിസ്നാദ്, ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നാമ, ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി, എബിഎൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ. മേനോൻ എന്നിവർ സംയുക്തമായാണ് ഉദ്ഘാടനം നിർവഹിച്ചത്.
ക്യാപിറ്റൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ ഹസ്സൻ ഖലീഫ സാൽമി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വിവിധ മന്ത്രാലയ പ്രതിനിധികൾ, വ്യവസായ-വാണിജ്യ, സാമൂഹിക-സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആധുനിക പഠനസൗകര്യങ്ങൾ
2026 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച പുതിയ ക്യാമ്പസിൽ 2,700 വിദ്യാർത്ഥികൾക്കായി ലോകോത്തര നിലവാരത്തിലുള്ള പഠന-കായിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 19,500 ചതുരശ്ര മീറ്റർ സ്ഥലത്ത് ഏകദേശം 26,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കെട്ടിടസമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
വിശാലവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ക്ലാസ് മുറികൾ, ആധുനിക സയൻസ്-കമ്പ്യൂട്ടർ ലാബുകൾ, വിപുലമായ ലൈബ്രറി, 750-ലധികം പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാൾ, നീന്തൽക്കുളം, കളിസ്ഥലങ്ങൾ, മൾട്ടി ലെവൽ പാർക്കിങ് സൗകര്യം എന്നിവ ക്യാമ്പസിന്റെ പ്രധാന ആകർഷണങ്ങളാണ്.ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായ മുന്നേറ്റം
വിദ്യാർത്ഥികളുടെ അറിവിനും സ്വഭാവരൂപീകരണത്തിനും മൂല്യബോധത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന പുതിയ വിദ്യാഭ്യാസ യാത്രയുടെ തുടക്കമാണിതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച എബിഎൻ കോർപ്പറേഷൻ ചെയർമാൻ ജെ.കെ. മേനോൻ പറഞ്ഞു. ഖത്തരി സംസ്കാരത്തിൽ വേരൂന്നിയ മൂല്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര കാഴ്ചപ്പാടും കുട്ടികേന്ദ്രീകൃത പഠനരീതിയും സമന്വയിപ്പിച്ച് അക്കാദമിക് മികവ് കൈവരിക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം. ഖത്തർ നാഷണൽ വിഷൻ 2030-ന് അനുസൃതമായി ആത്മവിശ്വാസവും സർഗാത്മകതയും ഉത്തരവാദിത്തബോധവുമുള്ള ആഗോള പൗരന്മാരെ വാർത്തെടുക്കാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാപകനെ അനുസ്മരിച്ച് നേതൃത്വം
എബിഎൻ ഗ്രൂപ്പ് സ്ഥാപക ചെയർമാനും ഖത്തറിലെ ഭവൻസ് വിദ്യാഭ്യാസ സംരംഭത്തിന് അടിത്തറ പാകിയ വ്യക്തിയുമായ പരേതനായ പത്മശ്രീ അഡ്വ. സി.കെ. മേനോനെ ജെ.കെ. മേനോൻ ചടങ്ങിൽ അനുസ്മരിച്ചു. 2006-ൽ പ്രവാസി ഭാരതീയ സമ്മാനും 2009-ൽ പത്മശ്രീയും നേടിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലകളിലെ അർപ്പണബോധവുമാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയത്.
ഖത്തർ ഭരണകൂടത്തിനും, സ്ഥാപനത്തിന്റെ ചീഫ് പാട്രൺ അലി ബിൻ നാസർ അൽ മിസ്നാദ്, പാട്രൺ ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സ്, മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
2010-ൽ സ്ഥാപിതമായ ഭവൻസ് പബ്ലിക് സ്കൂൾ, അൽ മിസ്നാദ് എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ ഭാരതീയ വിദ്യാഭവൻ ശൃംഖലയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളിൽ എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയായി 13 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. 145 അധ്യാപകർ ഉൾപ്പെടെ 255 ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. പുതിയ ക്യാമ്പസിലൂടെ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികളെയും അവസരങ്ങളെയും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് സ്കൂൾ ലക്ഷ്യമിടുന്നത്.










