08:11am 10 November 2026
NEWS
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രം: രാജ്ഭവൻ റിപ്പോർട്ട് തേടി, വിസി രജിസ്ട്രാറോട് വിശദീകരണം ആവശ്യപ്പെട്ടു
27/06/2025  06:59 PM IST
സുരേഷ് വണ്ടന്നൂർ
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രം: രാജ്ഭവൻ റിപ്പോർട്ട് തേടി, വിസി രജിസ്ട്രാറോട് വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം:   സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ ചിത്ര വിവാദത്തിൽ രാജ്ഭവൻ റിപ്പോർട്ട് തേടി. ഗവർണർ പങ്കെടുത്ത പരിപാടിക്ക് നൽകിയ അനുമതി റദ്ദാക്കിയത് സംബന്ധിച്ച പരാതിയിലാണ് രാജ്ഭവൻ വൈസ് ചാൻസലറോട് (വിസി) റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന്, വിസിയുടെ അനുമതിയില്ലാതെ ഡിജിപിക്ക് പരാതി നൽകിയ സംഭവത്തിൽ വിസി ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാറോട് വിശദീകരണം ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് നിർദേശം.

പത്മനാഭസേവ സമിതി നടത്തിയ പരിപാടിക്ക് സർവകലാശാല അനുമതി റദ്ദാക്കിയിട്ടും സെനറ്റ് ഹാൾ അനധികൃതമായി ഉപയോഗിക്കുകയും നിശ്ചിത പരിപാടിയുമായി മുന്നോട്ട് പോകുകയും ചെയ്ത പത്മനാഭ സേവാ സമിതി സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ, ഈ പരാതി വിസിയുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നുവെന്നാണ് വിവരം. സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥനും വിസിയുടെ അനുമതിയില്ലാതെ സർക്കാരിന് കത്തയക്കുകയോ പോലീസിന് പരാതി നൽകുകയോ ചെയ്യാറില്ല. ചില സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശപ്രകാരമാണ് രജിസ്ട്രാർ നേരിട്ട് പോലീസിൽ പരാതിപ്പെട്ടതെന്നാണ് സൂചന.
ഹാൾ അനുവദിക്കുന്നതിനുള്ള സർവകലാശാലയുടെ നിബന്ധനകൾ ലംഘിച്ചതോടെയാണ് കരാർ റദ്ദാക്കിയതെന്ന് സംഘാടകരെ അറിയിച്ചിരുന്നു.

 സെനറ്റ് ഹാളിൽ നിബന്ധനകൾക്ക് വിരുദ്ധമായി മതചിഹ്നങ്ങൾ ഉപയോഗിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്, സമിതിയുടെ സെക്രട്ടറിയായ വി. രവികുമാറിനെ നേരിൽ കണ്ട് ചിഹ്നങ്ങളും ചിത്രവും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രജിസ്ട്രാറുടെ നിർദേശങ്ങൾ വകവയ്ക്കാതെ സെനറ്റ് ഹാൾ ഉപയോഗിച്ചതിനാലാണ് ഹാളിന്റെ അനുമതി റദ്ദാക്കിയത്. വേദിയിൽ സ്ഥാപിച്ചിരുന്ന ഭാരതാംബയുടെ കാവിക്കൊടി പിടിച്ചുനിൽക്കുന്ന ചിത്രം വേദിയിൽ നിന്നും മാറ്റിയാൽ പരിപാടി നടത്താൻ അനുവദിക്കാമെന്ന് അറിയിച്ചെങ്കിലും സംഘാടകർക്ക് അത് സ്വീകാര്യമായിരുന്നില്ല. സർവകലാശാല നിശ്ചയിച്ചിട്ടുള്ള തുക അടച്ച് ഹാൾ ബുക്ക് ചെയ്ത ശേഷം അനുമതി റദ്ദാക്കുന്നതിൽ ന്യായീകരണമില്ലെന്നായിരുന്നു സമിതി ഭാരവാഹികളുടെ നിലപാട്.

വിസിയുടെ അനുമതി കൂടാതെ പരാതി നൽകിയ സാഹചര്യം, സെനറ്റ് ഹാൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ, യൂണിവേഴ്സിറ്റിക്ക് നേരിട്ട് ബന്ധമില്ലാത്ത ഒരു പൊതുപരിപാടിയിൽ രജിസ്ട്രാർ ഇടപെടാൻ ഉണ്ടായ സാഹചര്യങ്ങൾ, നിർദിഷ്ട പരിപാടി സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവ ഹാജരാക്കാനുള്ള നിർദ്ദേശം, ചാൻസലർ കൂടിയായ ഗവർണറുടെ പരിപാടി റദ്ദാക്കാനുള്ള കാരണം, റദ്ദാക്കി കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് എന്നിവയെല്ലാം ഹാജരാക്കാനാണ് വിസി രജിസ്ട്രാറോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് മുമ്പ് വ്യക്തമായ വിശദീകരണം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ അത് ഗൗരവതരമായി കണക്കാക്കുമെന്നും വിസി നൽകിയ കുറിപ്പിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img