03:21am 08 November 2026
NEWS
ഷെറിനോട് എന്ത് കരുതലാണീ സർക്കാരിന്!
08/04/2025  08:04 AM IST
nila
ഷെറിനോട് എന്ത് കരുതലാണീ സർക്കാരിന്!

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷെറിന് വീണ്ടും പരോൾ. 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ 500 ദിവസമാണ് ഷെറിന് പരോൾ ലഭിച്ചിരുന്നത്. ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെയാണ് ഷെറിന് സർക്കാർ ഇപ്പോൾ പരോൾ അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്ക് പരോളും മൂന്നു ദിവസം യാത്രയ്ക്കും എന്നതാണ് സർക്കാർ ഇപ്പോൾ ഷെറിന് നൽകിയ ആനുകൂല്യം. ഇപ്പോഴത്തെ പരോളിന് പിന്നിലും ഉന്നത ഇടപെടലെന്ന ആരോപണവും ശക്തമാണ്. 

ഷെറിന് ശിക്ഷയിളവ് നൽകി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് വലിയ വിവാ​ദങ്ങൾക്കാണ് വഴിതെളിച്ചത്. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം. ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് ഷെറിന് ശിക്ഷയിളവ് നൽകണമെന്നായിരുന്നു ജയിൽ ഉപദേശകസമിതിയുടെ ശുപാർശ. എന്നാൽ, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ വിവാ​ദം ഉയർന്നു. ഇതിനിടെസ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തതും ഇവർക്ക് തിരിച്ചടിയായി.

ഇവർക്ക് കൂടുതൽകാലം പരോൾ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിന് ജയിൽ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലിൽ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.

ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയൽ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോൾ നൽകി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img